|    Dec 9 Fri, 2016 7:02 pm
FLASH NEWS

പെന്‍ഷന്‍ ആനുകൂല്യം ഉറപ്പാക്കാന്‍ ഗുണഭോക്താക്കളുടെ നെട്ടോട്ടം

Published : 24th November 2016 | Posted By: SMR

മാനന്തവാടി: സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ ഉറപ്പിക്കാനായി ഗുണഭോക്താക്കളുടെ നെട്ടോട്ടം തുടരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ച് തിരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നു വീണ്ടും സ്വയംസാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദേശമാണ് പെന്‍ഷന്‍കാരെ വട്ടംകറക്കുന്നത്. ഈ മാസം എട്ടിനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറങ്ങിയത്. 20നുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്നും സത്യവാങ്മൂലം ശേഖരിച്ച് 25നുള്ളില്‍ ഇതിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലൂടെ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കാനും വീടുകളിലെത്തി സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി വാങ്ങാന്‍ ഒരംഗത്തിന് അഞ്ചുരൂപ വരെ പ്രതിഫലമായി നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പല പഞ്ചായത്തുകളും ഇതിനു മുമ്പ് നടത്തിയ സര്‍വേയുടെ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതേറ്റെടുക്കാന്‍ തയ്യാറായില്ല. ഏറ്റെടുത്തവരാവട്ടെ, ഒറ്റപ്പെട്ടതും വിദൂര പ്രദേശങ്ങളിലുള്ളതുമായ ഗുണഭോക്താക്കളെ വീടുകളിലെത്തി കാണുന്നതിനു പകരം പഞ്ചായത്ത് ഓഫിസുകളിലേക്ക് വിളിച്ചുവരുത്തി വിവരശേഖരണം നടത്തുന്നതാണ് പ്രായാധിക്യത്താല്‍ പ്രയാസപ്പെടുന്ന ഗുണഭോക്താക്കള്‍ക്കുള്‍പ്പെടെ പ്രായസമായിരിക്കുന്നത്. രണ്ടുദിവസത്തിനകം വിവരങ്ങള്‍ എത്തിയില്ലെങ്കില്‍ പെന്‍ഷന്‍ തുടര്‍ന്നു ലഭിക്കില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് പലരും പരാധീനതകള്‍ മറന്നാണ് പഞ്ചായത്തുകളിലെത്തുന്നത്. ആധാര്‍നമ്പറുമായി നേരത്തെ കൂട്ടിയോജിപ്പിച്ചിരുന്ന പെന്‍ഷന്‍ പുതുതായി നല്‍കുന്ന സത്യവാങ്മൂലത്തിലും ആധാര്‍നമ്പര്‍, ഏതിനം പെന്‍ഷനാണെന്ന വിവരം, പെന്‍ഷന്‍ ഐഡി നമ്പര്‍, വീട്ടുനമ്പര്‍, വാര്‍ഡ്, മൊബൈല്‍ നമ്പര്‍, വിധവാ പെന്‍ഷനാണെങ്കില്‍ പുനര്‍വിവാഹിതയാണോ എന്ന വിവരങ്ങളും നിലവില്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി നല്‍കിക്കൊണ്ടിരിക്കുന്ന പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലൂടെയോ മണിയോര്‍ഡര്‍ വഴിയോ ലഭിക്കണമോ എന്നുമാണ് ഗുണഭോക്താവ് നല്‍കേണ്ട വിവരങ്ങള്‍. ഈ മാസം 25നകം വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കുന്നതു മുടങ്ങുമെന്നാണ് പറയപ്പെടുന്നത്. ഇതോടെ പഞ്ചായത്ത് ഓഫിസുകളിലെത്തുന്നവര്‍ക്ക് മറ്റു സേവനങ്ങള്‍ നല്‍കാതെ മുഴുവന്‍ ജീവനക്കാരും ഡാറ്റാ എന്‍ട്രിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ജില്ലയില്‍ മാത്രം ഒരുലക്ഷത്തിലധികം പേരാണ് വിവധ ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹരായിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day