|    Oct 26 Wed, 2016 4:22 am
FLASH NEWS

പോത്തിന്‍ ദ്രാവകം

Published : 12th November 2015 | Posted By: G.A.G

കഥ/അശ്‌റഫ് ശ്രമദാനി

ഒരു കാറ്‌പോലും ഗ്രാമത്തില്‍ അപൂര്‍വ്വ ദൃശ്യമായിരുന്നു അക്കാലത്ത്. അപ്പോള്‍ പിന്നെ ഓട്ടോറിക്ഷയുടെ തനി മുഖഛായയുള്ള പെട്ടിവണ്ടി അവിടെ വന്നിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ.
ഒന്നാം വാര്‍ഡില്‍ താമസം വളപ്പില്‍ സാല്‍വി അന്തുക്ക എന്ന അബ്ദുല്‍ ഖാദര്‍, ശനിയാഴ്ചതോറും പെരുമ്പിലാവ് കാലിചന്തയില്‍നിന്നും, നോക്കി തെരഞ്ഞെടുത്ത കറുകറുത്ത തുടുത്ത ഒരു പോത്തുമായി വരുന്നു. നെറ്റിയില്‍ അറവടയാളമായി ഒരു ചുവന്ന കൊട്ടപ്പൂവ് കെട്ടിത്തൂക്കിയ ഈ കറുമ്പന്‍മാട് ഗ്രാമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചാല്‍ അയാള്‍ വാചാലനാകുന്നു. ഉടന്‍ വലിയ വായില്‍ ഇടക്കിടെ വിളിച്ചുകൂവുകയായി: ”നാളെ, നാളെ ചന്തപുരയില്‍.”
പോത്ത് തലയാട്ടും. അതിന്റെ അര്‍ത്ഥം ഞായറാഴ്ച തന്റെ ഇറച്ചി വാങ്ങാന്‍ വിധിയുള്ള വീട്ടുകാരുടെ അടുക്കളയില്‍നിന്നും മാംസം തിളയ്ക്കുന്ന മസാല ഗന്ധം ഉയരുമെന്നാണ്. മാംസഭുക്കുകളായ, വഴിയോരത്തു നില്‍ക്കുന്ന എല്ലാ ഗ്രാമീണരും നടന്നുനീങ്ങുന്ന അറവുമൃഗത്തെ ആര്‍ത്തിയോടെ നോക്കിനില്‍ക്കും. ചായക്കടക്കാരന്‍ കൊച്ചേട്ടന്‍ അന്നേരം കുട്ടികളോട് പറയും: ”അന്തുക്കാടെ കയ്യില്‍ മാത്രമല്ല പോത്തിന്റെ കയറ്. അതിന്റെ പുറത്തിരിക്കുന്ന അദൃശ്യനായ കാലന്റെ കയ്യിലുമുണ്ട് ചുറ്റിപ്പിടിച്ചൊരു കയറ്.”അപ്പോള്‍ കുട്ടികള്‍ പറയും: ”യമന്‍ കൊച്ചേട്ടനെ നോട്ടമിട്ടിട്ടുണ്ട്.” അന്തൂക്ക ചന്തപ്പുര എന്നുപറയുമ്പോള്‍ നാട്ടിലെ വൃദ്ധജനങ്ങള്‍ക്ക് ഗൃഹാതുരത്വമുണ്ടാകും. ചരക്കുവള്ളങ്ങള്‍ വന്ന് കരയില്‍ നാട്ടിയ കുറ്റിയില്‍ കെട്ടിയിട്ടിരുന്ന പുഴക്കടവ്തന്നെയാണ് കൊപ്ര കയറ്റിക്കൊണ്ടു പോകുന്ന വള്ളങ്ങള്‍ പുറപ്പെടുന്ന പുളിക്കകടവും. റാവുത്തര്‍മാര്‍ വന്ന് കച്ചവടം നടത്തിയിരുന്ന പലചരക്കു കടകള്‍. പുഴയോരത്തിന് പ്രൗഡി പകര്‍ന്നിരുന്ന ഫഖ്‌റൂദ്ദീന്‍ തങ്ങളുടെ പാണ്ടികശാല. കണ്ടല്‍ കാടുകളെ രോമാഞ്ചമണിയിച്ചുകൊണ്ട് തങ്ങളുടെ സ്രാമ്പ്യയില്‍ നമസ്‌ക്കരിക്കുന്ന വഴിപോക്കരെ തഴുകാന്‍ ഒഴുകിയെത്തുന്ന കുളിരുള്ള പുഴക്കാറ്റ്. പുത്തന്‍ കടപ്പുറത്തുനിന്നും മീന്‍ നിറച്ച കുട്ടകളുമായി വിയര്‍ത്തു കുളിച്ചെത്തുന്ന, മീങ്കാവ് ചുമലില്‍ തൂക്കിയവര്‍… ഇന്ന് ചന്തപ്പുര ഓര്‍മ്മ സൂക്ഷിക്കുന്നവരുടെ ചെപ്പിലെ സ്മൃതിയായി, മുത്തായി, ചരിത്രമായി. കറുത്ത ഒരറവുമാട്, വസൂരിക്കലയുള്ള ഒരറവുകാരന്റെ ബീഡിവലിച്ചു വലിച്ചു കടുത്ത ശബ്ദം. വിഭൂതിയില്‍ ചന്തപ്പുരയുടെ അവ്യക്ത ചിത്രവുമായി ഗ്രാമവീഥികള്‍ ചുറ്റുന്നു. ‘നാളെ നാളെ ചന്തപ്പുരയില്‍.’ മുദ്രാവാക്യത്തിന്റെ ഇശലിലുള്ള ഒരറവുപാട്ട്. ചുവന്ന കൊട്ടപ്പൂവിന്റെ മൗന നൊമ്പരം. ഞാറ്റുവേലകാലത്ത് അന്തുക്ക ഉരുവിന്റെ വലുപ്പം കൂട്ടുന്നു. അന്ന് നാട്ടിന്‍ പുറത്ത് അപൂര്‍വ്വമായി മാത്രം മാംസം ഭുജിക്കുന്നവര്‍ പുലര്‍ച്ചെ ഇറച്ചിക്കായി ചന്തപ്പുരയില്‍ എത്തുന്നു. ഗാന്ധിയന്‍ കൃഷ്ണച്ചോന്‍, മനക്കലെ ശ്രീധരമേനോന്റെ കാര്യസ്ഥന്‍, ലേവ്യ പുസ്തകം ഹൃദിസ്ഥമാക്കിയ ലൂവീസ് മാപ്ല… വിധിപ്രകാരം അറുത്തു ചോരവാര്‍ത്ത വൃത്തിയുള്ള ഇറച്ചി, ജീരകാദി മസാലയില്‍ വരട്ടിയെടുത്തതും, കുറുന്തോട്ടി സമൂലം അരച്ചു ചേര്‍ത്ത നെല്ലരിക്കഞ്ഞിയും വാതരോഗം തടഞ്ഞു നിര്‍ത്തുമെന്ന് വയസ്സന്മാര്‍ വിശ്വസിച്ചു പോന്നു. മുഖ്യമായും മൂരിയിറച്ചിയുടെ പ്രണേതാക്കളായ തങ്ങന്മാര്‍ക്ക്‌വേണ്ടി കാരാക്കോസ് കവലയില്‍ കസായി അമ്മുണ്ണ്യാക്ക അന്നേ ദിവസം കാളക്കുട്ടനെയും അറുത്തു പോന്നു. മൂരിയിറച്ചി തിന്നുന്നവര്‍ക്ക് ശൗര്യം കൂടുമെന്ന് നാട്ടില്‍ ചിലര്‍ വിശ്വസിച്ചു. പക്ഷേ, നാടിന്റെ ഖല്‍ബില്‍ മരിച്ചുപോയ ചന്തപ്പുരയുടെ അവ്യക്തമായൊരു ബിംബം ബാക്കി നിര്‍ത്തുന്നത് സാല്‍വി അബ്ദുല്‍ ഖാദര്‍. അല്ലെങ്കില്‍ ഓരോ ശനിയാഴ്ചയും ഒരു പുനരവതാരംപോലെ അയാള്‍ തെളിച്ചു കൊണ്ടുവരുന്ന പോത്ത്. ഏഴകളുടെ, കീഴാളരുടെ, ഇരകളുടെ കറുത്ത പ്രതീകം. അന്തുക്കയും ഇരതന്നെ; വേട്ടക്കാരനല്ല. മക്കളെ പട്ടിണി വേട്ടയാടാതിരിക്കാന്‍ ഒരു ഉപജീവനമാര്‍ഗം. അയാളുടെ മൂഖ്യ ഉപജീവനം ഒജീനം; കടുപ്പത്തിലൊരു ചായ, മൊരിഞ്ഞ ഒരു പരിപ്പുവട, കടുപ്പം കൂടിയ ഒരു ചെറുബീഡി.
