|    Oct 26 Wed, 2016 10:40 pm
FLASH NEWS

പ്രതിഷേധങ്ങള്‍ ഫലംകണ്ടില്ല; ആതുരമേഖലയെ അവഗണിച്ചു

Published : 9th July 2016 | Posted By: SMR

കല്‍പ്പറ്റ: വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ അവഗണന. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ആരോഗ്യരംഗത്ത് ഏറെ പിന്നിലായിട്ടും ബജറ്റില്‍ പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അത്യാഹിത ഘട്ടങ്ങളില്‍ മണിക്കൂറുകള്‍ താണ്ടി ചുരമിറങ്ങേണ്ട അവസ്ഥയിലാണ് ജില്ലയിലുള്ളവര്‍. 2014 ജൂണിലെ സിഎജി റിപോര്‍ട്ട് പ്രകാരം മറ്റ് ജില്ലകളെ അപേക്ഷിച്ച് മാതൃ-ശിശു മരണനിരക്ക് കൂടുതലുള്ള ജില്ലയുടെ ആരോഗ്യമേഖലയുടെ വികസനം എന്നും കടലാസിലൊതുങ്ങുകയാണ്.
പിന്നാക്ക ജനവിഭാഗങ്ങള്‍ ഏറെയുള്ള വയനാട്ടില്‍ 35 ആരോഗ്യ കേന്ദ്രങ്ങളാണ് സര്‍ക്കാരിന് കീഴില്‍. ഇവയില്‍ ഭൂരിഭാഗവും കടുത്ത പ്രതിസന്ധിയിലുമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ ഏക ആശ്രയമായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരും ഡോക്ടര്‍മാരുമില്ലാത്തതു രോഗികകളെ വലയ്ക്കുന്നതിനൊപ്പം ആശുപത്രിയുടെ പ്രവര്‍ത്തനവും താളംതെറ്റിക്കുന്നുണ്ട്. കല്‍പ്പറ്റയിലെ ജനറല്‍ ആശുപത്രിയുടെ സ്ഥിതിയും മറിച്ചല്ല.
ഡോക്ടര്‍മാരുടെ അഭാവവും സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ആശുപത്രി നേരിടുന്ന പ്രധാന പ്രശ്‌നം. വൈത്തിരിയിലും സുല്‍ത്താന്‍ ബത്തേരിയിലും പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രികളും അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങളും 22 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. പ്രസവത്തെ തുടര്‍ന്ന് ആദിവാസി സ്ത്രീയുടെ മൂന്നു കുഞ്ഞുങ്ങള്‍ മരിച്ചത് സംസ്ഥാനത്ത് തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍, സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുകയല്ലാതെ ആശുപത്രികളില്‍ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും തസ്തികകള്‍ നികത്താനോ അത്യാധുനിക ചികില്‍സാ സംവിധാനങ്ങളൊരുക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഉന്നത ചികില്‍സയ്ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന വയനാടിന്റെ സ്വപ്‌നം ഇനിയും പൂവണിഞ്ഞിട്ടില്ല.
ഇതൊക്കെയായിട്ടും വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന ബജറ്റില്‍ ലഭിച്ചില്ല. എന്നാല്‍, മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 1,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതു മാത്രമാണ് വയനാടന്‍ ആരോഗ്യമേഖലയ്ക്ക് ചെറുതായെങ്കിലും ആശ്വാസം നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day