|    Oct 29 Sat, 2016 5:03 am
FLASH NEWS

ബദാമിയിലെ ഭ്രാന്തന്‍ ശിലകള്‍

Published : 17th April 2016 | Posted By: sdq

badamiyile mad rocks

യാസിര്‍ അമീന്‍

യാത്രകള്‍ക്കകവും പുറവും യാത്രകള്‍ മാത്രമാണ്. ഇലത്തുമ്പില്‍ നിന്ന് മഞ്ഞുകണങ്ങള്‍ ഇറ്റിറ്റുവീഴുമ്പോലെ ലാവണ്യാത്മകമല്ല യാത്രകള്‍, അത് വൈശാഖത്തിലെ വെയിലേറ്റു വാടുന്ന ഇലയ്ക്കു താഴെ തണല്‍ തേടുന്നപോലെ ദാരുണവുമാണ്. അവസാനയാത്ര നിഴല്‍ തേടിയുള്ളതായിരുന്നു. പടപൊരുതി തോറ്റവരും ജയിച്ചവരുമായ ഗോത്രത്തലവന്മാര്‍ ഇട്ടേച്ചുപോയ സാംസ്‌കാരിക പൈതൃകത്തിന്റെ നിഴല്‍ തേടിയുള്ള യാത്ര. മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നില്ല സ്ഥലങ്ങളൊന്നും. വഴികള്‍ യാത്രികരെ തിരഞ്ഞെടുക്കുകയായിരുന്നു… റാഷിക്കയും അന്‍സറും അടക്കം ഞങ്ങള്‍ മൂന്നുപേരുടെ സംഘം.
ആറുമണിക്ക് കോഴിക്കോട്ടു നിന്ന് ബംഗളൂരു ബസ് കയറി. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാതെയാണ് യാത്ര തുടങ്ങിയത്. ബസ് സ്റ്റാന്റില്‍ നിന്നു പുറപ്പെട്ടത് മാത്രമേ എനിക്കോര്‍മയുള്ളൂ. പിന്നെ കണ്ണു തുറക്കുന്നത് ബത്തേരി കഴിഞ്ഞാണ്. അപ്പോള്‍ സമയം പത്തുമണി. സുല്‍ത്താന്‍ ബത്തേരി വിട്ടു, ബസ് വീണ്ടും മുന്നോട്ടു നീങ്ങി. റോഡിരികിലായി നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍, ആകാശത്തിലേക്കു വേരുകളിറക്കിയതു പോലെ ചില്ലകള്‍ വിടര്‍ത്തി നില്‍ക്കുന്നു, എണ്ണഛായാ ചിത്രം പോലെ. ബസ് അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഗുണ്ടല്‍പേട്ടും മൈസൂരുവും പിന്നിട്ട് ഏകദേശം നാലുമണിയോടെ ബംഗളൂരുവിലെത്തി. നേരെ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക്.
മൈസൂര്‍-ഗോല്‍ഗുമ്പാസ് എക്‌സ്പ്രസില്‍ സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ശിവരാത്രിയായതിനാല്‍ സ്‌റ്റേഷനില്‍ യാത്രക്കാരുടെ തിരക്കുണ്ട്. ഏഴുമണിയോടെ ട്രെയിന്‍ വന്നു. ബദാമിയാണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ട സ്‌റ്റേഷന്‍. രാവിലെ ഏഴുമണിയോടെയേ അവിടെ എത്തുകയുള്ളൂ. ക്ഷീണം കാരണം എല്ലാവരും പെട്ടെന്നുറങ്ങി. രാത്രി മുഴുവന്‍ നല്ല തണുപ്പായിരുന്നു. ഏഴുമണിയോടെ ബദാമി സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴും തണുപ്പു വിട്ടിട്ടില്ല.
സ്‌റ്റേഷനില്‍ നിറയെ കുരങ്ങന്‍മാരാണ്. പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയുടെ കമ്പിയിലൂടെ അവ ഊര്‍ന്നിറങ്ങി. ഞങ്ങള്‍ സ്റ്റേഷന് പുറത്തിറങ്ങി. ഓട്ടോകള്‍ നിരത്തി നിര്‍ത്തിയിരിക്കുന്നു. കന്നഡയില്‍ അവര്‍ ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അടുത്തു കണ്ട പള്ളി ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ നടന്നത്. മിനാരം മാത്രമേ കണ്ടിരുന്നുള്ളൂ, വഴി കണ്ടിരുന്നില്ല. ഒരു ഓട്ടോ ഞങ്ങളുടെ പിറകെ വന്നു. അറിയാവുന്ന മുറിഉര്‍ദുവില്‍ മസ്ജിദില്‍ പോവണം എന്നു പറഞ്ഞു. വെയ്റ്റ് ചെയ്യാം എന്നു പുള്ളി മറുപടിയും തന്നു. അയാള്‍ വാക്കു പാലിച്ചു.
ബദാമി ടൗണില്‍ പോവണം. ഓട്ടോക്കാരന് ഞങ്ങള്‍ നിര്‍ദേശം നല്‍കി. മെറ്റല്‍ മാത്രം പാകിയ റോഡിലൂടെ ഓട്ടോ കുതിച്ചു. ഇരുപുറവും പൊടിപാറി, ഞങ്ങള്‍ മുഖം പൊത്തി. കൂടുതല്‍ അലയാതെ ഒരു റൂമെടുത്തു. മലയാളിയായിരുന്നു ലോഡ്ജിന്റെ ഉടമ, തിരൂരങ്ങാടി സ്വദേശി മുഹമ്മദ് അലി. ശാന്തനായ മനുഷ്യന്‍. 10 വര്‍ഷമായി ബദാമിയില്‍ ബേക്കറി ബിസിനസ് നടത്തുന്നു. ബേക്കറിക്കു മുകളിലെ കെട്ടിടത്തിലുള്ള ഈ ലോഡ്ജ് സീസണില്‍ മാത്രമേ വാടകയ്ക്ക് കൊടുക്കാറുള്ളൂ. വളരെ പെട്ടെന്ന് ഞങ്ങള്‍ ഫ്രഷായി പുറത്തിറങ്ങി.

