|    Dec 4 Sun, 2016 9:48 pm
FLASH NEWS

പെരുമ്പ പുഴയ്ക്ക് ശാപമോക്ഷം; അധികൃതര്‍ ശുചീകരണം തുടങ്ങി

Published : 24th October 2016 | Posted By: SMR

പയ്യന്നൂര്‍: കടലിലെ വേലിയേറ്റത്തിനും ഇറക്കത്തിനുസരിച്ച് മാലിന്യങ്ങളുടെ പരന്നൊഴുക്കില്‍നിന്ന് പെരുമ്പ പുഴയ്ക്ക് ശാപമോക്ഷം. എംഎല്‍എമാരായ സി കൃഷ്ണന്‍, ടി വി രാജേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പെരുമ്പ മുതല്‍ പാലക്കോട് ബോട്ട് ജെട്ടി വരെയുള്ള പുഴയുടെ ഇരുകരകളിലെയും ജനങ്ങള്‍ പങ്കാളികളായി. പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ പെരുമ്പ പുഴയെ മാലിന്യവാഹിനിയാക്കി മാറ്റിയ അറവുശാലകളില്‍ നിന്നുള്ള മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍, പ്ലാസ്റ്റിക് സഞ്ചികള്‍, കുപ്പികള്‍, ഡിസ്‌പോസബിള്‍ പ്ലേറ്റുകള്‍ തുടങ്ങിയവ ബോട്ടുകളിലും തോണികളിലും സഞ്ചരിച്ച് സന്നദ്ധപ്രവര്‍ത്തകരും തൊഴിലാളികളും ചേര്‍ന്ന് നീക്കംചെയ്തു. എംഎല്‍എമാരും ജില്ലാ കലക്ടറും ശുചീകരണപ്രവൃത്തികളി ല്‍ നേരിട്ട് പങ്കാളികളായപ്പോള്‍ മറ്റുള്ളവര്‍ക്കും ആവേശമായി. പെരുമ്പ മല്‍സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കിക്കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. തുടര്‍ന്ന് ചെമ്പല്ലിക്കുണ്ട്, കുഞ്ഞിമംഗലം, പാലക്കോട്-രാമന്തളി പുഴ, സുല്‍ത്താന്‍ കനാല്‍, ചൂട്ടാട് മഞ്ച, ബോട്ട് ജെട്ടി എന്നീ ഭാഗങ്ങളും ശുചീകരിച്ചു. 15 കിലോമീറ്ററോളം വരുന്ന പുഴയും കരയും 400 മീറ്ററിലേറെ വരുന്ന കണ്ടല്‍ക്കാടുകളുമാണ് മാലിന്യമുക്തമാക്കിയത്. കൂടുതല്‍ മാലിന്യം കെട്ടിക്കിന്ന സുല്‍ത്താന്‍ കനാലിനും ചൂട്ടാട് മഞ്ചയ്ക്കുമിടയിലെ പ്രദേശങ്ങള്‍ പൂര്‍ണമായും മാലിന്യമുക്തമായി. പുഴയിലേതിനൊപ്പം കരയിലെ മാലിന്യങ്ങളും ശേഖരിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി കുഴിച്ചുകൂടി. പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കാന്‍ നടപടികള്‍ സ്വീകരിച്ചു.  പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് കെ ആബിദ , എം കുഞ്ഞിരാമന്‍ , എം വി ഗോവിന്ദന്‍  എന്നിവരുടെയും വാര്‍ഡ് മെംബര്‍മാരുടെയും നേതൃത്വത്തില്‍ വിപുലമായ ശുചീകരണ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഡിഡിപി എം എസ് നാരായണന്‍ നമ്പൂതിരി, സജിന മുള്ളിക്കോടന്‍, എ ഇ ശബ്‌ന തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day