|    Oct 28 Fri, 2016 8:11 am
FLASH NEWS

പുതിയ കാലം തേടുന്ന ഇടതുപക്ഷം

Published : 27th September 2016 | Posted By: SMR

ബി  ആര്‍  പി  ഭാസ്‌കര്‍

കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി നിലംപതിക്കുകയും സോവിയറ്റ് യൂനിയന്‍ അന്ത്യനാളുകളിലേക്ക് നീങ്ങുകയും ചെയ്യുന്ന ഘട്ടത്തില്‍ പത്രപ്രതിനിധിയെന്ന നിലയില്‍ ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പഠിക്കാനുള്ള അവസരം എനിക്ക് ഉണ്ടായി. ഓരോ രാജ്യത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താവിനോട് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ കാരണങ്ങളെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. മാര്‍ക്‌സ് വിഭാവനം ചെയ്തതില്‍ നിന്നു വ്യത്യസ്തമായ ദിശയില്‍ കാര്യങ്ങള്‍ പോകുന്നതിനു യുക്തിസഹമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
പോളണ്ടിലെ സോളിഡാരിറ്റി പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയെ ആദ്യം ഫലപ്രദമായി വെല്ലുവിളിച്ചത്. അത് ഉടലെടുത്ത കാലത്തുതന്നെ ഞാന്‍ അവിടെ പോവുകയുണ്ടായി. തലസ്ഥാനനഗരിയായ വാഴ്‌സയിലെ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം സര്‍ക്കാര്‍ നോട്ടീസ് ബോര്‍ഡുകള്‍ കൂടാതെ സോളിഡാരിറ്റിയുടെ ബോര്‍ഡുകളും കണ്ടു. അവയ്ക്കു മുന്നില്‍ കൂടിനിന്നാണ് ജീവനക്കാര്‍ ദൈനംദിന സംഭവങ്ങള്‍ ചര്‍ച്ച ചെയ്തത്. സോളിഡാരിറ്റിയുടെ വളര്‍ച്ചയെക്കുറിച്ച് സര്‍ക്കാരിന് എന്തു പറയാനുണ്ട് എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ അതൊരു തൊഴിലാളി സംഘടനയായതുകൊണ്ട് ട്രേഡ് യൂനിയന്‍ മന്ത്രിയെ കാണുന്നതാവും നല്ലതെന്ന് അധികൃതര്‍ പറഞ്ഞു. ‘എന്താണ് ഇവിടെ നടക്കുന്നത്?’ ഞാന്‍ മന്ത്രിയെ കണ്ടു ചോദിച്ചു. നേരെച്ചൊവ്വേയുള്ള ചോദ്യത്തിന് അദ്ദേഹം നേരെച്ചൊവ്വേ തന്നെ മറുപടി നല്‍കി: ‘ഇതൊരു ബൂര്‍ഷ്വാ ജനാധിപത്യ രാജ്യമാണെങ്കില്‍ അവര്‍ ഭരിക്കും. ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കാം. പക്ഷേ, ഇതൊരു ബൂര്‍ഷ്വാ ജനാധിപത്യ രാജ്യമല്ല’ -അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമല്ലെന്ന് ഇതിനേക്കാള്‍ ഭംഗിയായി ഒരു മന്ത്രിക്ക് പറയാനാകുമോ? വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ (അതായിരുന്നു പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേര്) ആ സ്ഥാനത്തു ചെന്നപ്പോള്‍ ആളുകള്‍ ഹരജികളുമായി നേതാക്കളുടെ മുറികളിലേക്കു കയറുന്നതും ജീവനക്കാര്‍ ഫയലുകളുമായി മുറികള്‍ കയറിയിറങ്ങുന്നതും കണ്ടു. അത്ര തിരക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ കണ്ടില്ല. പാര്‍ട്ടി ഓഫിസാണ് ഭരണസിരാകേന്ദ്രമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി. ഭരണമാറ്റത്തിനു ശേഷം വാഴ്‌സയിലെത്തിയപ്പോള്‍ ആ ഓഫിസ് തീര്‍ത്തും വിജനമായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണം എന്തുകൊണ്ട് പരാജയപ്പെട്ടെന്ന എന്റെ ചോദ്യത്തിനു മറുപടിയായി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു: ‘കമ്മ്യൂണിസം ഒരു സുന്ദരസ്വപ്‌നമാണ്. അത് യാഥാര്‍ഥ്യമാക്കാമെന്നു കരുതിയത് ഞങ്ങളുടെ തെറ്റ്.’