ഒരു പാറയില്‍ നിന്ന്
വിഷ്ണു, ശിവന്‍, മഹാവീരന്‍
ഏകദേശം നൂറുമീറ്റര്‍ നടന്നപ്പോഴേക്കും ബദാമി ഗുഹാക്ഷേത്രത്തിനു മുമ്പിലെത്തി. ഭീമന്‍ പാറയില്‍ തീര്‍ത്ത വലിയൊരു ഹാളാണ് പുറത്തുനിന്നു കണ്ടത്. ആകാശംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കരിമ്പാറക്കെട്ടുകളിലാണ് നാലോളം ഗുഹാക്ഷേത്രങ്ങള്‍ കൊത്തിയിരിക്കുന്നത്. അഹംബോധം തുരന്ന് മനുഷ്യനിലെ ദൈവികതയെ സ്പര്‍ശിക്കുന്ന മിസ്റ്റിക്കുകളെ പോലെ, ശില്‍പികള്‍ കരിമ്പാറകള്‍ കൊത്തി ദേവാലയം കണ്ടെത്തിയതാവാം. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ അനേകം ശില്‍പങ്ങള്‍ക്കു നടുവില്‍ വാപൊളിച്ചു നില്‍ക്കുന്ന സിംഹം. ദാഹിച്ച് തൊണ്ടപ്പൊട്ടിക്കരയുന്ന ഉന്മാദിയുടെ ഉളികളില്‍ നിന്നായിരിക്കണം ഈ                    ഭ്രാന്തന്‍ ശില്‍പങ്ങളുടെ ജനനം.
ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒന്നാം ഗുഹാക്ഷേത്രത്തിലാണ്. ശൈവക്ഷേത്രമാണിത്. തറയില്‍ നിന്ന് 18 മീറ്റര്‍ ഉയരത്തിലുള്ള ഗുഹയില്‍ ശിവന്റെ വിവിധതരം ശില്‍പങ്ങള്‍. താണ്ഡവമാടുന്ന നടരാജശില്‍പത്തിന് അഞ്ചടിയോളം ഉയരമുണ്ട്. പാതി വിഷ്ണുവായ ശിവന്റെ ശില്‍പത്തിനു കൂട്ടായി ഗണേശനും പാര്‍വതിയും. അപ്പോള്‍ കേട്ട പ്രാവിന്റെ ചിറകടിക്കു പോലും നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു തോന്നി.
ഒന്നാം ഗുഹാക്ഷേത്രദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ മുമ്പോട്ട് നടന്നു. കരിങ്കല്ലു പാകിയ പടികളിലൂടെ വേണം രണ്ടാം ഗുഹാക്ഷേത്രത്തിലേക്കു കടക്കാന്‍. തിരിഞ്ഞുനോക്കിയപ്പോള്‍, കാഴ്ചയുടെ രണ്ടുകോണിലായി നിറയെ കൊത്തുപണികളുള്ള ഭീമന്‍ പാറകള്‍, നടുവിലായി ബദാമി ടൗണിലെ കോണ്‍ക്രീറ്റ് കാടുകള്‍. ഒരേ കാഴ്ചയില്‍ പഴമയുടെ കുളിരും പുതുമയുടെ വെയിലും…
ഞങ്ങള്‍ രണ്ടാം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. വടക്കോട്ടു മുഖംതിരിഞ്ഞു നില്‍ക്കുന്ന ഈ ക്ഷേത്രം വിഷ്ണുവിനു വേണ്ടിയുള്ളതാണ്. വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ ശില്‍പവും ഈ ക്ഷേത്രത്തിലുണ്ട്. ഇടനാഴിയിലെ ഇരുവശത്തും വിഷ്ണുവിന്റെ ഭീമന്‍ ശില്‍പവും കാണാം. മൂന്നാമത്തെ ക്ഷേത്രവും വിഷ്ണുവിനു വേണ്ടിയുള്ളതാണ്. ഇവിടെ, ഇരുവശങ്ങളില്‍ വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തിന്റെ ശില്‍പമാണ് നമ്മെ സ്വീകരിക്കുക.
