|    Dec 9 Fri, 2016 11:18 am

പ്രതിസന്ധിക്ക് പരിഹാരം; പ്രാഥമിക സംഘങ്ങളിലെ നിക്ഷേപം ജില്ലാ ബാങ്ക് വഴി പിന്‍വലിക്കാം

Published : 1st December 2016 | Posted By: SMR

indiam-rupee

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി നേരിടുന്നതിന് ബദല്‍ പണവിനിമയസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
പ്രാഥമിക സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലുമാണ് പദ്ധതി നടപ്പാക്കുക. മിറര്‍ അക്കൗണ്ട് സമ്പ്രദായമാണ് പ്രധാനമായി ആവിഷ്‌കരിക്കുന്ന ഒരു മാര്‍ഗം. ഇതനുസരിച്ച് പ്രാഥമിക സഹകരണ സംഘങ്ങളില്‍ അക്കൗണ്ടുള്ളവര്‍ ജില്ലാ സഹകരണ ബാങ്കില്‍ സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട് തുടങ്ങണം. ഈ അക്കൗണ്ട് വഴി പ്രാഥമിക സംഘങ്ങളിലെ ഇടപാടുകാരുടെ നിക്ഷേപവും വായ്പാ തുകയും പിന്‍വലിക്കാമെന്ന് ഉന്നതതല യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാനാണ് അനുമതി. നോട്ട് നിരോധനത്തെത്തുടര്‍ന്ന് പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ക്ക് പണം പിന്‍വലിക്കാനാവാത്ത അവസ്ഥയായിരുന്നു നിലവിലുള്ളത്. ഇതിനാണ് ഇപ്പോള്‍ താല്‍ക്കാലിക പരിഹാരമായിരിക്കുന്നത്. ജില്ലാ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് പ്രാഥമിക സംഘം ഇടപാടുകാര്‍ക്ക് ആവശ്യമായ സഹായം നല്‍കും. അക്കൗണ്ട് ആവശ്യമുള്ളവര്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമായി പ്രാഥമിക സഹകരണ ബാങ്കിലെത്തിയാല്‍ മതി. ഇവിടെ നിന്നു ഫോം പൂരിപ്പിച്ച് ബാങ്ക് അധികൃതര്‍ ജില്ലാ ബാങ്കിനു കൈമാറുകയാണ് ചെയ്യുക.
അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞാല്‍ ഇടപാടുകള്‍ പ്രാഥമിക സംഘത്തില്‍ തന്നെ നടത്താനാവും. ഇടപാടുകളില്‍ ജില്ലാ സഹകരണ ബാങ്ക് മധ്യസ്ഥന്റെ പങ്കായിരിക്കും വഹിക്കുക.
മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള ചില പണവിനിമയ പദ്ധതികളും സംസ്ഥാനം പരിശോധിക്കും. എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി മാര്‍ച്ച് 31നകം കോര്‍ ബാങ്കിങ് സമ്പ്രദായം ആരംഭിക്കും.
ഇതിനായി ഏകീകൃത സോഫ്റ്റ്‌വെയറിന്റെ സാധ്യത പരിശോധിക്കും. ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സാങ്കേതിക സമിതിയോട് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. കോര്‍ ബാങ്കിങ് നിലവില്‍ വരുന്നതോടെ പ്രാഥമിക സംഘങ്ങള്‍ക്കെതിരേ ഉന്നയിക്കുന്ന അനാവശ്യ ആക്ഷേപങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാവുമെന്നാണ് വിലയിരുത്തല്‍.
എല്ലാ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലും കെവൈസി, ആദായനികുതി നിബന്ധനകള്‍ നിര്‍ബന്ധമാക്കും. വലിയ നിക്ഷേപങ്ങള്‍ക്കെല്ലാം കെവൈസി നിലവിലുണ്ട്. അപൂര്‍വം സംഘങ്ങളില്‍ മാത്രമാണ് നിലവില്‍ ഈ വ്യവസ്ഥകള്‍ നടപ്പാക്കാത്തത്. ഗ്രാമീണമേഖലയിലുള്ള ഈ സംഘങ്ങളെയും ഇതിനായി പ്രാപ്തമാക്കും. ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ ബാങ്കിനെ അറിയിക്കുന്നതാണ് കെവൈസി. ഇതിനായി ഇടപാടുകാരോട് ആധാര്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. കോര്‍ ബാങ്കിങ് നിലവില്‍ വരുന്നതോടെ അടുത്ത ഘട്ടമായി ഇടപാടുകാര്‍ക്ക് റൂപേ കാര്‍ഡുകള്‍ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 460 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day