മോസ്‌കോയില്‍ ചെന്നത് രണ്ടു റിപബ്ലിക്കുകള്‍ സോവിയറ്റ് യൂനിയനില്‍ നിന്നു വിട്ടുപോകാന്‍ അനുവാദം തേടിയതിനു ശേഷമായിരുന്നു. അഞ്ചു കൊല്ലത്തിനു ശേഷം സോവിയറ്റ് യൂനിയന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ദേശീയതാ പ്രശ്‌നത്തില്‍ വൈദഗ്ധ്യമുള്ള ഒരു പത്രപ്രവര്‍ത്തകയോട് ഞാന്‍ ചോദിച്ചു. ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ നടുങ്ങുന്നു എന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് അവര്‍ ഒരു മറുചോദ്യം ചോദിച്ചു: ‘ഇന്ത്യ എങ്ങനെയാണ് ദേശീയതാ പ്രശ്‌നം പരിഹരിച്ചത്?’ സോവിയറ്റ് യൂനിയന്‍ ദേശീയതാ പ്രശ്‌നം കൈകാര്യം ചെയ്ത രീതി ഇന്ത്യക്ക് പിന്തുടരാവുന്ന മാതൃകയായി സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൂണ്ടിക്കാണിച്ചിരുന്നത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ഭരണം നഷ്ടപ്പെട്ടയിടങ്ങളില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അക്കാലത്ത് ആത്മപരിശോധന നടത്തുകയുണ്ടായി. അതിന്റെ ഫലമായി ചില പാര്‍ട്ടികള്‍ ഡെമോക്രാറ്റിക് സോഷ്യലിസത്തിലേക്ക് ചുവടുമാറ്റം നടത്തി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതിരുന്നവരും പ്രവര്‍ത്തനരീതികളില്‍ മാറ്റങ്ങള്‍ വരുത്തി.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആഗോള സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ അന്നോ പിന്നീടോ ആത്മപരിശോധന നടത്തിയില്ല. യഥാര്‍ഥത്തില്‍ അത് നേരത്തെത്തന്നെ നാശത്തിന്റെ പാതയിലായിരുന്നു. സോവിയറ്റ് യൂനിയനും ചൈനയും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ തര്‍ക്കം ഇന്ത്യയിലെ പാര്‍ട്ടിയെ പിളര്‍ത്തി. രാജ്യത്തെ ബൂര്‍ഷ്വാ ജനാധിപത്യ ഭരണകൂടത്തോടുള്ള സമീപനം തര്‍ക്കത്തില്‍ ഒരു പ്രധാന വിഷയമായി. ഒരു വിഭാഗം സോവിയറ്റ് യൂനിയന്റെ നിലപാടിനൊപ്പവും മറ്റേതു ചൈനയുടേതിനൊപ്പവും നിലകൊണ്ടു. ആദ്യവിഭാഗം കോണ്‍ഗ്രസ് ഭരണകൂടത്തിന് അനുകൂലമായപ്പോള്‍ മറുഭാഗം കോണ്‍ഗ്രസ് വിരുദ്ധരുടെ ഭാഗം ചേര്‍ന്നു. ഈ വ്യത്യസ്ത സമീപനങ്ങള്‍ സിപിഐയെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിലേക്കും സിപിഎമ്മിനെ വര്‍ഗീയ കക്ഷികള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷത്തോട് സഹകരിക്കുന്നതിലേക്കും നയിച്ചു. സോവിയറ്റ് യൂനിയനിലെയും ചൈനയിലെയും പാര്‍ട്ടികള്‍ എടുത്ത നിലപാടുകളില്‍ പ്രതിഫലിച്ചത് മാര്‍ക്‌സിസ്റ്റ് വീക്ഷണത്തേക്കാള്‍ സ്വന്തം രാജ്യതാല്‍പര്യങ്ങളാണെന്ന് ഇരുവരും തിരിച്ചറിഞ്ഞില്ല. പിളര്‍പ്പിനെ തുടര്‍ന്ന് ആദ്യ മൂന്നു പാര്‍ലമെന്റുകളിലും മുഖ്യപ്രതിപക്ഷമാവുകയും ജനങ്ങള്‍ ദേശീയ ബദലായി കാണുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ക്ഷയിച്ചുതുടങ്ങി. വലതുപക്ഷ കക്ഷികള്‍ വളരാനും തുടങ്ങി. സ്ഥിതിഗതികള്‍ സത്യസന്ധമായി വിലയിരുത്തി ഉചിതമായ തിരുത്തല്‍ നടപടികള്‍ എടുക്കേണ്ട ഘട്ടത്തില്‍ സൈദ്ധാന്തിക നേതൃത്വം ‘ഞാന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ്’ എന്ന മട്ടില്‍ മുന്നോട്ടുപോവുകയായിരുന്നു.
