|    Dec 8 Thu, 2016 5:41 am
FLASH NEWS

പ്രീമിയര്‍ ലീഗ്: ഗോളില്‍ ആറാടി ലിവര്‍പൂള്‍; മാഞ്ചസ്റ്ററിനു മിന്നും ജയം

Published : 8th November 2016 | Posted By: SMR

 ലണ്ടന്‍: ഗോള്‍മഴയില്‍ ആറാടി ലിവര്‍പൂ ള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഒന്നാംസ്ഥാനത്തേക്കു കയറി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വാട്‌ഫോര്‍ഡിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് റെഡ്‌സ് തരിപ്പണമാക്കിയത്.
മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കഴിഞ്ഞ മല്‍സരത്തില്‍ ഉജ്ജ്വല ജയമാഘോഷിച്ചു. സ്വാന്‍സി സിറ്റിയെ 3-1നു മാഞ്ചസ്റ്റര്‍ തുരത്തുകയായിരുന്നു. അതേസമയം, നിലവിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ വെസ്റ്റ്‌ബ്രോം 1-2ന് അട്ടിമറിച്ചു. മറ്റൊരു കളിയില്‍ ഹള്‍ സിറ്റി  2-1ന് സതാംപ്റ്റന മറികടന്നു.
യുര്‍ഗന്‍ ക്ലോപ്പിന്റെ പരിശീലനമികവില്‍ ആക്രമണാത്മകശൈലിയുടെ വക്താക്കളായി മാറിയ ലിവര്‍പൂ ള്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരാളികളെ വാരിക്കളയുകയായിരുന്നു. ഇരട്ടഗോളോടെ സാദിയോ മാനെ ലിവര്‍പൂളിന്റെ വിജയത്തിനു ചുക്കാന്‍പിടിച്ചു. 27, 60 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
ഫിലിപ്പെ കോട്ടീഞ്ഞോ (30ാം മിനിറ്റ്), എംറെ കാന്‍ (43), റോബര്‍ട്ടോ ഫിര്‍മിനോ (57), ജോര്‍ജിനിയോ വിനാല്‍ഡം (90) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വാട്‌ഫോര്‍ഡിന്റെ മാനംകാത്ത ഗോള്‍ 75ാം മിനിറ്റില്‍ ഡാരില്‍ യാന്‍മറ്റിന്റെ വകയായിരുന്നു. ഫിര്‍മിനോ-കോട്ടീഞ്ഞോ- മാനെ എന്നിവരുള്‍പ്പെടുന്ന മൂ ന്നംഗസംഘത്തിന്റെ ചടുലമായ നീക്കങ്ങളാണ് വാട്‌ഫോര്‍ഡിന്റെ കഥകഴിച്ചത്. ഇവരെ പിടിച്ചുകെട്ടാനാവാതെ വാട്‌ഫോര്‍ഡ് താരങ്ങള്‍ കുഴങ്ങിയപ്പോള്‍ ലിവര്‍പൂളിനു കാര്യങ്ങള്‍ എളുപ്പമായി.
അതേസമയം, യൂറോപ ലീഗില്‍ തുര്‍ക്കി ക്ലബ്ബായ ഫെനര്‍ബാച്ചെയോട് പരാജയമേറ്റുവാങ്ങിയതിന്റെ ആഘാതവുമായി ഇറങ്ങിയ മാഞ്ചസ്റ്റര്‍ സ്വാന്‍സിക്കെതിരേ മികച്ച പ്രകടനം നടത്തിയാണ് മിന്നുന്ന ജയം കൊയ്തത്. തുടര്‍ച്ചയായി ആറു കളികളില്‍ ഗോള്‍ നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സ്വീഡിഷ് സ്റ്റാര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ഇരട്ടഗോളോടെ ഇതിന് അറുതിയിട്ടു. ആദ്യഗോള്‍ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ വകയായിരുന്നു.
ഈ കളിയിലെ രണ്ടാം ഗോളോടെ ഇബ്രാഹിമോവിച്ച് ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു. പ്രീമിയര്‍ ലീഗിലെ 25,000ാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. 69ാം മിനിറ്റില്‍ മൈക്ക് വാന്‍ ഡെര്‍ഹൂണാണ് സ്വാന്‍സിയുടെ ഗോള്‍ മടക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day