|    Oct 28 Fri, 2016 11:54 am
FLASH NEWS

ബംഗ്ലാദേശ് പുകയുന്നതിനു പിന്നില്‍

Published : 4th July 2016 | Posted By: SMR

അയല്‍രാജ്യമായ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ അനുദിനം മോശമാവുന്നതായാണ് അവിടെനിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. രാജ്യം അരാജകത്വത്തിലേക്കും നിയമരാഹിത്യത്തിലേക്കും സഞ്ചരിക്കുകയാണെന്ന തോന്നല്‍ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ശക്തിപ്പെട്ടിരിക്കുന്നു. ഭരണകൂടത്തിന്റെ ആശിര്‍വാദത്തോടെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടു നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളും അപ്രഖ്യാപിത അറസ്റ്റുകളും കസ്റ്റഡിമരണങ്ങളും ഒരുഭാഗത്ത് നിര്‍ബാധം അരങ്ങേറുന്നു. മറുഭാഗത്ത് നിഗൂഢതയേറിയ സായുധസംഘങ്ങള്‍ രാജ്യത്തെ നാസ്തികരെയും ഇസ്‌ലാംവിരുദ്ധരെയും പൂജാരിമാരെയും കൊലപ്പെടുത്തുന്നു. ആ പരമ്പരയിലെ ഏറ്റവും നികൃഷ്ടമായ ഒരാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.
തലസ്ഥാന നഗരിയായ ധക്കയിലെ അതീവ സുരക്ഷയുള്ള നയതന്ത്രമേഖലയിലെ ഒരു ഭക്ഷണശാലയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിനിയടക്കം 20 പേര്‍ കൊല്ലപ്പെട്ടു.
1971ല്‍ ശെയ്ഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നിലവില്‍ വന്നതിനുശേഷം രാഷ്ട്രീയ അസ്ഥിരതയുടെയും ഏകാധിപത്യത്തിന്റെയും നാളുകളിലൂടെയാണ് രാജ്യം ഏറിയപങ്കും സഞ്ചരിച്ചത്. രാജ്യം നിലവില്‍ വന്ന് അധികനാളുകള്‍ കഴിയും മുമ്പേ രാഷ്ട്രപിതാവായ മുജീബുര്‍റഹ്മാനും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും സ്വന്തം പട്ടാളക്കാരാല്‍ വധിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന അന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതാണ്. 2009ല്‍ അധികാരമേറ്റതു മുതല്‍ ശെയ്ഖ് ഹസീന തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ പ്രതികാരനടപടികള്‍ക്കാണു മുന്‍ഗണന നല്‍കിയത്. 1973ല്‍ പ്രഖ്യാപിക്കപ്പെട്ട പൊതുമാപ്പ് പ്രകാരവും 1974 ഏപ്രിലില്‍ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ചേര്‍ന്നു ഡല്‍ഹിയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരവും ആഭ്യന്തരയുദ്ധത്തില്‍ അക്രമങ്ങള്‍ ചെയ്ത എല്ലാവര്‍ക്കുമെതിരായ നിയമനടപടികള്‍ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍, ശെയ്ഖ് ഹസീന രാഷ്ട്രീയ പ്രതികാരബുദ്ധിയോടെ സാത്വികരും വൃദ്ധരുമായ ജമാഅത്ത്, ബിഎന്‍പി നേതാക്കളെ തൂക്കിലേറ്റുന്ന നടപടികള്‍ക്കാണ് തുടക്കമിട്ടത്. എല്ലാ അംഗീകൃത നീതിമാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി രൂപംകൊടുത്ത ഒരു പ്രത്യേക കോടതി നടത്തുന്ന യുദ്ധക്കുറ്റ വിചാരണ വെറും പ്രഹസനമാണെന്ന വിമര്‍ശനം നിരവധി കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടും അതു വകവയ്ക്കാതെ മുന്നോട്ടുപോവുകയാണ് അവാമിലീഗ് ഭരണകൂടം. ഈയിടെ ബംഗ്ലാദേശ് സന്ദര്‍ശിച്ച ഒരു ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗം അവിടെ മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ചുരുക്കത്തില്‍ ബംഗ്ലാദേശ് എന്ന രാജ്യം ഭരണകൂടത്തിന്റെ വ്യവസ്ഥാപിത ഭീകരതയുടെയും സായുധസംഘങ്ങളുടെ അനൗപചാരിക ഭീകരതയുടെയും പിടിയില്‍ അകപ്പെടുകയാണെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ബംഗ്ലാദേശുമായി നല്ല സൗഹൃദമുള്ള നമ്മെ സംബന്ധിച്ചിടത്തോളം ഏറെ ഉല്‍ക്കണ്ഠയുളവാക്കുന്നതാണീ സംഭവവികാസങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 291 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day