|    Dec 5 Mon, 2016 8:03 pm
FLASH NEWS

പോലിസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദപരമാക്കാന്‍ ഇനി പിആര്‍ഒമാരും

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: പോലിസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിനായി പബ്ലിക് റിലേഷന്‍സ് ഓഫിസര്‍മാരെ നിയമിക്കുന്നു. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അന്വേഷിക്കുന്നതിനും പോലിസ് സേവനങ്ങള്‍ ലഭ്യമാവുന്നതിനും ഇനി പിആര്‍ഒമാരെ സമീപിക്കാം.
സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍, എഎസ്‌ഐ റാങ്കിലുള്ള ആകര്‍ഷകമായ വ്യക്തിത്വമുള്ളവരെ ജില്ലാ പോലിസ് മേധാവികള്‍ കണ്ടെത്തി സോഫ്റ്റ് സ്‌കില്‍ പരിശീലനം നല്‍കിയാണ് പിആര്‍ഒമാരായി നിയമിക്കുന്നത്. എല്ലാ ദിവസവും രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ പിആര്‍ഒമാര്‍ ഡ്യൂട്ടിയിലുണ്ടാവും. എല്ലാ സന്ദര്‍ശകരെയും സ്വീകരിക്കുന്നത് പിആര്‍ഒമാരാണ്. പരാതികള്‍ സ്വീകരിച്ച് രശീതി നല്‍കുന്നത് ഇവരുടെ ചുമതലയാണ്. കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പിആര്‍ഒ, എസ്എച്ച്ഒ/ജിഡി ചാര്‍ജ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തണം. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും മറ്റും ആവശ്യമായ സഹായം നല്‍കേണ്ടത് പിആര്‍ഒയുടെ ചുമതലയാണ്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞയുടനെ പകര്‍പ്പ് നല്‍കുക, വിവരാവകാശപ്രകാരവും സേവനാവകാശപ്രകാരവുമുള്ള സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നെന്ന് ഉറപ്പാക്കുക, സിആര്‍പിസി 55 എ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച ചുമതല നിര്‍വഹിക്കുക, ഇക്കാര്യത്തില്‍ വീഴ്ചകളുണ്ടെങ്കില്‍ എസ്എച്ച്ഒയുടെ ശ്രദ്ധയില്‍പ്പെടുത്തുക, സ്റ്റേഷനില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ തയ്യാറാക്കുക, പോലിസ് സ്റ്റേഷന്റെ ശുചിത്വ മേല്‍നോട്ടം വഹിക്കുക തുടങ്ങിയവ ഇവരുടെ ചുമതലയാണ്.
മറ്റു ഡിപാര്‍ട്ട്‌മെന്റുകളുമായുളള ബന്ധം സുദൃഢമാക്കുന്നതിന് സഹായകരമാവുന്ന തരത്തില്‍ പിആര്‍ഒ പ്രവര്‍ത്തിക്കണം. സന്ദര്‍ശകര്‍ക്കും സ്റ്റേഷനിലെ മറ്റു ജീവനക്കാര്‍ക്കുമിടയിലുള്ള ഒരു പാലമായാവണം പിആര്‍ഒ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, പിആര്‍ഒമാര്‍ അന്വേഷണത്തിലിടപെടുകയോ പരാതികള്‍ തീര്‍പ്പാക്കുകയോ ചെയ്യാന്‍ പാടില്ല.
ജനമൈത്രി പോലിസ്, സ്റ്റുഡന്റ് പോലിസ് കാഡറ്റ് തുടങ്ങിയ പോലിസിന്റെ നൂതന പദ്ധതികള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള സഹായങ്ങള്‍ പിആര്‍ഒമാര്‍ നല്‍കണം. പൗരന്‍മാര്‍ക്ക് പോലിസ് സ്റ്റേഷനില്‍ നിന്നു ലഭിക്കുന്ന സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കുക എന്നതാണ് പിആര്‍ഒ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day