|    Dec 4 Sun, 2016 3:19 am
FLASH NEWS

പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാവുന്നു

Published : 29th November 2016 | Posted By: SMR

മാള: അസൗകര്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന പുത്തന്‍ചിറ സാമൂഹാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു. ഇവിടെ ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്ക് നിരവധി അസൗകര്യങ്ങളും ബുദ്ധിമുട്ടുകളുമാണ് അനുഭവിക്കേണ്ടി വരുന്നത്. ഉച്ചക്ക് ശേഷം എത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭിക്കാത്തത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എക്‌സറെ യൂണിറ്റില്ലാത്തത് കാരണം അത്യാവശ്യ ഘട്ടങ്ങളില്‍ കൊടുങ്ങല്ലൂരിലോ മാളയിലൊ പോയി എക്‌സറെ എടുക്കേണ്ടി വരുന്നത് രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി ഓട്ട് പേഷ്യന്റ് ബ്ലോക്ക്, ക്യാഷ്വാലിറ്റി വിഭാഗം, ഒബ്‌സര്‍വേഷന്‍, എക്‌സറേ യൂനിറ്റ് എന്നിവക്ക് വേണ്ടിയുള്ള ബഹുനില കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിച്ച്‌കൊണ്ടിരിക്കുകയാണ്. മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 63 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാഷ്വാലിറ്റി വിഭാഗം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. താലൂക്ക് ആശുപത്രിയുടെ തലത്തിലേക്ക് ഉയരുന്ന പുത്തന്‍ചിറ സാമൂഹ്യകാരോഗ്യ കേന്ദ്രത്തില്‍  കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ആവശ്യമായി വരും. നിലവില്‍ അഞ്ച് ഡോക്ടര്‍മാര്‍ ഉണ്ടാകേണ്ടിടത്ത് നാല് ഡോക്ടര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിട്ടുള്ളത്. അതില്‍ ഒരു ഡോക്ടര്‍ ലീവിലാണ്. ഡോക്ടര്‍മാര്‍ ഉപകേന്ദ്രങ്ങളില്‍ ചികിത്സക്ക് പോകുന്ന ദിവസങ്ങളില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരുടെ  സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നുള്ളൂ എന്ന പരാതിയും ആളുകള്‍ക്കുണ്ട്. പുതിയ ബ്‌ളോക്ക് തുറക്കുന്നതോടെ  പരാതികള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനങ്ങള്‍  ലഭ്യമാകുന്നതോടെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. കാലങ്ങളേറെയായി ജനങ്ങളില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ക്കാണിപ്പോള്‍ പരിഹാരമാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day