|    Dec 10 Sat, 2016 10:03 pm
Home   >  Pravasi  >  Gulf  >  

പുതിയ നിയമം: കരാര്‍ ലംഘിച്ചാല്‍ കാലാവധി കഴിയാതെ തിരിച്ചുവരാനാവില്ല

Published : 24th October 2016 | Posted By: SMR

ദോഹ: ഡിസംബര്‍ 13ന് പ്രാബല്യത്തിലാവുന്ന പുതിയ താമസ കുടിയേറ്റ നിയമ(സ്‌പോണ്‍സര്‍ഷിപ്പ് ഭേദഗതി നിയമം) പ്രകാരം കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ജോലി മതിയാക്കി രാജ്യം വിടുന്ന പ്രവാസി തൊഴിലാളിക്ക് പ്രസ്തുത കരാറിന്റെ കാലാവധി കഴിയുന്നത് വരെ രാജ്യത്തേക്ക് തിരികെവരാന്‍ സാധിക്കില്ലെന്ന് നിയമവിദഗ്ധര്‍. പുതിയ നിയമവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ ബോധവത്കരണ കാംപയ്‌ന്  ഈ മാസമാദ്യം ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം തുടക്കംകുറിച്ചിരുന്നു.
സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സംവിധാനത്തില്‍ നിന്ന് മാറി കരാര്‍ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27 നാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 2015ലെ 21ാം നമ്പര്‍ നിയമത്തില്‍ ഒപ്പുവെച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരുവര്‍ഷത്തിനുശേഷമെ നിയമം പ്രാബല്യത്തിലാകു എന്ന് വ്യവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 13നാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ലേബര്‍ കോടതികള്‍ ഉണ്ടെങ്കിലും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ സ്ഥാപിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.  പുതിയ നിയമത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തൊഴിലുടമയെയും തൊഴിലാളിയെയും ഒരുപോലെ സംരക്ഷിക്കുന്നതാണ് നിയമമെന്നും ഖത്തരി അഭിഭാഷക സംഘടന വൈസ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ ജസ്‌നാന്‍ അല്‍ശമ്മാരി പറഞ്ഞതായി ദി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു. പുതിയ തൊഴില്‍ കരാര്‍ ലഭിച്ചാല്‍ രാജ്യത്ത് നിന്ന് പോയി അടുത്തദിവസം തന്നെ തിരികെവരാവുന്നതാണ്. കരാറില്‍ വ്യക്തമാക്കിയെങ്കില്‍ മാത്രമെ രണ്ടാലൊരു കക്ഷിക്ക് കാലാവധിക്ക് മുമ്പ് കരാര്‍ റദ്ദാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
നിയമം പ്രാബല്യത്തിലായാല്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് വേണ്ടി പുതിയ കരാറുകള്‍ തയ്യാറാക്കേണ്ടതില്ലെന്ന് മറ്റൊരു നിയമ വിദഗ്ധനായ അബ്ദലേല്‍ ഖലീല്‍ വ്യക്തമാക്കി.  ജീവനക്കാരന്‍ ജോലിയില്‍ തുടരാന്‍ സമ്മതിക്കുന്നിടത്തോളം നിലവിലെ കരാറിന് സാധുതയുണ്ടാകും. അതേസമയം, ജീവനക്കാരന്‍ കമ്പനിയില്‍ എത്രകാലമായി ജോലി ചെയ്യുന്നുവെന്നത് പരിഗണിക്കാതെ പുതിയ നിയമം വന്നതിന് ശേഷമുള്ള തീയതി മുതലാണ് എല്ലാ തരം കരാറുകളുടെയും സാധുത തുടങ്ങുക.  ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പടെ എല്ലാ പ്രവാസി തൊഴിലാളികളെയും പുതിയ നിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി രാജ്യത്തെത്തുന്ന പ്രവാസികള്‍ ഖത്തറിലെത്തുന്നതിനു  മുമ്പ് തൊഴില്‍ കരാറില്‍ ഏര്‍പ്പെടേണ്ടതില്ല. തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ തൊഴിലുടമ സമ്മതിക്കുകയും തൊഴിലുള്ള എന്‍ട്രി വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ രാജ്യത്ത് എത്തിയതിന് ശേഷം തൊഴിലാളി കരാറില്‍ ഒപ്പുവെച്ചാല്‍ മതിയാകും. പ്രസ്തുത കരാറില്‍ ഒപ്പുവെക്കാന്‍ തൊഴിലാളി വിസമ്മതിച്ചാല്‍ അയാളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക