|    Dec 5 Mon, 2016 3:50 am

പ്രസിഡന്റ് തിരഞ്ഞെടുപ്പ് യുഎസ് ജനത വിധിയെഴുതി

Published : 9th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചാരണ മാമാങ്കത്തിനൊടുവില്‍ ആര് പ്രസിഡന്റാവണമെന്നതില്‍ അമേരിക്കന്‍ ജനത വിധിയെഴുതി. കിഴക്കന്‍ ഭാഗത്തെ ഒമ്പതു സംസ്ഥാനങ്ങളില്‍ വോട്ടിങ് പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
പുറത്തുവന്ന ആദ്യഘട്ട ഫലങ്ങളില്‍ ഹിലരി ക്ലിന്റനാണ് മുന്‍തൂക്കം. തൊട്ടുപിന്നില്‍ ട്രംപുമുണ്ട്. അര്‍ധരാത്രി വോട്ടെടുപ്പ് നടന്ന ന്യൂഹാംഷെയര്‍ നഗരങ്ങളില്‍ ട്രംപിനായിരുന്നു മുന്‍തൂക്കം. ഇവിടെ ട്രംപിന് 32 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹിലരിക്ക് 25 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കാനഡ അതിര്‍ത്തിയിലുള്ള ന്യൂ ഹാംഷയറിലെ കൊച്ചു പട്ടണമായ ഡിക്‌സ് വില്‍നോച്ചാണ് പതിവു തെറ്റിക്കാതെ അര്‍ധരാത്രി വോട്ടിങിലൂടെ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവിട്ടത്. ഇവിടെ ആകെയുള്ള എട്ടു വോട്ടുകളില്‍ നാലു വോട്ട് ഹിലരി ക്ലിന്റനും രണ്ടു വോട്ട് ഡോണാള്‍ഡ് ട്രംപിനും ഒരു വോട്ട് ഗ്രേ ജോണ്‍സനും ലഭിച്ചു. ആകെയുള്ള എട്ടില്‍ ഒരു റൈറ്റ് ഇന്‍ വോട്ടും ഉണ്ടായിരുന്നു. 2012ലെ തിരഞ്ഞെടുപ്പില്‍ ബരാക് ഒബാമയ്‌ക്കെതിരേ മല്‍സരിച്ച മിറ്റ്‌റോംനിക്കായിരുന്നു എഴുത്ത് വോട്ട് കിട്ടിയത്. അര നൂറ്റാണ്ടോളമായി ഈ ചെറു ഗ്രാമം അര്‍ധരാത്രി വോട്ടിന്റെ ആദ്യ ഫലം പുറത്തു വിടുന്നുണ്ട്. ആ പാരമ്പര്യമാണ് ഈ എട്ടു വോട്ടര്‍മാരും കാത്തു സൂക്ഷിച്ചത്.
ഇവിടത്തെ ഫലം ഹിലരി ക്യാംപിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍, സമീപ പ്രദേശമായ മില്‍സ് ഫീല്‍ഡിലെ ഫലം ട്രംപിന് അനുകൂലമാണ്. ട്രംപിന് 16 വോട്ടുകളും ഹിലരിക്ക് നാലു വോട്ടുകളുമാണ് ലഭിച്ചത്.  ഒരു വോട്ട് എഴുത്ത് വോട്ടായി ബേണി സാന്‍ഡേഴ്‌സിനും ലഭിച്ചു. ഹാര്‍ട്ട് ലൊക്കേഷനില്‍ ക്ലിന്റന് പതിനേഴു വോട്ട് ലഭിച്ചപ്പോള്‍ ട്രംപിന് പതിമൂന്ന് വോട്ട് ലഭിച്ചു. രണ്ട് എഴുത്ത് വോട്ടുകള്‍ ബേണി സാന്‍ഡേഴ്‌സിനും മൂന്നു വോട്ടുകള്‍ ഗ്രേ ജോണ്‍സനും ലഭിച്ചു.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബുധനാഴ്ച പുലര്‍ച്ചയോടെ അറിയാം. യുഎസിലെ അമ്പത് സംസ്ഥാനങ്ങളിലും ഫെഡറല്‍ ഡിസ്ട്രിക്ടായ വാഷിങ്ടണിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓരോ സംസ്ഥാനത്തും ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി നിശ്ചയിക്കുന്ന ഇലക്ടര്‍മാരാവും പ്രസിഡന്റിനെ നിര്‍ണയിക്കുക.
538 അംഗങ്ങളുള്ള ഇലക്ടറല്‍ കോളജിലെ 270 അംഗങ്ങളുടെ പിന്തുണയാണ് വൈറ്റ് ഹൗസിലെത്താന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടത്. 19നാണ് ഇലക്ടറല്‍ കോളജ് പ്രസിഡന്റിനെ നിര്‍ണയിക്കുക. നേരത്തേ വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന സംസ്ഥാനങ്ങളിലും പോസ്റ്റലിലൂടെയും ഇതുവരെ 4.60 കോടി പേര്‍ വോട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. സ്ഥാനമൊഴിയുന്ന വൈസ്പ്രസിഡന്റ് ജോ ഡന്‍ ആവും ഇലക്ടറല്‍ കൊളജ് വോട്ട് പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള ജനുവരി 20ന് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കണമെന്നാണ് അമേരിക്കന്‍ ഭരണഘടന പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day