|    Oct 23 Sun, 2016 11:45 am
FLASH NEWS

പോലിസ് കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു: 41ാം ദിവസവും കശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ തുടരുന്നു

Published : 19th August 2016 | Posted By: SMR

ശ്രീനഗര്‍: കഴിഞ്ഞ ജൂലൈ 10ന് ശ്രീനഗറിലെ ബട്മലൂ പ്രദേശത്ത് പോലിസാക്രമണത്തില്‍ കൊല്ലപ്പെട്ട ശബീര്‍ അഹ്മദ് മിര്‍ എന്ന യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടി ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പുറത്തെടുത്തു. മരണകാരണം അറിയാന്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഖബറിടത്തില്‍നിന്ന് പുറത്തെടുക്കണമെന്ന് ഈ മാസം 12ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. മരിച്ച യുവാവിന്റെ പിതാവ് അബ്ദുര്‍റഹ്മാന്‍ മിര്‍ തന്റെ മകനെ പോലിസ് വീട്ടില്‍ക്കയറി കൊലപ്പെടുത്തിയതാണെന്നും ഡിവൈഎസ്പി യാസിര്‍ ഖാദിരിയുള്‍പ്പെടെയുള്ള പോലിസുദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് നേരത്തേ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവാവ് മരിച്ചത് പ്രതിഷേധ സമരത്തിനിടയിലാണെന്നായിരുന്നു പോലിസ് പറഞ്ഞിരുന്നത്.
ശ്രീനഗര്‍ പോലിസ് സൂപ്രണ്ടിനോട് പോലിസുദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍, മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരേ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. എന്നാല്‍, ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ വിധി ശരിവച്ചു. അതിനുശേഷം വിധിനടപ്പാക്കാത്തതില്‍ പോലിസ് സൂപ്രണ്ടിനെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് ഐജിയോട് മജിസ്‌ട്രേറ്റ് നിര്‍ദേശിക്കുകയും ചെയ്തു. ഈ നിര്‍ദേശം ഐജിയും അനുസരിച്ചില്ല. തുടര്‍ന്ന്, അദ്ദേഹത്തിനും പോലിസ് സൂപ്രണ്ടിനുമെതിരേ വീണ്ടും കോടതിയലക്ഷ്യത്തിന് മജിസ്‌ട്രേറ്റ് നടപടിയെടുത്തു. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയും കോടതി, ഈ മാസം ഒമ്പതിന് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരേയുള്ള കോടതിയലക്ഷ്യനടപടികള്‍ റദ്ദാക്കുകയും ചെയ്തു. അന്നു തന്നെയാണ് മൃതദേഹം ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
അതിനിടെ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഖ്‌റു പ്രദേശത്ത് സുരക്ഷാസൈന്യവും പ്രക്ഷോഭകരും തമ്മില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. ശാബിര്‍ അഹ്മദ് മോംഗ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭകരായ യുവാക്കള്‍ക്കു വേണ്ടി അര്‍ധരാത്രിയില്‍ വീടുകള്‍ കയറിയിറങ്ങി സുരക്ഷാസേന തിരച്ചില്‍ നടത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ച്ചയായ 41ാം ദിവസവും താഴ്‌വരയില്‍ കര്‍ഫ്യൂ തുടരുകയാണ്.
അധ്യാപകന്റെ മരണത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബുധനാഴ്ച രാത്രി കോളജ് അധ്യാപകന്‍ കൊല്ലപ്പെടാനിടയായതില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു. സംഭവം അന്വേഷിക്കാന്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അജ്ഞാതരായ സൈനികര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
ശബീര്‍ അഹ്മദ് മോംഗ എന്ന കരാര്‍ അധ്യാപകനാണ് സൈനികരുടെ മര്‍ദനമേറ്റ് മരിച്ചത്. സൈനികരുടെ മര്‍ദനത്തിനിരയായ 18 പേര്‍ ആശുപത്രിയിലാണ്. പുല്‍വാമ ജില്ലയിലെ ഖ്‌റു മേഖലയില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവാവിനെ തേടി സൈനികര്‍ വീടുവീടാന്തരം കയറിയിറങ്ങി. ഇതു ചോദ്യം ചെയ്തവരെ സൈന്യം മര്‍ദിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മോംഗയടക്കം 28 പേരെ സൈന്യം പിടികൂടിയിരുന്നതായി അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 142 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day