|    Dec 8 Thu, 2016 3:35 am
FLASH NEWS

ഫുള്‍ഫോമില്‍ മിന്നി ചെല്‍സി ജയിച്ചു; ക്രിസ്റ്റിയാനോ ഡബിളില്‍ റയല്‍ നേടി

Published : 28th November 2016 | Posted By: SMR

മാഡ്രിഡ്/ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വമ്പന്‍ പോരാട്ടങ്ങളിള്‍ സൂപ്പര്‍ ടീമുകളായ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡും വിജയം സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റി 2-1 ന് ബ്യൂണ്‍ലിയെ തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് സണ്ടര്‍ലാന്റിനേയും മുക്കി. ചെല്‍സി 2-1 ന് ടോട്ടനത്തെ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്‌പോര്‍ട്ടിങ്ങ് ജിയോണെതിരേ  റലിന്റെ ജയം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു.  സ്പാനിഷ് ലീഗിലെ മറ്റു മല്‍സരങ്ങളില്‍ മലാഖ – ഡിപ്പോര്‍ട്ടീവോയെ കീഴ്‌പ്പെടുത്തിയപ്പോള്‍  വലന്‍സിയെ സെവില്ലയോട് 2-1 ന് കീഴടങ്ങി.
സൂപ്പര്‍ പോരില്‍ സിറ്റി നേടി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ബ്യൂണ്‍ലിയെ 2-1 നാണ് സിറ്റി കീഴ്‌പ്പെടുത്തിയത്. പോയിന്റ് പട്ടികയുടെ തലപ്പത്തെത്താന്‍ ചെല്‍സിയും ലിവര്‍പൂളും സിറ്റിയും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരം നടക്കുമ്പോള്‍ സിറ്റിക്ക് ജയിച്ചേ മതിയാകുവായിരുന്നുള്ളൂ.
ആധികാരിക ജയമാണ് സിറ്റി ഇന്നലെ ബ്യൂണ്‍ലിക്കെതിരേ നേടിയെടുത്തത്. മല്‍സരത്തിന്റെ 14ാം മിനിറ്റില്‍ ഡിയാന്‍ മാര്‍നിയിലൂടെ ആദ്യം വലകുലുക്കിയത് ബ്യൂണ്‍ലിയാണ്. ആദ്യ ഗോള്‍വഴക്കത്തോടെ കൂടുതല്‍ ഉണര്‍ന്നു കളിച്ച സിറ്റിക്കു വേണ്ടി സെര്‍ജിയോ അഗ്വൂറോ ആദ്യ ഗോള്‍ സ്വന്തമാക്കി ടീമിന് സമനില സമ്മാനിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 സമനിലയുമായാണ് കളിപിരിഞ്ഞത്.
രണ്ടാം പകുതിയുടെ 60ാം മിനിറ്റില്‍ അഗ്വൂറോ വീണ്ടും സിറ്റിയുടെ രക്ഷകനായി. അഗ്വൂറോയുടെ സൂപ്പര്‍ ഗോളില്‍ മല്‍സരം മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ 2-1 ന്റെ ജയവും സിറ്റി സ്വന്തമാക്കി.
രണ്ടടിച്ച് ലിവര്‍പൂള്‍ ജയിച്ചു
ആധികാരിക ജയമായിരുന്നു  സണ്ടര്‍ലാന്റിനെതിരേ ലിവര്‍പൂള്‍ സ്വന്തമാക്കിയത്. മികച്ച ഫോമില്‍ ലിവര്‍പൂള്‍ താരങ്ങള്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ 2-0 ന്റെ ജയവും ലിവര്‍പൂളിനൊപ്പം നിന്നു. ലിവര്‍പൂളിനു വേണ്ടി ഡിവോക്ക് ഓര്‍ഗിയും ജെയിംസ് മില്ലറും വലകുലുക്കി കരുത്തുകാട്ടി.
മികച്ച പോരാട്ടം തന്നെയാണ് ലിവര്‍പൂള്‍ കാഴ്ചവെച്ചത്. അക്രമണ ശൈലിയില്‍ ലിവര്‍പൂള്‍ താരങ്ങള്‍ കളിച്ചു മുന്നേറിയപ്പോള്‍ സണ്ടര്‍ലാന്റ് താരങ്ങള്‍ കാഴ്ചക്കാരായി ഒതുങ്ങിപ്പോയി. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നുയ ഇരു ടീമുകളും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഗോള്‍ വലകുലുക്കാന്‍ ആദ്യ പകുതിയില്‍ ആയില്ല.രണ്ടാം പകുതിയില്‍ 75ാം മിനിറ്റില്‍ ഓര്‍ഗി ലിവര്‍പൂളിനായി ആദ്യം വലകുലുക്കിയപ്പോള്‍ മല്‍സരത്തിന്റ 90ാം മിനിറ്റിലാണ് മില്ലര്‍ ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
