|    Dec 9 Fri, 2016 5:01 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്ന് 100 പ്രതിനിധികള്‍

Published : 9th November 2016 | Posted By: SMR

ദോഹ: 2017 ജനുവരി 9ന് ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍(പിബിഡി) ഖത്തറില്‍ നിന്ന് നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ അറിയിച്ചു. ‘ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ഇടപെടല്‍ പുനര്‍നിര്‍വ്വചിക്കുന്നു’ എന്നാണ് ഇത്തവണത്തെ പിബിഡിയുടെ പ്രമേയം.
ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധകളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ പരമാവധി പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ വികസനത്തില്‍ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് അനുസ്മരിക്കുന്നതിന് എല്ലാ വര്‍ഷവും ജനുവരി 9നാണ് പിബിഡി ആഘോഷിക്കുന്നത്.
പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രവാസി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം കാണാനുമുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തണമെന്നും കുമരന്‍ പറഞ്ഞു.
ഖത്തറിലെ പ്രവാസികള്‍ക്കായി വിദൂര വിദ്യാഭ്യാസ പദ്ധതി ഒരുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഈ വിഷയത്തില്‍ മുന്തിയ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ അധികൃതരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
പിബിഡിയില്‍ പങ്കെടുക്കുന്നതിന് ഇതിനകം 60 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും 100 പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഐസിസി പ്രസിഡന്റ് കെ ഗിരീഷ് കുമാര്‍ അറിയിച്ചു. ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യത്യസ്ത വിമാന കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹിയില്‍ ഇന്ന് വിദേശകാര്യമന്ത്രാലയം വിളിച്ചുചേര്‍ക്കുന്ന പാനല്‍ യോഗത്തില്‍ പിബിഡിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിക്കുമെന്ന് അംബാസഡര്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3000ഓളം പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികള്‍ക്ക് പരിപാടിയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി ആദരിക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മഹാത്മാ ഗാന്ധി ബോംബെയില്‍ തിരിച്ചെത്തിയ ദിവസത്തെ അനുസ്മരിച്ചുകൊണ്ടാണ് ജനുവരി 9 പ്രവാസി ഭാരതീയ ദിവസ് ആയി ആചരിക്കുന്നത്. പ്രവാസികാര്യ മന്ത്രാലയം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ), മിനിസ്ട്രി ഓഫ് ഡവലപ്‌മെന്റ് ഓഫ് ദി നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജ്യന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടത്തുന്ന പരിപാടി 2003ലാണ് ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day