|    Dec 4 Sun, 2016 7:47 pm

ഫിദല്‍: ഓര്‍മകളില്‍ തേങ്ങി ക്യൂബ; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോകനേതാക്കള്‍

Published : 28th November 2016 | Posted By: SMR

ഹവാന: വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് ക്യൂബ. ഒമ്പതു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി വൈകിയാണ് കാസ്‌ട്രോയുടെ മരണവാര്‍ത്ത ക്യൂബ ഔദ്യോഗികമായി പുറത്തുവിട്ടത്. ഡിസംബര്‍ നാലിന് സാന്റിയാഗോയിലാണ് സംസ്‌കാരച്ചടങ്ങുകള്‍. സാന്റിയാഗോയിലെത്തിച്ച ഭൗതിക ശരീരത്തിനുമുന്നില്‍ ഇന്നുമുതല്‍ ആദരാഞ്ജലികളര്‍പ്പിക്കാം.
വിവിധ ലോക നേതാക്കളും കാസ്‌ട്രോക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു. എന്നാല്‍, കാസ്‌ട്രോ ഒരു ക്രൂരനായ ഏകാധിപതിയാണെന്നാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ ജനതയ്ക്ക് എങ്ങനെയാണ്, എത്രത്തോളമാണ് പ്രധാനപ്പെട്ടതെന്ന് വിശദീകരിക്കാന്‍ പ്രയാസമാണെന്ന് ക്യൂബയില്‍ നിന്നുള്ള വാര്‍ത്തകളില്‍ കാണാം. കാസ്‌ട്രോയെ പ്രിയപ്പെട്ട വിപ്ലവകാരിയെന്നോ, വിമോചകനെന്നോ കരുതുന്നവരും സ്വേച്ഛാധിപതിയെന്നു കരുതുന്നവരും ക്യൂബയിലുണ്ടാവും. എന്നാല്‍, ക്യൂബക്കാരുടെ പതിറ്റാണ്ടുകളായുള്ള ജീവിതത്തില്‍ കാസ്‌ട്രോക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. അവസാന കാലങ്ങളില്‍ ഒലിവ് ഗ്രീന്‍ വേഷത്തിനു പകരം ട്രാക്ക് സ്യൂട്ടുകളില്‍ കൂടുതലായി കാണുന്ന 90കളിലെത്തിയ കാസ്‌ട്രോ വിടപറഞ്ഞെന്ന യാഥാര്‍ഥ്യം വിശ്വസിക്കാനും ക്യൂബ പ്രയാസപ്പെടുന്നു.
1950കളില്‍ ഫിദല്‍ കാസ്‌ട്രോ പഠിച്ചിരുന്ന നിയമ വിദ്യാഭ്യാസ കേന്ദ്രത്തിനു മുന്നില്‍ അദ്ദേഹത്തിന്റെ ചിത്രവും ക്യൂബന്‍ പതാകകളുമേന്തി വിദ്യാര്‍ഥികളെത്തി അഭിവാദ്യമര്‍പ്പിച്ചു. ഹവാന നഗരവാസികള്‍ മൂകമായി ദുഃഖം രേഖപ്പെടുത്തി. അതേസമയം, യുഎസിലെ ഫ്‌ളോറിഡയില്‍ കാസ്‌ട്രോ വിരുദ്ധരായ ക്യൂബന്‍- അമേരിക്കന്‍ വിഭാഗക്കാര്‍ രണ്ടാംദിവസവും ആഹ്ലാദപ്രകടനം തുടര്‍ന്നു. കാസ്‌ട്രോ ഭരണകാലത്ത് ക്യൂബ വിട്ടവരും പുറത്താക്കപ്പെട്ടവരുമാണ് ഫ്‌ളോറിഡയിലെ മയാമിയില്‍ കുടിയേറിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day