ഒന്നാമതായി തന്നെ ചെല്‍സി
പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയുടെ ഒന്നാം സ്ഥാനമ ജയത്തോടെ ചെല്‍സി ഊട്ടി ഉറപ്പിച്ചു. ശക്തരായ ടോട്ടനം കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കരുത്തന്‍മാരായ ചെല്‍സിപ്പട വിജയം പിടിച്ചടക്കുകയായിരുന്നു. ചെല്‍സിക്കുവേണ്ടി പെഡ്രോയും വിക്ടര്‍ മോസസും വലകുലുക്കിയപ്പോള്‍ ടോട്ടനത്തിന്റെ നിര്‍ണായക ഗോള്‍ ക്രിസ്റ്റിയന്‍ എറിക്‌സന്റെ വകയായിരുന്നു.
ആദ്യ മിനിറ്റുകളില്‍ മുന്നിട്ടുനിന്നതിന് ശേഷമാണ് ടോട്ടനം കളി കൈവിട്ട് കളഞ്ഞത്. കളിയുടെ 11ാം മിനിറ്റില്‍ എറിക്‌സണ്‍ മികച്ച ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് ടോട്ടനത്തെ മുന്നിലെത്തിച്ചു. ഗോള്‍ നേട്ടത്തോടെ ടോട്ടനം പ്രതിരോധ നിര കൂടുതല്‍ മികവ് പുലര്‍ത്തിയപ്പോള്‍ ഗോള്‍ മടക്കാന്‍ ചെല്‍സി താരങ്ങള്‍ നന്നേ പാടുപെട്ടു. ആദ്യ പകുതി പിരിയാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ 45ാം മിനിറ്റിലാണ് പെട്രോയിലൂടെ ചെല്‍സി സമനില ഗോള്‍ നേടിയെടുത്തത്. രണ്ടാം പകുതിയില്‍ മികച്ച പ്രകടനത്തോടെ കളിയുടെ ആധിപത്യം നേടിയെടുത്ത ചെല്‍സി 51ാം മിനിറ്റില്‍ മോസസിലൂടെ ലീഡുയര്‍ത്തിയ ശക്തമായ ചെല്‍സി പ്രതിരോധകോട്ട ഭേദിക്കാനാകാതെ ടോട്ടനം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1 ന്റെ തോല്‍വി വഴങ്ങുകയായിരുന്നു.
ഗോള്‍മഴ പെയ്യിച്ച് സ്വാന്‍സിയ മിന്നി
ക്രിസ്റ്റല്‍ പാലസിനെതിരേ കളിമികവിന്റെ വിജയമാണ് സ്വാന്‍സിയ നേടിയെടുത്തത്. ഗോള്‍മഴപെയ്ത മല്‍സരത്തില്‍ 5-4 നാണ് സ്വാന്‍സിയ വിജയിച്ചത്. ഏഴു ഗോളുകള്‍ പിറന്ന രണ്ടാം പകുതിയില്‍ ആവേശ പോരാട്ടത്തിനൊടുവില്‍ ക്രിസ്റ്റര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
ക്രിസ്റ്റിയാനോ മാജിക്കില്‍ റയല്‍
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഡബിളടിച്ച് തിളങ്ങിന്നപ്പോള്‍ സ്‌പോര്‍ട്ടിങ് ജിയോണെതിരേ റയല്‍ മാഡ്രിഡിന് ജയം.മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ റൊണാള്‍ഡോയിലൂടെ റയല്‍ മുന്നിലെത്തി. മല്‍സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയെ ലക്ഷ്യം തെറ്റിക്കാതെ വലയിലെത്തിച്ച റൊണാള്‍ഡോ തുടക്കത്തിലെ തന്നെ സ്‌പോര്‍ട്ടിങ് ജിയോണിന് ഷോക്ക് നല്‍കി. 18ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഷോട്ട് വീണ്ടും സ്‌പോര്‍ട്ടിങ്ങിന്റെ പ്രതിരോധത്തെ തകര്‍ത്ത് ലക്ഷ്യം കണ്ടപ്പോള്‍ ആദ്യ പകുതിയില്‍ 2-1 ന്റെ ലീഡും റയല്‍ സ്വന്തമാക്കി. 35ാം മിനിറ്റില്‍ കാര്‍ലോസ് കരോമയാണ് സ്‌പോര്‍ട്ടിങ്ങിന്റെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day