വന്‍നഗരങ്ങളിലെ ഫാക്ടറി തൊഴിലാളികള്‍ക്കിടയിലും ചില സംസ്ഥാനങ്ങളിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലും ഉയര്‍ന്നുകൊണ്ടിരുന്ന നാഗരിക മധ്യവര്‍ഗത്തിനിടയിലും ഉണ്ടായിരുന്ന സ്വീകാര്യതയാണ് ആദ്യ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു മുന്‍കൈ നേടിക്കൊടുത്തത്. ഇടതു സ്വാധീനം ക്രമേണ പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങി. എന്നിട്ടും പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തിയില്ല. അവര്‍ അവിടെ അധികാരരാഷ്ട്രീയത്തില്‍ കിട്ടിയ സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. പിന്നീട് സൈദ്ധാന്തിക പരിഗണനകള്‍ പാടേ ഉപേക്ഷിച്ചുകൊണ്ട് ആ മൂന്നിടങ്ങളില്‍ അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാര്‍ അന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ഇ എം എസ് നമ്പൂതിരിപ്പാടാണെന്നു വിലയിരുത്തുകയുണ്ടായി. ബംഗാളിലെയും ത്രിപുരയിലെയും സിപിഎമ്മിന്റെ ഗതിവിഗതികളെ ഇഎംഎസ് സ്വാധീനിച്ചോയെന്ന് സംശയമാണ്. എന്നാല്‍, 1957ല്‍ ആദ്യ മുഖ്യമന്ത്രിയായ ശേഷം കേരളത്തിലെ പാര്‍ട്ടി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അക്കാലത്തെ പാര്‍ട്ടി നയരൂപീകരണത്തില്‍ സൈദ്ധാന്തിക പെരുമയുടെ തെളിവുകള്‍ കാണാന്‍ തന്നെ നന്നേ പ്രയത്‌നിക്കേണ്ടിവരും. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിയ ശേഷം നടന്ന 1960ലെ തിരഞ്ഞെടുപ്പില്‍ പിഎസ്പിയും മുസ്‌ലിംലീഗുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആ കൂട്ടുകെട്ടിനെ മറികടന്ന് അധികാരം തിരിച്ചുപിടിക്കാനായി. പാര്‍ട്ടി പിളര്‍ന്ന ശേഷം നടന്ന 1965ലെ തിരഞ്ഞെടുപ്പില്‍ പരിമിതമായ കൂട്ടുകെട്ടുമായി മല്‍സരിച്ച സിപിഎം ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍, ഒരു കക്ഷിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവാതിരുന്നതുകൊണ്ട് നിയമസഭ പിരിച്ചുവിടപ്പെട്ടു.
പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിക്കുകയായിരുന്നെങ്കിലും എങ്ങനെയും വീണ്ടും അധികാരത്തിലെത്തണമെന്ന ലക്ഷ്യത്തോടെ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ഇഎംഎസ് ഒരു സപ്തകക്ഷി മുന്നണിയുണ്ടാക്കി. മുസ്‌ലിം താല്‍പര്യത്തിനപ്പുറം ഒരു നയവും ഇല്ലാതിരുന്ന ലീഗിനെയും വനം കൈയേറുകയും ആദിവാസികളെ ചൂഷണം ചെയ്യുകയും ചെയ്തവരെ സംരക്ഷിക്കുന്നതിനപ്പുറം ഒരു ലക്ഷ്യവുമില്ലാതിരുന്ന വടക്കനച്ചന്റെ കര്‍ഷകത്തൊഴിലാളി പാര്‍ട്ടിയെയും അദ്ദേഹം സഖ്യകക്ഷികളും ഭരണത്തില്‍ പങ്കാളികളുമാക്കി. ആ നടപടിക്ക് എന്തു സാധൂകരണമാണ് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തില്‍ നിന്നു കണ്ടെത്താനാവുക? ആ മുന്നണി ഇടതുപക്ഷം ഇടതുപക്ഷമല്ലാതാവുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചു. പ്രത്യക്ഷവും പ്രച്ഛന്നവുമായ വര്‍ഗീയതക്ക് അത് രാഷ്ട്രീയ മാന്യത നേടിക്കൊടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അത് എന്നന്നേക്കുമായി ആദിവാസിദ്രോഹികള്‍ക്കൊപ്പം എത്തിച്ചു.
ഇഎംഎസ് അന്ന് ആവിഷ്‌കരിച്ച അവസരവാദപരമായ നയമാണ് അരനൂറ്റാണ്ടിനു ശേഷവും അടവ് എന്ന പേരില്‍ സിപിഎം പിന്തുടരുന്നത്. ഇടതുകക്ഷികളും ജനാധിപത്യകക്ഷികളും ഉള്‍പ്പെടുന്നുവെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നണിക്ക് എല്‍ഡിഎഫ് എന്ന പേരു നല്‍കിയത്. എന്നാല്‍, അതിലെ പല ഘടകകക്ഷികള്‍ക്കും ജനാധിപത്യ പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടാനുള്ള അര്‍ഹതയില്ല.

(അവസാനിക്കുന്നില്ല)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day