|    Dec 8 Thu, 2016 1:41 am
FLASH NEWS

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ റയല്‍, യുവന്റസ് ഇന്നിറങ്ങും

Published : 22nd November 2016 | Posted By: SMR

ബെര്‍ലിന്‍/ മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കാനുറച്ച് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ്, മുന്‍ വിജയികളായ യുവന്റസ് എന്നിവര്‍ ഇന്നു കളത്തിലിറങ്ങും. ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗീസ് ടീം സ്‌പോര്‍ട്ടിങ് ലിസ്ബണുമായാണ് റയല്‍ ഏറ്റുമുട്ടുന്നതെങ്കില്‍ ഗ്രൂപ്പ് എച്ചില്‍ യൂറോപ ലീഗ് ചാംപ്യന്‍മാരും സ്പാനിഷ് ടീമുമായ സെവിയ്യയാണ് യുവന്റസിന്റെ എതിരാളികള്‍.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ ടോട്ടനം ഹോട്‌സ്പര്‍ മൊണാക്കോയെയും ബയേര്‍ ലെവര്‍ക്യുസന്‍ സിഎസ്‌കെഎ മോസ്‌കോയെയും ഗ്രൂപ്പ് എഫില്‍ ബൊറൂസ്യ ഡോട്മുണ്ട് ലെഗിയ വാര്‍സോയെയും ഗ്രൂപ്പ് ജിയില്‍ എഫ്‌സി പോര്‍ട്ടോ എഫ്‌സി കോപന്‍ഹേഗനെയും ലെസ്റ്റര്‍ സിറ്റി ക്ലബ്ബ് ബ്രൂഗെയെയും ഗ്രൂപ്പ് എച്ചില്‍ ഒളിംപിക് ലിയോണ്‍ ഡയനാമോ സെഗ്രബിനെയും നേരിടും.
സെഞ്ച്വറിക്കരികെ ക്രിസ്റ്റ്യാനോ
റയലിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു അപൂര്‍വ്വ റെക്കോഡ് തേടിയാവും ഇന്ന് കളത്തിലിങ്ങുക. യുവേഫയുടെ ടൂര്‍ണമെന്റുകളില്‍ ഗോളില്‍ സെഞ്ച്വറി തികയ്ക്കാനൊരുങ്ങുകയാണ് ക്രിസ്റ്റി. രണ്ടു ഗോള്‍ കൂടി നേടാനായാല്‍ താരം 100 ഗോളുകളെന്ന സ്വപ്‌നതുല്യമായ നേട്ടത്തിലെത്തും. നിലവില്‍ ചാംപ്യന്‍സ് ലീഗില്‍ മാത്രം ക്രിസ്റ്റി 95 ഗോളുകള്‍ അടിച്ചെടുത്തു കഴിഞ്ഞു. ശേഷിച്ച മൂന്നു ഗോളുകള്‍ യുവേഫയുടെ മറ്റു ടൂര്‍ണമെന്റുകളിലാണ്.
ഇന്നു ജയിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാന്‍ റയലിനാവും. രണ്ടു കളികള്‍ ശേഷിക്കെ എട്ടു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് റയല്‍. 10 പോയിന്റുള്ള ഡോട്മുണ്ടാണ് ഒന്നാമത്.
ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനെ 3-0നു തകര്‍ത്തതിന്റെ ആവേശത്തിലാണ് റയല്‍ ഇന്നു സ്‌പോര്‍ട്ടിങിന്റെ മൈതാനത്തെത്തുന്നത്. മൂന്നു ഗോളും ക്രിസ്റ്റിയാനോയുടെ വകയായിരുന്നു.
പരിക്കിനെത്തുടര്‍ന്നു കരീം ബെന്‍സെമ, അല്‍വാറോ മൊറാറ്റ എന്നിവര്‍ സ്‌പോര്‍ട്ടിങിനെതിരേ റയല്‍ നിരയിലുണ്ടാവില്ല.
റയലും സ്‌പോര്‍ട്ടിങും ഇതുവരെ 10 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ഏഴിലും ജയം റയലിനായിരുന്നു. ഒരു മല്‍സരത്തില്‍ സ്‌പോര്‍ട്ടിങ് ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു.
യുവന്റസിന് ജയിക്കണം; സെവിയ്യക്ക് സമനില മതി
സെവിയ്യക്കെതിരായ മല്‍സരം ഇറ്റാലിയ ന്‍ ചാംപ്യന്മാരായ യുവന്റസിനാണ് കൂടുത ല്‍ നിര്‍ണായകം. നോക്കൗട്ട്‌റൗണ്ടിലെത്താ ന്‍ യുവന്റസിന് ജയം അനിവാര്യമാണെങ്കില്‍ സെവിയ്യക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതി. നിലവില്‍ 10 പോയിന്റോടെ സെവിയ്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ടു പോയിന്റ് പിറകിലായി യുവന്റസ് രണ്ടാമതുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day