|    Oct 27 Thu, 2016 4:38 am
FLASH NEWS

പുഞ്ചവയലില്‍ വീണ്ടും കാട്ടാനകള്‍; ക്ഷുഭിതരായി ജനം; ഇന്ന് റോഡ് ഉപരോധം

Published : 22nd July 2016 | Posted By: SMR

പനമരം: പുഞ്ചവയല്‍ പ്രദേശത്ത് കാട്ടനകളെത്തുന്നതു പതിവായതോടെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്.
പുഞ്ചവയല്‍ ജങ്ഷനില്‍ റേഷന്‍കടയ്ക്ക് പുറകിലായി മൂന്നു കൊമ്പനാനകളെ കണ്ടതാണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയത്. ബുധനാഴ്ച രാത്രിയെത്തിയ ആനകളെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീണ്ടും ജനവാസകേന്ദ്രത്തില്‍ കണ്ടു. നാട്ടുകാര്‍ ബഹളംവച്ചതോടെ ആനകള്‍ പുഞ്ചവയലിലെ സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലേക്ക് നിങ്ങി. ഒരു കൊമ്പന്‍ ജനങ്ങളുടെ നേരെ തിരഞ്ഞതോടെ ഇവര്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. പനമരം പോലിസ് സ്ഥലത്തെത്തി സുല്‍ത്താന്‍ ബത്തേരിയിലേക്കും നീര്‍വാരത്തേക്കും പോവുന്ന വഹാനങ്ങള്‍ തടഞ്ഞു. ആനകള്‍ ഈ സമയം മാത്തൂര്‍ വയലിലേക്ക് ഇറങ്ങി.
ആനകളുടെ വരവു കണ്ട് വയലില്‍ പണിയെടുക്കുന്നവര്‍ ബഹളംവച്ചതോടെ ആനകള്‍ സമീപത്തെ പരിയാരം നമ്പ്യാരുടെ തോട്ടത്തിലേക്ക് കടന്നു. ഇതിനിടയില്‍ കൂട്ടം തെറ്റിയ ഒരു കൊമ്പന്‍ റോഡിലേക്ക് തന്നെ വന്നതും വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ടു വരുന്ന സമയമായതും പോലിസിനെയും നാട്ടുകാരെയും വലച്ചു.
കൂട്ടംതെറ്റിയ രണ്ട് ആനകള്‍ കണ്ണില്‍പ്പെട്ട കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ചു. വാഴകൃഷി ഉള്‍പ്പടെയാണ് നശിപ്പിച്ചത്. ചെതലയം വനത്തില്‍ നിന്ന് അമ്മാനി, നീര്‍വാരം, പുഞ്ചവയല്‍ കല്ലമ്പലം വഴിയാണ് കാട്ടാനകള്‍ പുഞ്ചവയല്‍ ജങ്ഷനിലെത്തിയത്. ബുധനാഴ്ച രാത്രിയോടെ എത്തിയ ആനകള്‍ നേരം വെളുത്തിട്ടും വനത്തിലേക്ക് പോവാതെ ജനവാസകേന്ദ്രത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ 10 മുതല്‍ പനമരം ടൗണില്‍ റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ചെതലയം റേഞ്ച് ഓഫിസര്‍ സജീവ് കുമാര്‍ രയരോത്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സുനില്‍കുമാര്‍, ചെതലയം ഫോറസ്റ്റര്‍ മുസ്തഫ സാദിഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് വനപാലകര്‍ ക്യാംപ് ചെയ്യുന്നുണ്ട്. രണ്ട് ആനകള്‍ രാത്രി വൈകിയും പരിയാരം പത്മാനാഭന്‍ നമ്പ്യാരുടെ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. വൈകീട്ടോടെ പെയ്ത കനത്ത മഴയും ആനകളെ തുരത്തുന്നതിന് തടസ്സമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day