|    Dec 11 Sun, 2016 7:39 am

പ്ലാസ്റ്റിക് നിരോധനം: അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി

Published : 12th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നു സംസ്ഥാനത്തെ മോചിപ്പിക്കാന്‍ അളവ് പരിഗണിക്കാതെ കാരി ബാഗുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുകയാണു വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ചു തീരുമാനം ഡിസംമ്പര്‍ ഒമ്പതിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാട്ടി സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് പെരിയാര്‍ റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്. നിയമവിരുദ്ധവും അശാസ്ത്രീയവുമായി പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതു ഗൗരവപരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രകൃതി, പരിസ്ഥി സംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയാണ്. മലിനീകരണം തടയാന്‍ സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ നിരന്തര ആവശ്യമുയര്‍ന്നിട്ടും ശരിയായ തരത്തില്‍ മാലിന്യസംസ്‌കരണത്തിനു ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കാതിരിക്കല്‍ ഭരണഘടനാ ലംഘനമാണെന്നും ഈ സാഹചര്യത്തില്‍ രൂക്ഷമായ പരിസ്ഥിതിപ്രശ്‌നമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം നിരോധിക്കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. 2016 നവംബറില്‍ ശുചിത്വകേരളമെന്ന പേരില്‍ മാലിന്യ സംസ്‌കരണത്തിന് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഇതിലൂടെ മാലിന്യ നീക്കത്തിന്റെ പ്രാധാന്യം ബോധവല്‍ക്കരിക്കാനാണു ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥാപനങ്ങള്‍ക്കു കീഴിലെ റോഡ് നിര്‍മാണസമയത്ത് 10 ശതമാനം  ഉപയോഗിക്കും. പൊതുമരാമത്ത് റോഡുകള്‍ക്കും മാലിന്യങ്ങള്‍ ഉപയോഗിക്കന്‍ തീരുമാനമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കല്‍, ശേഖരണം, നീക്കംചെയ്യല്‍, സംസ്‌കരണം തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. വയനാട് ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം സ്‌റ്റേ ചെയ്തിട്ടുള്ളതായി കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സ്റ്റേ പിന്‍വലിച്ച് കോടതി ഉത്തരവിട്ടു. പ്ലാസ്റ്റിക് കാരി ബാഗുകള്‍ സമ്പൂര്‍ണമായി നിരോധിച്ച ഡല്‍ഹി മാതൃക പിന്‍തുടരണമെന്നു കോടതി അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളവും പ്ലാസ്റ്റിക് മാലിന്യമെന്ന വിപത്തില്‍ നിന്ന് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ഉത്തരവിന് കാത്തുനില്‍ക്കാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക