|    Dec 9 Fri, 2016 1:13 pm

ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ നോട്ട് വിവാദം പ്രചാരണ വിഷയം

Published : 14th November 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അടുത്തു നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രധാന പ്രചാരണ വിഷയം. കുച്ച് ബിഹാര്‍ ജില്ലയിലെ കുച്ച് ബിഹാര്‍, പൂര്‍വ മോദിനിപൂര്‍ ജില്ലയിലെ തംലുക് ലോക്‌സഭാ മണ്ഡലങ്ങളിലും മൊണ്ടേശ്വര്‍ നിയമസഭാ സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പ്.  ഈ മാസം 19നാണ് വോട്ടെടുപ്പ്.കുച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി രേണുക സിന്‍ഹ, മൊണ്ടേശ്വര്‍ എംഎല്‍എ സാജന്‍ പാഞ്ച എന്നിവരുടെ മരണവും തംലുക് എംപി സുവേന്ദ അധികാരി സംസ്ഥാന ഗതാഗത മന്ത്രിയാവാന്‍ വേണ്ടി രാജിവച്ചതും മൂലമാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയാണെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സും പ്രതിപക്ഷത്തെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി കക്ഷികളും അംഗീകരിക്കുന്നുണ്ട്.നോട്ടുകള്‍ അസാധുവാക്കിയത് രാജ്യത്തെ ജനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും തംലുക് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ദിബ്‌യേന്ദു അധികാരി പറഞ്ഞു. പ്രചാരണത്തിനും ഉച്ചഭാഷിണിക്കും മറ്റു കാര്യങ്ങള്‍ക്കും കൊടുക്കാന്‍ പണമില്ല. വേണ്ടത്ര ബാങ്കിങ് സൗകര്യമില്ലാത്ത തംലുക് മണ്ഡലത്തിലെ പാവപ്പെട്ട കര്‍ഷകര്‍ യാതൊരു വഴിയുമില്ലാതെ കഷ്ടപ്പെടുകയാണ്. അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ ജനങ്ങള്‍ നിരാശരാണെന്നു സിപിഎം നേതാക്കളും പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടത്ര ഭക്ഷണവും ചികില്‍സാ സൗകര്യങ്ങളും കിട്ടാത്ത അവസ്ഥയാണെന്ന് സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും ഇതേ തരത്തിലാണു പ്രതികരിച്ചത്. എന്നാല്‍, ബിജെപി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും പറയുന്നത് ശരിയല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളിലെ വോട്ടര്‍മാര്‍ സന്തുഷ്ടരാണ്. അവര്‍ ബിജെപിയെ വിജയിപ്പിക്കും.  നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിനു പിന്തുണ നല്‍കുക മാത്രമല്ല; തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരേയും അവര്‍ വോട്ട് ചെയ്യും. അദ്ദേഹം പറഞ്ഞു. കള്ളപ്പണവും വെള്ളപ്പണവുമല്ല പ്രശ്‌നമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവിനു പണം എങ്ങനെ സ്വരൂപിക്കുമെന്നതാണെന്നും മൊണ്ടേശ്വര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബുള്‍ബുള്‍ അഹ്മദ് ഷെയ്ഖ് പറഞ്ഞു. കള്ളപ്പണ വിഷയത്തിനു പുറമെ അടുത്തിടെ ദുര്‍ഗപൂജ, മുഹര്‍റം ദിവസങ്ങളില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളും ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും വെവ്വേറെയാണ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day