ഗ്രാമത്തില്‍ അറേബ്യന്‍ അത്തറിന്റെ ഗന്ധം പടര്‍ന്നു പരന്നു. കാറുകള്‍ ഒരപൂര്‍വ്വ ദൃശ്യമല്ലാതായി. ഓട്ടോറിക്ഷയുടെ തനി മുഖഛായയുള്ള പെട്ടിവണ്ടിയും അവിടെ വന്നു തുടങ്ങിയെന്ന് പറയേണ്ടതില്ലല്ലോ. കൂടെ ഇരുന്നു ഇറച്ചി വെട്ടുന്ന മകന്‍ മര്‍ജാനെ, സ്വരൂപിച്ച ചോര ക്കാശ് കൊടുത്തു അറേബ്യയിലേക്ക് കാണാപ്പൊന്ന് വാരാന്‍ പറഞ്ഞയച്ചു സാല്‍മി അന്തുക്കയും.
ബാപ്പയെ സഹായിക്കാന്‍ മൂന്നു കൊല്ലവും മൂന്നു മാസവും അവന്‍ സഹിച്ച് പിടിച്ച് നിന്നത് അവനും അവന്റെ പടച്ചവനും മാത്രം അറിഞ്ഞു. ഗൃഹാതുരത്വം തോന്നുമ്പോഴൊക്കെ മര്‍ജാന്‍ അബ്ദുല്‍ഖാദര്‍ ഒരു കൂട് പാന്‍മസാല പൊട്ടിച്ചു പലപ്പോഴായി ചവച്ചും പുല്‍കൂടിന്റെയും ചെമ്മരിയാടിന്റെയും മനോഹരമായ തുടിക്കുന്ന ചിത്രമുള്ള പലസ്തീന്‍കാരുടെ ബെയ്ത്‌ലഹം ഇറച്ചിക്കടയില്‍ അവന്‍ കണ്ണുവെച്ചു. അതുപോലൊരു കട നാട്ടില്‍ ചന്തപ്പുരയിലെ ഓലയുടെ മേല്‍ക്കൂരയും മരമുട്ടിയും മരപ്പലകയും മാടിന്റെ കൈകാലുകള്‍ തൂക്കിയിടുന്ന കയറും ഇനി നാട്ടിലും പറ്റില്ലെന്ന പുതിയൊരറിവ് ഒരാശയായി അവനില്‍ പടര്‍ന്നു. ഖല്‍ബില്‍ പ്രതീക്ഷയുടെ പുല്ല് മുളച്ചു പച്ചപിടിച്ചു. സസ്യഭുക്കുകള്‍ തിന്നുന്ന പുല്ലും പച്ചക്കറികളും ധാന്യവും തിന്നിട്ടാണ്, മാംസഭുക്കുകള്‍ തിന്നുന്ന ഇറച്ചിമാടുകള്‍ വളര്‍ന്നു കൊഴുക്കുന്നത്. ആകയാല്‍ ഇനി വെജ് എന്നോ നോണ്‍ വെജ് എന്നോ പറയില്ലെന്ന് അവന്‍ ഉറച്ചു. മര്‍ജാന്‍ ക്രീക്കില്‍ ആരുമില്ലാത്ത നേരത്തു പോയി ഉറക്കെ പറഞ്ഞു ശീലിച്ചു. ‘ലഹം താസജ് ഫ്രെഷ് മീറ്റ്, ബെയ്ത് ലഹം മീറ്റ് ഷോപ്പ്. ചന്തപ്പുര.’
ഗള്‍ഫില്‍നിന്നും വരുന്നവരോടൊക്കെ അവന്‍ പറഞ്ഞു: ‘നല്ല ലഹം താസജ്. ഒന്നാന്തരം മുംതാസ് പോത്തിറച്ചി. പോകുമ്പോള്‍ പൊരിച്ചു കൊണ്ടുപോകാന്‍ നമ്പറ വാഹദ്.’ അവന്‍ നാട്ടിലേക്ക് തന്നെ തിരിച്ചു വന്നു. ഇനി അറേബ്യയെക്കുറിച്ചുള്ള നൊസ്താള്‍ജിയ മുളപൊട്ടുമ്പോള്‍ കടുപ്പത്തിലൊരു ചായ!. പുല്ലും വൈക്കോലും തിന്നു അകിട് ചുരത്തുന്ന കൊച്ചേട്ടന്റെ മകന്റെ കറുത്ത എരുമയുടെ പാലില്‍.
