|    Dec 10 Sat, 2016 6:12 pm

പോസ്‌കോ നിയമം: പ്രതികള്‍ ഏറെയും പുറത്തേക്ക്

Published : 29th November 2016 | Posted By: SMR

കണ്ണൂര്‍: കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം (പോസ്‌കോ) രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളില്‍ ഏറെപ്പേരെയും വെറുതെവിടുന്നു. വര്‍ഷംതോറും കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്ത 70 ശതമാനത്തോളം കേസുകളിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഇതാണു സ്ഥിതി. സംസ്ഥാനത്തുടനീളം ഇതുവരെ രജിസ്റ്റര്‍ ചെയ്ത 3711 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ 197ലും പ്രതികളെ വെറുതെ വിട്ടതായാണു റിപോര്‍ട്ട്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 53 കേസുകളില്‍ മാത്രം. 2012 നവംബര്‍ മുതല്‍ 2015 ഡിസംബര്‍ വരെ കേസ് കൈകാര്യം ചെയ്ത പ്രത്യേക കോടതികളിലെ കണക്കുപ്രകാരം കണ്ണൂര്‍ ജില്ലയില്‍ 259 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25 എണ്ണത്തില്‍ മാത്രമാണു വിചാരണ പൂര്‍ത്തിയായത്. 17 പ്രതികളെ വെറുതെ വിടുകയും ചെയ്തു. ഇക്കാലയളവില്‍ കാസര്‍കോട് ജില്ലയില്‍ 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നാലെണ്ണത്തില്‍ മാത്രമാണു വിചാരണ പൂര്‍ത്തിയായത്. പ്രതിസ്ഥാനത്തുള്ള നാലുപേരെ വെറുതെ വിടുകയും ചെയ്തു. മതിയായ തെളിവുകളുടെ അഭാവം, സാക്ഷികളുടെ കൂറുമാറ്റം, ഒത്തുതീര്‍പ്പാക്കല്‍, ഇരയായ കുട്ടിയെ വിവാഹം കഴിക്കുന്നത് എന്നിവയാണു മിക്ക കേസുകളും പരാജയപ്പെടുന്നതിന്റെ കാരണങ്ങള്‍. ലൈംഗികാതിക്രമങ്ങളില്‍ കുട്ടികള്‍ക്ക് എത്രയും വേഗം നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി 2012ലാണ് ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് (പോസ്‌കോ) നിലവില്‍വന്നത്. സംസ്ഥാന ശരാശരി കണക്കിലെടുക്കുമ്പോള്‍ നഗരപരിധിയിലാണു കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. റെയിവേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പോസ്‌കോയുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ട്. വിവിധ ജില്ലകളില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമ സംഭവങ്ങള്‍ പലപ്പോഴും ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെടുന്നതായി ചൈല്‍ഡ് ലൈന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 18 വയസ്സിന് താഴെയുള്ളവര്‍ക്കെതിരായ എല്ലാ ലൈംഗിക അതിക്രമങ്ങളും പ്രേരണയും നഗ്നചിത്ര പ്രചാരണവും മറ്റും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സെക്ഷന്‍ മൂന്ന് പ്രകാരം ഏഴുവര്‍ഷം തടവും പിഴയുമാണ് കുറഞ്ഞ ശിക്ഷ. ഇത് ജീവപര്യന്തം വരെയാവാം. സെക്ഷന്‍ അഞ്ച് പ്രകാരം ഏറ്റവും ചുരുങ്ങിയ ശിക്ഷ 10 വര്‍ഷമാണ്. സബ് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത വനിതാ പോലിസ് ഓഫിസറാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്. യൂനിഫോം ധരിക്കാതെയായിരിക്കണം ഓഫിസര്‍ മൊഴിയെടുക്കേണ്ടത്. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ല. വനിതാ മെഡിക്കല്‍ ഓഫിസര്‍ പരിശോധിക്കണം. പെണ്‍കുട്ടിയുടെ പേര്, വിലാസം എന്നിവ മാധ്യമങ്ങള്‍ക്ക് പരസ്യപ്പെടുത്തണമെങ്കില്‍ വിചാരണ നടത്തുന്ന പ്രത്യേക കോടതിയുടെ അനുമതി വാങ്ങണം. അല്ലെങ്കില്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടിവരും. ചൂഷണം ചെയ്യപ്പെട്ട വിവരം മറച്ചുവച്ചാല്‍ ആറുമാസംവരെ തടവ് ലഭിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക