|    Dec 9 Fri, 2016 10:49 pm
FLASH NEWS

പുതിയ മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം: പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് ഇപി

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: പുതിയ മന്ത്രിയെ നിയമിക്കാന്‍ തീരുമാനമെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രോഷം പ്രകടിപ്പിച്ച് ഇ പി ജയരാജന്‍. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ച ഇപി ജയരാജനെ  ചൊടിപ്പിച്ചത് പുതിയ മന്ത്രിയായി എം എം മണിയെ നിര്‍ദേശിച്ച പാര്‍ട്ടി നടപടിയാണ്.
അന്വേഷണം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഈ തീരുമാനമെടുക്കുന്നത് തന്നെ കുറ്റക്കാരനായി മുദ്രകുത്താനാണെന്നായിരുന്നു ജയരാജന്റെ വിമര്‍ശനം. അങ്ങനെയെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ജയരാജന്‍ യോഗത്തില്‍ തുറന്നടിച്ചു. താന്‍ കുറ്റക്കാരനാണെന്നു പാര്‍ട്ടി തന്നെ പ്രഖ്യാപിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകനായി തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ നേരിട്ട് ആക്രമിച്ചുകൊണ്ടായിരുന്നു ഇപിയുടെ രോഷപ്രകടനം. കോടിയേരിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നും ഇപി ചൂണ്ടി—ക്കാട്ടി. കോടിയേരിയുടെ ഭാര്യാസഹോദരന്‍ വിനയകുമാറിന്റെ പേരും ജയരാജന്‍ എടുത്തുപറഞ്ഞു. പണ്ട് വിഎസിന്റെ മകനു നിയമനം കിട്ടിയ കാര്യവും ഇപി പരാമര്‍ശിച്ചു. അന്നൊന്നുമില്ലാത്ത കുറ്റം തനിക്കു മേല്‍ മാത്രം ആരോപിക്കുന്നതെന്തിനാണെന്നായിരുന്നു ജയരാജന്റെ ചോദ്യം. ബന്ധുവായ പി കെ ശ്രീമതിയും ജയരാജനെ പിന്തുണച്ച്, പുതിയ മന്ത്രിയെ നിയമിക്കാനുള്ള തീരുമാനത്തെ എതിര്‍ത്തു.
പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിനു മുമ്പ് തന്നോട് കൂടിയാലോചിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല. സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിലായിരുന്നു അഭിപ്രായ പ്രകടനങ്ങള്‍.
ജയരാജന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഈ സമയത്തല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും കേന്ദ്ര കമ്മിറ്റി പ്രശ്‌നം ചര്‍ച്ച ചെയ്യാനിരിക്കുന്നേയുള്ളൂവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. വിഷയം പിന്നീട് പരിഗണിക്കാമെന്ന് കാരാട്ടും പറഞ്ഞതോടെയാണ് ജയരാജന്‍ പിന്‍വാങ്ങിയത്. അതേസമയം, ജയരാജന്‍ ഈ പ്രതികരണങ്ങളൊക്കെ നടത്തുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചതും ശ്രദ്ധേയമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day