|    Dec 4 Sun, 2016 1:43 pm

പൗരാവകാശരേഖ പ്രസിദ്ധീകരിക്കാതെ തലശ്ശേരി നഗരസഭ

Published : 10th November 2016 | Posted By: SMR

തലശ്ശേരി: 150ാം വാര്‍ഷികം ആഘോഷിക്കാന്‍ തലശ്ശേരി നഗരസഭ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തവെ നഗരസഭാ പരിധിയിലെ പൗരന്റെ അവകാശം വ്യക്തമാക്കുന്ന പൗരാവകാശരേഖ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2005ലെ വിവരാവകാശനിയമം 4(1) പ്രകാരം ഏതൊരു പൊതു അധികാരസ്ഥാപനവും വിവരാവകാശ നിയമപ്രകാരമുള്ള എല്ലാ രേഖകളും കൃത്യമായി തരംതിരിച്ച്  സൂചിക തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം. കൂടാതെ, രേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ച് സമയബന്ധിതമായി ഇന്റര്‍നെറ്റ്‌വര്‍ക്ക് മുഖേന ബന്ധിപ്പിക്കുകയും വേണം. എന്നാല്‍ 2016 വര്‍ഷത്തില്‍ തലശ്ശേരി നഗരസഭയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കൂടിയായ സൂപ്രണ്ടിനോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ രേഖകള്‍ പട്ടിക തിരിച്ച് സൂചിക തയ്യാറാക്കിയെന്നോ കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയെന്നോ അറിയില്ലെന്ന വിശദീകരണമാണ് വിവരാവകാശ പ്രകാരം ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം ഈ നിയമം രൂപീകരിച്ച് പൊതു അധികാരസ്ഥാപനത്തിന്റെ ചുമതലകളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിവരങ്ങള്‍, ഉദ്യോഗസ്ഥരും അവരുടെ അധികാരങ്ങളും സംബന്ധിച്ച വിവരങ്ങള്‍, മേല്‍നോട്ടം, ഉത്തരവാദിത്തം, നടപടിക്രമങ്ങള്‍, വ്യവസ്ഥകള്‍, ചട്ടങ്ങള്‍, നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, മാന്വലുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍, സ്ഥാപനത്തിന്റെ പ്രമാണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, നയരൂപീകരണം സംബന്ധിച്ച ക്രമീകരണങ്ങള്‍, കൗണ്‍സിലിന്റെയും കമ്മിറ്റികളുടെയും മിനുട്‌സുകള്‍, ജീവനക്കാരുടെ മാസവേതനം, നഷ്ടപരിഹാര വ്യവസ്ഥ, വരവുചെലവ് റിപോര്‍ട്ടുകള്‍, സബ്‌സിഡി, ഗുണഭോക്താക്കള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഓരോ വര്‍ഷവും പുതുക്കി പ്രസിദ്ധീകരിക്കണം. എന്നാല്‍ തലശ്ശേരി നഗരസഭ ഇത് പാലിക്കുന്നില്ല. പുതുതായി വര്‍ധിപ്പിച്ച നികുതി സംബന്ധിച്ച് നികുതിദായകര്‍ക്ക് നഗരസഭ വിതരണം ചെയ്യുന്ന ഡിജിറ്റലൈസ് ചെയ്യപ്പെട്ട ഡിമാന്റ് നോട്ടീസ് ഇതാണു വ്യക്തമാക്കുന്നത്. ഡിമാന്റ് നോട്ടീസില്‍ സെക്രട്ടറിയുടെ ഒപ്പോ സീലോ പതിച്ചിട്ടില്ല. നേരത്തെ നികുതി നല്‍കിയിട്ടുണ്ടെങ്കിലും ഡിമാന്റ് നോട്ടീസില്‍ മുന്‍കൂര്‍ പ്രാബല്യത്തില്‍ നികുതിക്ക് പുറമെ പിഴയും അടയ്ക്കണമെന്നാണ് നിര്‍ദേശം. നോട്ടീസ് നഗരസഭ നല്‍കുമ്പോള്‍ എങ്ങനെയാണ് നേരത്തെ നികുതിദായകര്‍ ഒടുക്കിയ നികുതി വിവരങ്ങള്‍ നോട്ടീസില്‍നിന്നു അപ്രത്യക്ഷമായതെന്ന ചോദ്യം പ്രസക്തമാണ്. നികുതിയും പിഴയും നേരത്തെ ഒടുക്കിയവര്‍ക്ക് പുതിയ നികുതിയും പിഴയും നല്‍കണമെന്നു നിര്‍ദേശിക്കുന്ന നോട്ടീസിനെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നികുതിദായകര്‍. മുന്‍സിപ്പല്‍ ആക്ട് 563 പ്രകാരം പൗരന്‍മാരുടെ അവകാശങ്ങള്‍ നിര്‍ണയിക്കുന്ന രേഖ ഓരോവര്‍ഷവും പുതുക്കി പ്രസിദ്ധീകരിക്കണം. വര്‍ഷാവര്‍ഷം ഓഡിറ്റ് നടത്തുന്നതിന് അഞ്ചുലക്ഷം രൂപ നഗരസഭ നല്‍കുന്നുണ്ട്. എന്നാല്‍ ഇതുവരെ പൗരവകാശരേഖ പ്രസിദ്ധീകരിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day