|    Dec 4 Sun, 2016 3:45 pm

പൊതുമരാമത്തു വകുപ്പിനെ ശ്വാസംമുട്ടിക്കരുത്; അമര്‍ഷം പ്രകടിപ്പിച്ച് മന്ത്രി സുധാകരന്‍

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിന് ഫണ്ട് അനുവദിക്കാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ച് മന്ത്രി ജി സുധാകരന്‍. നിയമസഭയില്‍ മുന്‍ പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ സബ്മിഷന് മറുപടി പറയവെയാണ് മുന്‍ പൊതുമരാമത്തു സെക്രട്ടറി ടി ഒ സൂരജിനെതിരേയും മുന്‍കാലത്തെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനത്തെയും മന്ത്രി ജി സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചത്.
എറണാകുളത്തെ പുറപ്പള്ളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയാണെന്ന ഇബ്രാഹിംകുഞ്ഞിന്റെ പരാമര്‍ശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. എന്തടിസ്ഥാനത്തിലാണ് വകുപ്പിനെ ഇബ്രാഹിംകുഞ്ഞ് കുറ്റപ്പെടുത്തുന്നതെന്ന് സുധാകരന്‍ ചോദിച്ചു. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് യാതൊരു മര്യാദയുമില്ലാതെയാണ് ഉത്തരവുകള്‍ ഇറക്കിയത്. അയാള്‍ എങ്ങനെ അവിടെ സെക്രട്ടറിയായി ഇരുന്നുവെന്ന് അറിയില്ല. ഒരു ഉത്തരവിലും ചട്ടങ്ങള്‍ പാലിച്ചിട്ടില്ല.
വകുപ്പിന് ബജറ്റിലോ പ്രത്യേകമോ ഇതിനു പണമില്ലാത്ത സ്ഥിതിയാണ്. അതുകൊണ്ട് പൊതുമരാമത്തു വകുപ്പ് ശ്വാസംമുട്ടുകയാണ്. എറണാകുളത്തെ പുറപ്പള്ളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണവും ഇതില്‍പ്പെട്ടതാണ്. പാലത്തിന്റെയും റോഡിന്റെയും പണി ഏറക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. ജലസേചനവകുപ്പില്‍നിന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പ്രവൃത്തിയാണിത്. എന്നാല്‍, നിര്‍മാണച്ചെലവിനത്തില്‍ ജലസേചന വകുപ്പ് ഒരുരൂപ പോലും മരാമത്തു വകുപ്പിന് നല്‍കിയില്ല. 44 കോടി രൂപ എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്ന പദ്ധതിക്കാണ് ആദ്യം ഭരണാനുമതി നല്‍കിയത്. പിന്നീട് എസ്റ്റിമേറ്റ് 100 കോടിയായി പുതുക്കി. 32 കോടി രൂപ കൂടി ലഭിച്ചാല്‍ പണി പൂര്‍ത്തിയാക്കാം.
നിര്‍മാണത്തിന് ആവശ്യമായ പണം അനുവദിക്കുന്നതില്‍ ധനമന്ത്രി തോമസ് ഐസക് സഹായിക്കണം. പണം കിട്ടിയാല്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day