നാലാം ക്ഷേത്രം ജൈനമതത്തിനു വേണ്ടിയുള്ളതാണ്. ജൈനമതത്തിന്റെ 23ാമത്തെ തീര്‍ത്ഥശങ്കരനായ പാര്‍ശ്വനാഥന്റെ വലിയ ശില്‍പമാണ് ഇടനാഴിയുടെ ഇരുവശവും. പത്മാസനത്തിലുള്ള മഹാവീരന്റെ ശില്‍പമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഒരു പാറയില്‍ നിന്നാണ് ശിവനെയും വിഷ്ണുവിനെയും മഹാവീരനെയും കൊത്തിയത്. അതും 18 നൂറ്റാണ്ടുകള്‍ക്കു മുമ്പ്…
വെയിലിനു ചൂടു കൂടുന്നുണ്ട്. ഞങ്ങള്‍ തിരിച്ചു നടന്നു. പിന്നീട് പോയത് ഭൂതനാഥ ക്ഷേത്രത്തിലേക്കാണ്. വലിയൊരു കുളത്തിനു സമീപത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ചെമ്പാറയ്ക്കു താഴെയായി മണ്ഡപമാതൃകയില്‍ സാന്‍ഡ്‌സ്റ്റോണ്‍ കൊണ്ട് നിര്‍മിച്ച ക്ഷേത്രം. കവാടത്തിനു മാത്രമേ കരയുമായി ബന്ധമുള്ളൂ, ബാക്കി എല്ലാ പാര്‍ശ്വങ്ങളും കുളത്തിലേക്കാണ് ചെന്നെത്തുക. മഴക്കാലമായാല്‍ അമ്പലത്തിന്റെ മൂന്നു വശങ്ങളിലും വെള്ളം കയറും. കുളത്തിന് താഴേക്ക് ചെമ്പാറയില്‍ കൊത്തിയ പടികളുണ്ട്. വേനല്‍ കനത്താല്‍ മാത്രമേ അവ പ്രത്യക്ഷമാവാറുള്ളൂ.
നാലു ഗുഹാക്ഷേത്രങ്ങളില്‍ ഒതുങ്ങുന്നതല്ല ബദാമി. കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ കൊത്തിയ കൂത്തമ്പലം, പീരങ്കികള്‍ ഉപയോഗിക്കാന്‍ വേണ്ടി പ്രത്യേകമായി കൊത്തിയ ഭീമന്‍ ടവറുകള്‍, അങ്ങനെ ഒത്തിരി ചരിത്രശിലകള്‍ ഇനിയുമുണ്ട്. ഭീമാകാരമായ പാറകള്‍ക്കു നടുവിലൂടെ കൊത്തിയുണ്ടാക്കിയ ചെറിയ കൈവരിപ്പാത കടന്ന് ഗുഹകളിലും കൂത്തമ്പലങ്ങളിലും കയറിയിറങ്ങി.
ബദാമിയിലെ സ്ട്രീറ്റ് ഫുഡ് അതീവ രുചികരമാണ്. മധുരപ്രിയരാണ് നാട്ടുകാര്‍. സ്ട്രീറ്റ്ഫുഡ് തേടിയുള്ള യാത്രയ്‌ക്കൊടുവിലാണ് മുഹമ്മദ്ക്കയുടെ ബേക്കറിയിലെത്തിയത്. ഷാര്‍ജ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഷാ അലിയുടെ ബിജാപൂരില്‍ പോയിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ കാണാതെ പോയാല്‍ വലിയ നഷ്ടമായിരിക്കുമെന്ന് പറഞ്ഞു. ബദാമിയില്‍ നിന്നു രണ്ടര മണിക്കൂര്‍ ദൂരം. എങ്കില്‍ പോവുകതന്നെ. ഷാ അലിയുടെ ബിജാപൂരിലേക്ക്. ഗോല്‍ഗുമ്പയും ഇബ്രാഹീം റോസയും മിഹ്‌റാബ് നിറയെ സ്വര്‍ണലിപിയാല്‍ ഖുര്‍ആന്‍ കൊത്തിവച്ച ജുമാമസ്ജിദുമുള്ള ബിജാപൂരിലേക്ക്. യാത്രകള്‍ തുടരട്ടെ…

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day