|    Oct 24 Mon, 2016 10:47 am
FLASH NEWS

ബംഗളൂരുവില്‍ നിന്ന് ബസ്സില്‍ കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

Published : 15th February 2016 | Posted By: SMR

ആലുവ: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ജുവലറിയിലേക്ക് ബസ്സില്‍ കൊണ്ടു വരികയായിരുന്ന അഞ്ചു കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് അമ്രോഹ ജില്ലയില്‍ ധനൗര തെഹസീല്‍ ഷെയ്ക് ജാദ് ഗാര്‍ മുണ്ട റോഡില്‍ ഷമിം അന്‍സാരി(45)യെയാണ് ആലുവ എസ്‌ഐ പി എ ഫൈസലിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം ഉത്തര്‍പ്രദേശ് പോലിസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മൂന്നിന് രാത്രിയില്‍ ബംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്ക് വരികയായിരുന്ന സുരേഷ് കല്ലട ട്രാവല്‍സിന്റെ വോള്‍വോ ബസ്സിലായിരുന്നു സംഭവം. ബംഗളൂരുവിലുള്ള സോഹന്‍ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തിന്റെ എറണാകുളത്തുള്ള വില്‍പന ശാലകളില്‍ പ്രദര്‍ശിപ്പിച്ച് ഓര്‍ഡര്‍ ശേഖരിക്കുന്നതിനായി രാജസ്ഥാന്‍ സ്വദേശിയായ മഹേഷ്‌കുമാറിന്റെ കൈവശം കൊടുത്തു വിട്ട ഒന്നര കോടി രൂപയോളം വില വരുന്ന സ്വര്‍ണമാണ് അപഹരിച്ചത്. ബസ്സില്‍ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ മഹേഷ് ഉറങ്ങിപ്പോയി. പിന്നീട് വെളുപ്പിന് ആലുവയില്‍ എത്തി ഉണര്‍ന്നപ്പോഴാണ് ബാഗില്‍ നിന്നു സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ആലുവ പോലിസില്‍ അറിയിച്ച് ബസ്സും യാത്രക്കാരെയും പോലിസ് സ്റ്റേഷനില്‍ കൊണ്ടു വന്ന് വിശദമായി പരിശോധിച്ചെങ്കിലും ഫലമില്ലായിരുന്നു.
സോഹന്‍ ജ്വല്ലേഴ്‌സിന്റെ ഉടമസ്ഥന്‍ മഹേന്ദ്രകുമാര്‍ ഖട്ടാരിയയുടെ പരാതി പ്രകാരം ആലുവ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പി പി ഷംസിന്റ മേല്‍നോട്ടത്തില്‍ ആലുവ പോലിസ് ഇന്‍സ്‌പെക്ടര്‍ ടി ബി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്വര്‍ണം കൊണ്ടുവന്ന സെയില്‍സ് റെപ്രസന്റിറ്റീവിനെയും, ബംഗളൂരുവില്‍ നിന്നു ബസ് പുറപ്പെട്ടതിന് ശേഷം വഴിയില്‍ നിന്നു യാതൊരു രേഖകളുമില്ലാതെ കയറ്റിയ മൂന്ന് യാത്രക്കാരെയും, ജ്വല്ലറി ജീവനക്കാരെയും, ബസ് ജീവനക്കാരെയും കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ അന്വേഷണം നടത്തിയിരുന്നുത്. എന്നാല്‍ ഇതുകൊണ്ടു യാതൊരു പ്രയോജനവും ലഭിക്കാതെ വന്നതോടെയാണ് ബസ്സിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയത്. തുടര്‍ന്ന് ബസില്‍ മഹേഷിന്റെ മുന്‍ സീറ്റിലിരുന്ന രണ്ട് യാത്രക്കാരിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിച്ചെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിധ സൂചനയും ലഭിക്കാതിരുന്നതോടെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ തങ്ങി. നൂറോളം ട്രാവല്‍ ഏജന്‍സികളുടെ ഓഫിസുകളിലും അന്വേഷണം നടത്തിയതില്‍ ഇരുവരും ബംഗളൂരുവില്‍ നിന്നും മധുര, നെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്രചെയ്തതായി വിവരം ലഭിച്ചു.
