|    Oct 26 Wed, 2016 2:37 am
FLASH NEWS

പ്രധാനാധ്യാപിക മര്‍ദിച്ചതായി പരാതി; വിദ്യാര്‍ഥി ആശുപത്രിയില്‍

Published : 24th September 2016 | Posted By: SMR

പാലക്കാട്: അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക കരണത്തടിച്ചതായി പരാതി. അടിയേറ്റു കര്‍ണപടത്തിനും പല്ലിനും പരിക്കുപറ്റിയ വിദ്യാര്‍ഥിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സെന്റ് സെബാസ്റ്റ്യന്‍ സീനിയര്‍ ബേസിക് സ്‌കൂളിലെ വിദ്യാര്‍ഥിയും പുതുശേരി കൊളയക്കോട് പുതുശേരി ശ്രീനിവാസന്റെ മകനുമായ ആനന്ദ് ശ്രീനിവാസനാണ് സ്‌കൂളിലെ പ്രധാനധ്യാപികയുടെ അടിയേറ്റ് ജില്ലാശുപത്രിയിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
വ്യാഴാഴ്ച്ചയായിരുന്നു പരാതിക്കാധാരമായ സംഭവം. വിദ്യാ ര്‍ഥിയെ കരണത്തടിച്ച സംഭവവുമായി ബന്ധപ്പെട്ട്,  പിതാവ് അധ്യാപികയ്‌ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലവകാശ സംരക്ഷണകമ്മീഷന് പരാതി നല്‍കി. ഇതിനുപുറമേ ടൗണ്‍സൗത്ത് പോലിസിലും പരാതി സമര്‍പ്പിച്ചു. ആശുപത്രിയിലെത്തി പോലിസ് ഇന്നലെ വിദ്യാര്‍ഥിയില്‍ നിന്ന് മൊഴിയെടുത്തു. സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: അകാരണമായാണ് പ്രധാനധ്യാപിക വിദ്യാര്‍ഥിയെ മര്‍ദിച്ചത്. അഞ്ചാംക്ലാസ് ബി ഡിവിഷനിലെ വിദ്യാര്‍ഥിയായ ആനന്ദ് ശ്രീനിവാസന്‍ ക്ലാസ് ലീഡറാണ്. ക്ലാസ് ടീച്ചറായ ഷീല അഞ്ചാക്ലാസ് നോക്കുന്നതിനൊപ്പം മൂന്നാംക്ലാസിലെ കുട്ടികളുടെ കാര്യവും നോക്കാന്‍ പറഞ്ഞിരുന്നു.
അതുപ്രകാരം ഉച്ചഭക്ഷണസമയത്ത് ടീച്ചര്‍ എത്താത്ത മൂന്നാംക്ലാസ് കൂടി നോക്കാനായി ആനന്ദ് ശ്രീനിവാസന്‍ തന്റെ ക്ലാസ് വിട്ടിറങ്ങി. കൂടെ പഠിക്കുന്ന ഫാരിസും സിജിന്‍ എന്നിവരും ആനന്ദിനൊപ്പം ഉണ്ടായിരുന്നു. ഈ സമയം വരാന്തയിലുണ്ടായിരുന്ന പ്രധാനധ്യാപിക മൂവരെയും വിളിച്ചു ഒന്നുംചോദിക്കാതെ അടിച്ചു. ഇതില്‍ കൂടുതല്‍ പ്രഹരമേറ്റത് ആനന്ദിനായിരുന്നു. ചെവിയോടു ചേര്‍ത്ത് ശക്തമായി അടിച്ചതുകാരണം മുഖവും കണ്ണും വീങ്ങുകയും ചെവിവേദനയും പല്ലുവേദനയും കൊണ്ട് വിദ്യാര്‍ഥി പരവശനായി. മര്‍ദനവിവരം അറിഞ്ഞ് ക്ലാസ് ടീച്ചര്‍ പ്രധാനധ്യാപികയോട് തട്ടിക്കയറി. ഞാന്‍ പറഞ്ഞയിച്ചിട്ടാണ് ആനന്ദും കൂട്ടരും മൂന്നാംക്ലാസിലേക്ക് പോയതെന്ന് ക്ലാസ് ടീച്ചര്‍ പ്രധാനധ്യാപികയോട് പറഞ്ഞുവത്രെ. ആനന്ദ് വീട്ടിലെത്തുമ്പോള്‍ മുഖവും കണ്ണും വീങ്ങിയിരുന്നതായും  അടിച്ചയാളുടെ കൈ അടയാളം മുഖത്ത് പതിഞ്ഞിരുന്നതായും ആനന്ദിന്റെ പിതാവ് പുതുശേരി ശ്രീനിവാസന്‍ പറഞ്ഞു. ആനന്ദ് പഠിക്കുന്ന സ്‌കൂളിലെ പിടിഎയുടെ വൈസ് പ്രസിഡന്റാണ് ശ്രീനിവാസന്‍.
സ്‌കൂള്‍ അധികൃതര്‍ കുട്ടികളില്‍ അനധികൃതമായി പണപ്പിരിവു നടത്തുന്നതിനെ ചോദ്യം ചെയ്തതും പിടിഎ ഫണ്ട് വിനിയോഗത്തിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതും ശ്രീനിവാസനാണ്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരും ശ്രീനിവാസനും തമ്മിലുള്ള ബന്ധം അത്രസുഖത്തില്ലല്ലെന്ന് പറയപ്പെടുന്നുണ്ട്.
സ്‌കൂളിലെ അഴിമതി വിഷയങ്ങളില്‍ ഇടപെട്ടതിലുള്ള വൈരാഗ്യം തന്റെ മകനോട് തീര്‍ത്തതാണെന്നാണ് പുതുശേരി ശ്രീനിവാസന്‍ പറയുന്നത്. ഇതിനിടയില്‍ മര്‍ദനസംഭവത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ വിവിധ സാമൂഹികസാംസ്‌ക്കാരിക സംഘടനകള്‍ തിങ്കളാഴ്ച സ്‌കൂളിനുമുന്നില്‍ ഉപവാസസമരം നടത്തും. വിവരവകാശ പ്രസ്ഥാനം, നല്ലപക്ഷ പ്രസ്ഥാനം, സ്വരാജ് വേദി, സര്‍വ്വോദയ കേന്ദ്രം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഉപവാസം സംഘടിപ്പിച്ചിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day