|    Oct 24 Mon, 2016 10:54 am
FLASH NEWS

ഫാഷിസത്തിനെതിരെ ശബ്ദിക്കാതിരിക്കുന്നത് ക്രിമിനല്‍ കുറ്റം

Published : 1st February 2016 | Posted By: swapna en

പി കെ പാറക്കടവ്

fascism

ഈയിടെ പ്രകാശ് കാരാട്ട് കോഴിക്കോട്ട് വന്നപ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായും എഴുത്തുകാരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയിലെ 250 ഓളം എഴുത്തുകാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍, അവര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയപ്പോള്‍, സ്ഥാനപദവികള്‍ രാജിവെച്ചപ്പോള്‍, ചലച്ചിത്ര പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും അവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ അതൊരു പ്രതിഷേധജ്വാലയായി വളര്‍ത്തിയെടുക്കാന്‍ എന്തുകൊണ്ട് ഇടതുപക്ഷത്തിന് കഴിഞ്ഞില്ലായെന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എഴുത്തുകാരുടെ പ്രതികരണം ഫാഷിസത്തിനെതിരെയുള്ള ഒരു മുന്നേറ്റമായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പ്രകാശ് കാരാട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ ഞങ്ങള്‍ ഒരു ഭാഗത്ത് ചേര്‍ന്നാല്‍ തെറ്റായ രീതിയിലാണത് വ്യാഖ്യാനിക്കപ്പെടുക. അതുകൊണ്ടാണ്, ഞങ്ങള്‍ അത് ഏറ്റെടുക്കാതിരുന്നത്. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’.

അനീതിക്കെതിരെ പൊരുതാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന മുഴുവന്‍ ജനങ്ങളെയും ഐക്യപ്പെടുത്തേണ്ട നിര്‍ണ്ണായകമായ ഒരു സന്ദര്‍ഭമാണ്. അപ്രഖ്യാപിതമായ, അദൃശ്യമായ ഒരു അടിയന്തിരാവസ്ഥയിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. അസഹിഷ്ണുതയുടെ വിദ്വേഷപ്രകടനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് ജനാധിപത്യ വിരുദ്ധ പ്രവണതയാണ്. ഇത് എന്റെ മാത്രം അഭിപ്രായമല്ല, ബിജെപിയുടെ സമുന്നത നേതാവായ എല്‍കെ അദ്വാനിയുടെ അഭിപ്രായം അതുതന്നെയാണ്. മുംബൈയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിലായിരിക്കെ സുധീന്ദ്ര കുല്‍ക്കര്‍നിക്കു നേരെ കരിയോയില്‍ ഒഴിച്ച പശ്ചാത്തലത്തിലാണ് അദ്വാനി ആ പ്രസ്താവന നത്തിയത്. തീരുമാനമെടുക്കാന്‍ അധികാരമുള്ളത് ശിവസേനക്ക് മാത്രമാണ്.

ഏത് പുസ്തക പ്രകാശനമാണ് നടക്കേണ്ടത്, ആരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടത് എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കാണ്. ഏതു സിനിമ റിലീസ് ചെയ്യണം, ആരിവിടെ പാടണം, ഏത് ഭക്ഷണം കഴിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയും വര്‍ഗ്ഗീയ ശക്തികളുടെ കുത്തകയായിത്തീരുകയും ചെയ്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്ന് പറഞ്ഞ് മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊല്ലുകയുണ്ടായി. ഇന്ത്യാ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന സൈനികരില്‍ ഒരാളുടെ പിതാവാണ് മുഹമ്മദ് അഖ്‌ലാഖെന്ന് നാം മനസ്സിലാക്കണം. രാജ്യസ്‌നേഹം പറയുന്നവര്‍ ഒരു ഇന്ത്യന്‍ സൈനികന്റെ പിതാവിനെയാണ് അടിച്ചുകൊന്നത്. 90 വയസ്സുള്ള ഒരു ദളിതനെ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്ന കാരണത്താല്‍ യുപിയില്‍ തീയിട്ടുകൊന്നു. പഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കര്‍ണാടകയില്‍ കല്‍ബുര്‍ഗിയെ വെടിവെച്ചുകൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കിടെയായിരുന്നു പന്‍സാരെ കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവില്‍ അവര്‍ കര്‍ണാടകയിലെ ഒരു യുവ ദളിത് എഴുത്തുകാരന്റെ കൈ വെട്ടിയിരിക്കുന്നു. ജാതിവ്യവസ്ഥക്കെതിരെ ‘ഒടലക്കിച്ചു’ എന്ന ഒരു പുസ്തകം അദ്ദേഹം എഴുതി എന്നതാണ് കാരണം. ഉള്ളിലുള്ള അഗ്നി എന്നാണ് ഒടലക്കിച്ചു എന്ന വാക്കിന്റെ അര്‍ഥം. ഒരു ഗവേഷക വിദ്യാര്‍ഥിയാണദ്ദേഹം.ഗുലാം അലി പാടരുതെന്നും എംഎം ബഷീര്‍ രാമായണത്തെക്കുറിച്ച് എഴുതരുതെന്നും ഫാഷിസ്റ്റുകള്‍ വിധി കല്പിക്കുന്നു. പെരുമാള്‍ മുരുകന് എഴുത്ത് നിര്‍ത്തേണ്ടി വന്നു.