അപ്പോള്‍ പിന്നെ ബെയ്ത്ത് ലഹം മീറ്റ് ഷോപ്പിലേക്ക് പോത്തിനെ കൊണ്ടുവരുന്നത് ഓട്ടോറിക്ഷയുടെ തനി മുഖഛായയുള്ള പെട്ടിവണ്ടിയിലാണെന്ന് പറയേണ്ടതില്ലല്ലോ. അവന്‍ രോഗിയായ ബാപ്പയ്ക്കും കുടുംബത്തിനാകെയും താങ്ങും തണലുമായി. നേരിലും നെറിയിലും മര്‍ജാന്‍, അന്തുക്കയെ കടത്തിവെട്ടി. അതുകൊണ്ടാണല്ലോ അറേബ്യയില്‍നിന്ന് അവധിക്ക് വരുന്നവര്‍ മക്കളുടെ മുടി കളഞ്ഞാല്‍ ദാനം കൊടുക്കുന്ന അഖീഖയുടെ ഇറച്ചിക്കുള്ള ലക്ഷണമൊത്ത ആടുമാടുകളെ വാങ്ങാനും, അറുത്ത് വിതരണം ചെയ്യാനും അവനെ ഏല്‍പ്പിക്കുന്നത്. ഇറച്ചി ദാനം ചെയ്യപ്പെടാന്‍ പറ്റിയവരുടെ പട്ടിക അവന്റെ കയ്യിലുണ്ട്. മാംസം ദാനം ചെയ്യാമെന്ന് രോഗശാന്തി മനസ്സില്‍ കരുതി, അറേബ്യയില്‍നിന്നും ആരെങ്കിലും അവധിക്ക് വരുമ്പോഴും ആ പട്ടിക സജീവമാകുന്നു.
നേരിന്റെ നാമത്തില്‍ മര്‍ജാന്‍ നാട്ടില്‍ പേരെടുത്തു. തോറ എന്ന പഴയ നിയമത്തില്‍ വിലക്കുണ്ടായാലും ഇല്ലെങ്കിലും പോര്‍ക്കിറച്ചി തൊടാത്ത ഫ്രാന്‍സിസ് എന്ന പൊറിഞ്ചുവേട്ടന്‍ പടച്ചവന്റെ നാമത്തില്‍ അറുക്കപ്പെട്ട മര്‍ജാന്റെ പോത്ത് മാംസം കഴിച്ചു. അയാളുടെ പെണ്ണും. കെട്ടിക്കൊണ്ടുവരും മുമ്പേ പോര്‍ക്കിനെ അവളുടെ വീട്ടില്‍നിന്നും തിന്നിട്ടുണ്ടെങ്കിലേ ഉള്ളൂ.
