|    Dec 4 Sun, 2016 7:25 am
FLASH NEWS

പോലിസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്: ബിഎസ്എഫിന് കിരീടം; കേരള പോലിസിന് ചരിത്രനേട്ടം സമ്മാനിച്ച് എലിസബത്ത് സൂസന്‍ കോശി

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: 10ാമത് ദേശീയ പോലിസ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ബിഎസ്എഫിന് കിരീടം. വ്യക്തിഗത, ടീം ഇനങ്ങളിലായി 13 സ്വര്‍ണവും 15 വെള്ളിയും 7 വെങ്കലവും ഉള്‍പ്പെടെ 35 മെഡലുകള്‍ നേടിയാണ് ബിഎസ്എഫ് കിരീടം ചൂടിയത്. 9 സ്വര്‍ണവും 7 വെള്ളിയും 11 വെങ്കലവും ഉള്‍െപ്പടെ 27 മെഡലുകള്‍ നേടിയ സിആര്‍പിഎഫ് റണ്ണേഴ്‌സ് അപ്പായി. 7 സ്വര്‍ണം 2 വെള്ളിയും 5 വെങ്കലവും ഉള്‍െപ്പടെ 14 മെഡലുകളുമായി പഞ്ചാബ് പോലിസ് മൂന്നാംസ്ഥാനത്തെത്തി.
അതേസമയം, ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സിഐ റാങ്കില്‍ ജോലിയില്‍ പ്രവേശിച്ച എലിസബത്ത് സൂസന്‍ കോശി ഇപ്പോള്‍ കേരള പോലിസിന്റെ മുത്താണ്. ദേശീയഗെയിംസിലെ മികവുമായെത്തി ഇന്നലെ വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചില്‍ നിന്ന് എലിസബത്ത് വെടിവച്ചിട്ടത് സ്വര്‍ണം മാത്രമല്ല, ചരിത്ര നേട്ടംകൂടിയാണ്. കേരള പോലിസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ ഒരുതാരം തോക്കേന്തുന്നത്. ആദ്യ ചാംപ്യന്‍ഷിപ്പില്‍ രണ്ട് മല്‍സരങ്ങളിലായി സ്വര്‍ണവും വെള്ളിയും സ്വന്തം പേരിലാക്കിയ എലിസബത്ത് കേരളാ പോലിസിന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ ചാര്‍ത്തുകയും ചെയ്തു. ഇതോടെ എലിസബത്ത് താരമായി. ചാംപ്യന്‍ഷിപ്പിന്റെ സമാപന ദിനത്തില്‍ നടന്ന വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വ്യക്തിഗതവിഭാഗത്തിലാണ് എലിസബത്ത് കേരള പോലിസിനായി സ്വര്‍ണം വെടിവച്ചിട്ടത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇന്നലെ ഷൂട്ടിങ് റേഞ്ചില്‍.
ഒരു പോയിന്റിന്റെ വ്യത്യാസത്തിലായിരുന്നു ബിഎസ്എഫിലെ ലജ്ജ ഗോസ്വാമിയെ എലിസബത്ത് അട്ടിമറിച്ചത്. ആദ്യദിനം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ എലിസബത്ത് വെള്ളി നേടിയിരുന്നു. എലിസബത്തിന് കേരള പോലിസില്‍ സിഐ റാങ്കിലേക്കുള്ള നിയമന ഉത്തരവ് വൈകിയത് ചാംപ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ വിവാദമായിരുന്നു. നിയമനം വൈകിയെങ്കിലും ആദ്യവരവില്‍ തന്നെ ചരിത്ര നേട്ടം കൈപ്പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലാണ് എലിസബത്തിന്റെ മടക്കം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day