ജനങ്ങളെ ഭയപ്പെടുത്തുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ത്യയിലെ എഴുത്തുകാര്‍ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ത്തിയത്. മൂന്നു പേരാണ് കേരളീയരില്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗങ്ങളായിട്ടുള്ളത്. സി രാധാകൃഷ്ണനും ഡോ. കെഎസ് രവികുമാറും ഞാനും. ഡോ. കെഎസ് രവികുമാറും ഞാനും രാജിവെച്ചു. അവശേഷിക്കുന്നത് സി രാധാകൃഷ്ണന്‍ മാത്രമാണ്. സാറാജോസഫ് അവരുടെ പുരസ്‌കാരം തിരിച്ചുനല്‍കി. ആനന്ദ് പട്‌വര്‍ധന്‍, അരുന്ധതി റോയി തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്തു. ലോകപ്രശസ്ത കവി സച്ചിദാനന്ദന്‍ സ്ഥാനങ്ങള്‍ രാജിവെച്ചു. പഞ്ചാബിലും കര്‍ണ്ണാടകയിലും ഹരിയാനയിലും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുവന്നു. അസഹിഷ്ണുത ഇന്ത്യയെ വിഴുങ്ങുമ്പോള്‍ അതിനെതിരെ ഒരു പ്രതിഷേധ പ്രമേയം പോലും പാസാക്കാന്‍ സന്നദ്ധമാകാത്ത കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്ന് ആത്മാഭിമാനമുള്ള എഴുത്തുകാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാര്‍, സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍, ചരിത്രകാരന്മാര്‍ ആ വഴി പിന്തുടര്‍ന്നു.

ഷാരൂഖ് ഖാനും ആമിര്‍ ഖാനും പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ നിങ്ങള്‍ പാകിസ്താനിലേക്ക് പോകൂ എന്നാണ് ഇന്ത്യയിലെ ഭരണകൂടം അവരോട് പറഞ്ഞത്. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മുസ്‌ലിംകളെ താക്കീത് ചെയ്തു. ഈ ജല്‍പനങ്ങള്‍ കേട്ടാല്‍ തോന്നും ഇന്ത്യ ഇവരുടെയൊക്കെ അമ്മായിയപ്പന്മാര്‍ ഇവര്‍ക്കൊക്കെ സ്ത്രീധനമായി കൊടുത്തതാണെന്ന്. ഒരു രാഷ്ട്രീയ നേതാവും നിവര്‍ന്നു നിന്നുകൊണ്ട് ഇവരെ ചോദ്യം ചെയ്തില്ല എന്നത് എത്ര മേല്‍ ലജ്ജാകരമായ ഒരു അനുഭവമാണ്. ഇന്ത്യയിലെ വിപ്ലവകാരികള്‍ എന്തുകൊണ്ട് ഈ ചോദ്യം ഉന്നയിച്ചില്ല. പാര്‍ലമെന്റില്‍ ഈ ചോദ്യം ഉന്നയിക്കാന്‍ ഇടതുപക്ഷക്കാരില്‍ നട്ടെല്ലുള്ള ഒരാളും ഉണ്ടായില്ല.പക്ഷേ എനിക്ക് ആഹ്ലാദമുണ്ട്. ഈ രാജ്യത്തെ ജനങ്ങള്‍ ഉണരുകയാണ്. ഫാഷിസം അല്പായുസ്സാണ്. ഫാഷിസത്തിന്റെ അടിത്തട്ട് ഇളക്കി ജനരോഷം പതുക്കെപ്പതുക്കെയങ്കിലും ആളിക്കത്താന്‍ തുടങ്ങുകയാണ്.