പക്ഷേ, വിശേഷാവസരങ്ങളിലെ കുടി കൂടിപ്പോയാല്‍ സ്വന്തം പെണ്ണ് മറിയത്തെ പൊറിഞ്ചു പന്നി എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കും. പന്നിയിറച്ചി നിഷിദ്ധമായ അയല്‍പക്കത്തെ നാലാം വേദക്കാരന്‍ യൂസുഫ് ഹാജിയും, സ്‌നേഹം കൂടിയാലും കുറഞ്ഞാലും സ്വന്തം കെട്ടിയവളെ പന്നി എന്നും വിളിക്കാറുണ്ടല്ലോ. ഗ്രാമത്തിലെ തങ്ങന്മാരെപ്പോലെ ഹാജിക്കിഷ്ടം മൂരിയിറച്ചിയാണ്. എന്നാലോ ഈ രണ്ട് അയല്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ട പക്ഷിയിറച്ചി താറാവിന്റെതാകുന്നു. ആകയാല്‍ അവര്‍ അപൂര്‍വ്വം ചില വിരുന്നുകാര്‍ക്ക് മാത്രമായി കോഴിവെച്ചു. അങ്ങിനെ ഇവരെല്ലാവരും സ്വസ്ഥമായി കഴിയുമ്പോഴാണ്, ഒരു വാരാന്ത്യത്തില്‍ മൂവന്തി നേരത്ത്, വരുമെന്ന് പറഞ്ഞ വിരുന്നുകാര്‍ ഏലൂര്‌നിന്നും പൊറിഞ്ചുവിന്റെ വീട്ടിലെത്തിയത്. ഇറച്ചി തോനെ വാങ്ങിപോകുമ്പോള്‍ അതിഥികള്‍ എത്തുന്ന വിവരം രാവിലെത്തന്നെ അയാള്‍ മര്‍ജാനോട് പറഞ്ഞിരുന്നു. അറുത്തകോഴിയെ നന്നാക്കി എടുക്കുന്ന നേരം ഹലാല്‍ ചിക്കന്‍ വില്‍ക്കുന്ന കടക്കാരനോടും വിവരം പറഞ്ഞിരുന്നു. പൊറോട്ട ഏല്‍പ്പിക്കുന്നേരം ബോംബെ ഹോട്ടലുകാരനോടും വിവരം പറഞ്ഞിരുന്നു. പക്ഷേ, എല്ലൂരുകാര്‍ എരുമ ഇറച്ചി പ്രിയരാണെന്ന് മര്‍ജാനോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ചില കാര്യങ്ങള്‍ അയാള്‍ ഏറെ ഇഷ്ടപ്പെട്ടവരോടേ പറയൂ.
കൊച്ചിയിലേക്ക് പോകുമ്പോള്‍ എരുമ ഇറച്ചി ഇവിടെ ലഭ്യമാണ് എന്ന് പരസ്യപ്പലക മര്‍ജാനും വായിച്ച് പോയിട്ടുണ്ട്. നെയ് മുറ്റിയ വന്ധ്യയായ എരുമയുടെ ഇറച്ചി ചിലര്‍ക്ക് പ്രിയപ്പെട്ടതാകുന്നു. മറിയയെപോലെ സുമംഗലിയായി വര്‍ഷങ്ങള്‍ ഏറെ താണ്ടിയിട്ടും, വന്ധ്യയായിതന്നെ നില്‍ക്കുന്ന ഒരു മാനുഷിയുടെ ദുഖം മച്ചി എരുമയുടെ ഇറച്ചി തിന്നുമ്പോള്‍ മനുഷ്യന്‍ ഓര്‍ത്തുകൊള്ളണമെന്നില്ലല്ലോ…
പൊറിഞ്ചുവേട്ടന്‍ മര്‍ജാന്റെ പോത്തിറച്ചിയുടെ മഹത്വം പറഞ്ഞുകൊണ്ടേയിരുന്നു. അയാളെ സംസാരിക്കാന്‍ വിട്ടേച്ചും വിരുന്നുകാര്‍ ഇറച്ചി വെച്ചതും കോഴിപൊരിച്ചതും മാറി മാറി വെട്ടിവിഴുങ്ങിക്കൊണ്ടേയിരുന്നു. വയറ് ക്രമാതീതമായി നിറഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍വിളികളുണ്ടായി. അവര്‍ തീറ്റക്ക് അകമ്പടിയായി കുപ്പിയടിച്ചിരുന്നുവെന്ന് പിന്നീടൊരിക്കല്‍ പൊറിഞ്ചുതന്നെ വെളിപ്പെടുത്തുകയുണ്ടായല്ലോ.
പക്ഷേ, ആതിഥേയന്റെ മരിച്ചുപോയ അപ്പനെയും ഇറച്ചിക്കാരന്റെ കിടപ്പിലായ ബാപ്പയെയും അവര്‍ പുലഭ്യം പറഞ്ഞു. എരുമയിറച്ചി തിന്നു ബോറടിച്ചു ഏലൂര് നിന്നും വന്നപ്പം, കുണ്ടഴിയൂരും വനിതാ പോത്തിന്റെ ഇറച്ചി തന്നെ.’ പിന്നീട് അവര്‍  ചൊരിഞ്ഞ അസഭ്യങ്ങളത്രയും മറിയച്ചേട്ടത്തി ഒരുത്തി മാത്രം കേട്ടു മനസ്സിലിട്ടു. വടികൊടുത്തു വാങ്ങിയ അടിയില്‍ സ്വന്തം ചേട്ടായി പുളയുന്നത് ആ ഭാര്യ വേദനയോടെ നോക്കിക്കണ്ടു.
