|    Oct 27 Thu, 2016 2:46 am
FLASH NEWS

പ്രനീത് കൗറിന്റെയും മകന്റെയും അക്കൗണ്ട് വിവരങ്ങള്‍ക്കായി ഇന്ത്യ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സ്വിറ്റ്‌സര്‍ലാന്റ്

Published : 24th November 2015 | Posted By: G.A.G

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രനീത് കൗര്‍, മകന്‍ റനീന്ദര്‍ കൗര്‍ എന്നിവരുടേതെന്ന് കരുതുന്ന സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ക്കായി ഇന്ത്യ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സ്വിറ്റ്‌സര്‍ലാന്റ് വെളിപ്പെടുത്തി. നികുതിക്കാര്യങ്ങളില്‍ സഹായം നല്‍കുന്നതിനുള്ള സ്വിസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വാദം കേള്‍ക്കപ്പെടാനുള്ള അവകാശം ഉപയോഗപ്പെടുത്താന്‍ പത്തുദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്വിസ് സര്‍ക്കാരിന്റെ ഫെഡറല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച രണ്ട് അറിയിപ്പുകളിലാണ് വെളിപ്പെടുത്തലുകളുള്ളത്.

അറിയിപ്പുകളില്‍ ഇരുവരുടെയും ജനനത്തീയതികളും ഏതുരാജ്യക്കാരാണെന്നതുമൊഴിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.  പ്രനീത് കൗറോ, മകന്‍ റനീന്ദറോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മുന്‍പൊരിക്കല്‍ എച് എസ് ബിസി ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ പട്ടിക ചോര്‍ന്നപ്പോള്‍  പ്രനീത് കൗറിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ തന്റെ പേരില്‍ വിദേശബാങ്കുകളിലൊന്നിലും അക്കൗണ്ടില്ലെന്നായിരുന്നു പ്രനീത് ആ സമയത്ത് പ്രതികരിച്ചത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരംഭിച്ച അന്വേഷണം പുരോഗമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന പ്രോസിക്യൂഷന്‍ നടപടികളുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിക്കുന്നുണ്ട്. ഏകദേശം 140ഓളം കമ്പനികളോ വ്യക്തികളോ പ്രതികളായിട്ടുള്ള കേസുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
കള്ളപ്പണം സംബന്ധിച്ച കേസില്‍ പ്രത്യേകാന്വേഷണസംഘത്തിന്റെ സഹായവും  എന്‍ഫോഴ്‌സ്‌മെന്റിനുണ്ട്. ആദായനികുതി സംബന്ധിച്ച് വിവിധ കോടതികളിലുള്ള കേസുകള്‍ പ്രത്യേകം പരിശോധിക്കാന്‍ നേരത്തേ തന്നെ എസ്‌ഐടി തീരുമാനിച്ചിരുന്നു. ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ട മറ്റു ദുരൂഹ ഇടപാടുകളും പരിശോധിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്്. കേസന്വേഷണത്തിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കീഴിലുള്ള ഉന്നത സാമ്പത്തിക കുറ്റകൃത്യ യൂനിറ്റ് (എഫ്‌ഐയു) ശക്തിപ്പെടുത്തിയിട്ടുണ്ട്. ദുരൂഹമെന്നു തോന്നുന്ന ഇടപാടു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കാന്‍ മറ്റ് ഏജന്‍സികള്‍ക്ക് 15 ദിവസം മുതല്‍ 20 ദിവസം വരെ വേണമെങ്കില്‍ എഫ്‌ഐയുവിന് 72 മണിക്കൂര്‍ മതി.
എച്ച്എസ്ബിസി പട്ടികയില്‍ പേരുള്ളവര്‍ വിദേശ വിനിമയ കൈകാര്യ നിയമ(ഫെമ) പ്രകാരം വിചാരണ നേരിടേണ്ടിവരും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്ന കൂടുതല്‍ കടുത്ത വകുപ്പുകളുള്ള പിഎംഎല്‍എ പ്രകാരവും വിചാരണ നേരിടേണ്ടിവരുമെന്നാണ് റിപോര്‍ട്ട്. പട്ടികയില്‍ പേരുള്ളവര്‍ക്കെതിരേ ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) വകുപ്പ് ചുമത്തിയതായും റിപോര്‍ട്ടുണ്ട്. പട്ടികയില്‍ പേരുള്ള, നിലവില്‍ ആദായനികുതി കേസുകളില്‍ ആരോപണവിധേയരായവര്‍ക്കെതിരേ ‘ഫെമ’ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിട്ടുണ്ട്. ഇന്ത്യ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് എച്ച്എസ്ബിസി നേരത്തേ അറിയിച്ചിട്ടുണ്ട്. നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മറ്റുള്ള രാജ്യങ്ങളിലെ അന്വേഷണവുമായും ബാങ്ക് സഹകരിക്കുന്നുണ്ട്.
വ്യവസായികളായ അനില്‍ അംബാനി, മുകേഷ് അംബാനി ഉള്‍പ്പെടെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ പേരുവിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. അടുത്തിടെ എച്ച്എസ്ബിസി ബാങ്ക് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പകുതിയോളം അക്കൗണ്ടുകളില്‍ പണമില്ലെന്നും നൂറോളം അക്കൗണ്ടുകള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day