|    Dec 4 Sun, 2016 9:50 pm
FLASH NEWS

പ്രവാസി ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തും: മുഖ്യമന്ത്രി

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: വിദേശജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്കു നിയമസഹായം ഉറപ്പുവരുത്താന്‍ അതത് സ്ഥലങ്ങളിലുള്ള അഭിഭാഷകരുടെ പാനല്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രവാസി ക്ഷേമനിധി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ വിദേശജയിലുകളിലുള്ള പലര്‍ക്കും ആദ്യഘട്ടമായി നിയമസഹായം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍, അതു പോരാ. കേസിന്റെ എല്ലാ ഘട്ടത്തിലും സഹായം ലഭ്യമാക്കേണ്ടതുണ്ട്.
മറ്റു രാജ്യങ്ങള്‍ അവരവരുടെ പൗരന്മാരെ സ്വത്തായി കരുതി സംരക്ഷിക്കുമ്പോള്‍, നമ്മുടെ നേരെ എന്തും ചെയ്യാമെന്ന സ്ഥിതിയാണുള്ളത്. ഇതില്‍ മാറ്റമുണ്ടാവണം. ഇതിനായാണ് വിദേശരാജ്യങ്ങളിലെ അതത് സ്ഥലങ്ങളിലുള്ള അവിടത്തെ കോടതികളില്‍ വാദിക്കാന്‍ യോഗ്യതയുള്ള അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കണമെന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതു നടപ്പാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി നിക്ഷേപം കാര്യക്ഷമമായി വിനിയോഗിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. 1.02 ലക്ഷം കോടി രൂപ പ്രവാസികള്‍ ഇവിടെ നല്‍കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപം സ്വീകരിച്ച് അതിന്റെ കൃത്യമായ വരുമാനം പ്രവാസികള്‍ക്ക് ഉറപ്പുവരുത്തുന്ന രീതിയിലുള്ള പുതിയ പദ്ധതി രൂപീകരിക്കും. ചെറുകിടക്കാരെ നിക്ഷേപകരായി കൊണ്ടുവരാനുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കും. പ്രവാസികളുടെ കുടുംബത്തിനു നല്‍കുന്ന മരണാനന്തര സഹായധനത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരും.
24 കോടി രൂപയാണു പ്രവാസി ക്ഷേമത്തിനു വേണ്ടി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ 40 ശതമാനം പ്രവാസി വരുമാനമാണ്. വിദേശങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധന കുറയ്ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇനിയും സമ്മര്‍ദം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ സമഗ്ര പുനരധിവാസപദ്ധതി ആലോചിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍പ്രകാരം 24 ലക്ഷം പ്രവാസി മലയാളികളുണ്ടെന്നാണ് കണക്ക്.  ജൂണ്‍ വരെ സംസ്ഥാനത്തിന്റെ വിവിധ ബാങ്കുകളിലേക്ക് 1,42, 669 കോടി രൂപ വിദേശ പണം ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ളതും വിദേശപണം എത്തുന്നതും മലപ്പുറം ജില്ലയിലേക്കാണ്. ഏറ്റവും കുറവ് വിദേശപണം ഇടുക്കി ജില്ലയിലേക്കും.
ഇതിനുപുറമേ പുതിയ ഐടി നയത്തിന്റെ കരട് രൂപരേഖ അന്തിമ ഘട്ടത്തിലാണ്. രൂപരേഖ പ്രസിദ്ധീകരിച്ച് ജനങ്ങളില്‍നിന്നും മറ്റ് ഓഹരി ഉടമകളില്‍ നിന്നും അഭിപ്രായം കൂടി സ്വീകരിച്ചശേഷം അന്തിമനയം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day