ഇവിടെ സംവാദമാണ് ആവശ്യമെന്ന് രാഷ്ട്രപതി പറയുന്നു. പക്ഷേ, ഇവിടെ എവിടെയാണ് സംവാദത്തിനുള്ള അവസരം. ഒരു മനുഷ്യന്‍ ഫ്രിഡ്ജില്‍ ഗോമാംസം സൂക്ഷിച്ചുവെന്നറിഞ്ഞ് അദ്ദേഹത്തെ അടിച്ചുകൊല്ലുമ്പോള്‍ എങ്ങനെയാണ് ഒരു സംവാദം സാധ്യമാവുക? ക്ഷേത്രം സന്ദര്‍ശിച്ചയാള്‍ ദളിതനായതിന്റെ പേരില്‍ തീയിട്ടു കൊല്ലപ്പെടുമ്പോള്‍ സംവാദത്തിന് എവിടയൊണ് സമയവും സന്ദര്‍ഭവും. ഫാഷിസ്റ്റുകള്‍ സംവാദത്തിനുള്ള ഇടം അവശേഷിപ്പിക്കുന്നില്ല. അവര്‍ ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട് നേരിടുന്നു, അക്ഷരങ്ങളെ തോക്കുകള്‍ കൊണ്ടു നേരിടുന്നു. പക്ഷേ വിജയം എപ്പോഴും ഫാഷിസ്റ്റുകള്‍ക്കായിരിക്കുകയില്ല. എന്നെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേതീരൂ എന്ന കടമ്മനിട്ടയുടെ ഒരു കവിതയുണ്ട്.

പ്രതിഷേധ ശബ്ദങ്ങളുയര്‍ത്തി കേരളത്തിലെ എഴുത്തുകാര്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. പക്ഷേ, മുതിര്‍ന്ന എഴുത്തുകാര്‍ ഇപ്പോഴും നിശ്ശബ്ദതയിലാണ്. ഷാരൂഖ് ഖാന്റെയും ആമിര്‍ ഖാന്റെയും രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയുണ്ടായി. നമ്മുടെ നാട്ടിലും പ്രഗല്‍ഭന്മാരായ നടന്മാരുണ്ട്. പക്ഷേ, അവരൊന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നില്ല. ഒരു കലാകാരന്‍ മൗനം അവലംബിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഫാഷിസ്റ്റ് കാലത്ത് മുട്ടുമടക്കി ജീവിക്കുന്നതിനെക്കാള്‍ നല്ലത്  നിവര്‍ന്നു നിന്ന് മരിക്കുന്നതാണെന്ന് ഓരോ എഴുത്തുകാരനും എഴുന്നേറ്റുനിന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സര്‍ഗ്ഗാത്മകമായ പ്രതിരോധം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു പ്രതിഭാസമാണ്. ബുഷ് ഭരണകൂടം ഇറാഖില്‍ വേട്ട നടത്തിയപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ആദ്യശബ്ദം ഒരു കലാകാരന്റെയായിരുന്നു. മിസ്റ്റര്‍ ബുഷ് നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നുവെന്ന് പറഞ്ഞത് ഒരു കലാകാരനായിരുന്നു. അമേരിക്ക എന്നു പറയുന്നത് അധിനിവേശം മാറ്റാന്‍ പറ്റാത്ത രോഗമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് ലോകപ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരന്‍ നോര്‍ബഡ് മില്ലനായിരുന്നു. കലാകാരന്മാര്‍ എന്നും അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. അഭിമാനരമായ ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഫാഷിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ നമ്മുടെ നാട്ടിലെ എഴുത്തുകാരം സന്നദ്ധരാവണം.

ഇവിടെ ഒരുപാട് സേനകളുണ്ട്. ശ്രീരാമസേന, ഹനുമാന്‍ സേന ഇപ്പോഴിതാ വെള്ളാപ്പള്ളിയുടെ ഭാരത് ധര്‍മ്മജന സേന. ഈ സേനകളൊക്കെ ഉയര്‍ത്തിപ്പിടിക്കുന്ന അസഹിഷ്ണുതയുടെ ത്രിശൂലങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ചരിത്രം നമ്മെ ചോദ്യം ചെയ്യുകതന്നെ ചെയ്യും. ഫാഷിസത്തെ ചെറുത്തുതോല്‍പിക്കാന്‍ നാം മുന്നോട്ടു വരിക.                 (കോഴിക്കോട് കെപി കേശവമോനോന്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്)

തയ്യാറാക്കിയത്: വി എം ഫഹദ്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 345 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day