എന്നാല്‍ ഇവര്‍ ട്രാവല്‍ ഏജന്‍സിയില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ വ്യാജ വിലാസത്തിലെടുത്തിരുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മടിവാള, കലാശിപാളയം തുടങ്ങിയ ട്രാവല്‍സുകളിലെ അന്നേ ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ചിത്രങ്ങള്‍ ലഭ്യമായത്. പിന്നീട് സൈബര്‍ സെല്‍ മുഖാന്തരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ആലുവ സബ് ഇന്‍സ്‌പെക്ടര്‍ പി എ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഉത്തര്‍പ്രദേശിലെത്തി പ്രതി ഷമിം അന്‍സാരിയുടെ വീടു കണ്ടെത്തി. എന്നാല്‍ വീട്ടില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുക ദുഷ്‌ക്കരമായതിനാല്‍ അമ്രോഹ ജില്ലയിലെ ധനൗര ടൗണില്‍ വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാഹനത്തിന് കുറുകെ പോലിസ് വാഹനം ഇട്ട് ഉത്തര്‍പ്രദേശ് പോലിസിന്റെ സഹായത്തോടു കൂടി അതിസാഹസികമായി പിടികൂടുകയായിരുന്നു.
ഷമിം അറസ്റ്റിലായ വിവരം അറിഞ്ഞ് ബന്ധുവായ കൂട്ടു പ്രതി വീട്ടില്‍ നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസ് ഷമീമിനെയുമായി കേരളത്തിലേക്ക് പോരുകയായിരുന്നു. മോഷണ മുതലില്‍ ഭൂരിഭാഗവും കൂട്ടു പ്രതി ആണ് വിറ്റഴിച്ചിരുന്നത്. ഈ പണം ഉപയോഗിച്ച് അയാള്‍ 10 ഏക്കറോളം മാവിന്‍ തോട്ടം വാങ്ങിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കണ്ട് കെട്ടുന്നതിനുള്ള നടപടി സ്വീകരിച്ചതായി പോലിസ് അറിയിച്ചു. ഷമിമിനു കിട്ടിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം മകന്‍ മുഖാന്തിരം വിറ്റഴിക്കുകയും ഇതില്‍ കിട്ടിയ പണത്തില്‍ രണ്ടു ലക്ഷം രൂപ മകന്റെ അക്കൗണ്ടിലും, ഷമീമിന്റെ അക്കൗണ്ടിലുമാണ് നിക്ഷേപിച്ചിരുന്നത്. രണ്ട് അക്കൗണ്ടുകളും പോലിസ് മരവിപ്പിച്ചു. മകനേയും ഈ കേസില്‍ പ്രതിയാക്കുമെന്ന് പോലിസ് പറഞ്ഞു. ഷമിമിന് എട്ടേക്കറോളം മാവിന്‍ തോട്ടവും, രണ്ട് ലോറി ഉള്‍പ്പെടെ നിരവധി വാഹനങ്ങളും ഉള്ളതായും പോലിസ് പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്ന ഫോട്ടോ ഫഌക്‌സ് ബോര്‍ഡുകള്‍ ഷമിം നാട്ടില്‍ വച്ചിട്ടുള്ളതായും പോലിസ് പറഞ്ഞു. കൂട്ടു പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇയാളും ഉടന്‍ പിടിയിലാവുമെന്നും പോലിസ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും ബംഗളൂരുവില്‍ എത്തി അന്തര്‍സംസ്ഥാന ബസ്സുകളില്‍ രാത്രി കാലങ്ങളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഹൈദരാബാദ്, നെല്ലൂര്‍, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വന്‍ സ്വര്‍ണ കവര്‍ച്ചകളിലെ പ്രതികളാണ് ഇരുവരും. മോഷണ മുതലുകള്‍ മകനാണ് വിറ്റഴിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day