ഭര്‍ത്താവിനെ അവര്‍ മര്‍ജാന്റെ അടുത്തേക്ക് ഈ രാത്രിതന്നെ വിവരാവകാശമനുസരിച്ച് തെളിച്ചു കൊണ്ടുപോകുന്നത് കണ്ട് അവര്‍ അങ്ങിരുന്നുപോയി. പരസ്പരം സ്‌നേഹിച്ചും വിശ്വസിച്ചും കഴിയുന്നവര്‍ തമ്മിലുള്ള ബന്ധം തകരാതിരിക്കണമേ ആമേന്‍ എന്ന് മറിയം കുരിശു വരച്ചു പ്രാര്‍ത്ഥിച്ചു.
ഇറച്ചിക്കട കഴുകി വൃത്തിയാക്കി, മറിയച്ചേടത്തിയെപ്പോലെതന്നെ തളര്‍ന്നങ്ങിരുന്നുപോയ മര്‍ജാനെ അവര്‍ പോലിസ് മുറയില്‍ ചോദ്യം ചെയ്തു. അവന്‍ പൊറിഞ്ചുവേട്ടന്‌വേണ്ടി ക്ഷമിച്ചു. അറുത്തത് പോത്താണെന്നതിന് ഈ നേരം കെട്ട നേരത്ത് എന്ത് തെളിവ് നല്‍കും? പോത്തിന്‍ തോല് പട്ടണത്തില്‍ കൊണ്ടുപോയി വിറ്റു ആമുക്കയും തിരിച്ചെത്തിയല്ലോ. അവന്‍ ഒരു വെട്ടുപോത്തിനെപ്പോലെ പുറത്തേക്ക്ചാടി കടയടച്ചു. വിരുന്നുകാര്‍ തന്ത്രപൂര്‍വ്വം രോഷം ഉള്ളിലടക്കി പിന്‍വലിഞ്ഞു. ഫഌക്‌സ് ബോഡിലെ പോത്ത് മുക്രയിട്ട് തങ്ങള്‍ക്കു നേരെ ചീറി വരുകയാണെന്ന് അവര്‍ ഭയന്നു.
തന്നെ ഇവര്‍ ഒരു പോത്താക്കിക്കളഞ്ഞു എന്ന തോന്നല്‍ അവനില്‍ സാന്ദ്രമായി. അവന്‍ വിളിച്ച പ്രകാരം ഓട്ടോറിക്ഷയുടെ തനി മുഖഛായയുള്ള പെട്ടിവണ്ടി ബെയ്ത്‌ലെഹം മീറ്റ് ഷാപ്പിന്റെ മുന്നില്‍ വന്നുനിന്നു. മര്‍ജാന്‍ വണ്ടിയുടെ പെട്ടിയില്‍ കയറിനിന്നു വലിയ വായില്‍  വിളിച്ചു. കൂവി: ‘നാളെ നാളെ ചന്തപ്പുരയില്‍.’ ഉറങ്ങാത്തവര്‍ ഇറങ്ങിവന്നു. പാതയോരത്ത് നിന്നു. നാട്ടില്‍ പെട്ടി വണ്ടി വന്ന ശേഷം, വളപ്പില്‍ സാല്‍വി അന്തുക്ക എന്ന അബ്ദുല്‍ ഖാദര്‍ നിറുത്തിവെച്ച വിളിച്ചറിയിപ്പ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമം വീണ്ടും കേട്ടു. അവര്‍ തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ സാകൂതം വണ്ടിപ്പെട്ടിയിലേക്ക് നോക്കി. ചിലര്‍ പറഞ്ഞു: ‘ഒരു പോത്ത് നില്‍ക്കുന്നു.’ മറ്റു ചിലര്‍ പറഞ്ഞു: ‘അല്ല, മര്‍ജാന്‍ അബ്ദുല്‍ ഖാദര്‍!’ എന്തായാലും ഞാറ്റുവേലക്കാലത്ത് കൊണ്ടുവരുന്ന അറവുപോത്തിനെക്കാള്‍ ഭാരം ഓട്ടോറിക്ഷയുടെ തനി മുഖഛായയുള്ള പെട്ടിവണ്ടിയുടെ ഡ്രൈവര്‍ക്ക് അനുഭവപ്പെടുകയുണ്ടായിപോലും അപ്പോള്‍.           ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 185 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day