|    Dec 7 Wed, 2016 6:02 pm
FLASH NEWS

പുഞ്ചയില്‍ കൃഷിയിറക്കാനുള്ള ശ്രമം അട്ടിമറിക്കാന്‍ നീക്കം

Published : 26th October 2016 | Posted By: SMR

പത്തനംതിട്ട: വിമാനത്താവള പദ്ധതിയിലൂടെ വിവാദമായ ആറന്മുള പുഞ്ച പാടശേഖരത്ത് കൃഷിയിറക്കുന്നതിനുള്ള ശ്രമവും അട്ടിമറിക്കുന്നതിന് നീക്കം നടക്കുന്നതായി സൂചന. നീക്കത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കര്‍ഷകര്‍ ജില്ലാ കലക്ടറെയും ഉയര്‍ന്ന കൃഷി ഉദ്യോഗസ്ഥരെയും സമീപിച്ചു. 29ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആറന്‍മുള പുഞ്ചയില്‍ വിത്തെറിയുന്നത്. ഇതിനായി രണ്ട് പതിറ്റാണ്ടിലധികം തരിശായി കിടന്നിരുന്ന പുഞ്ച കൃഷിയിറക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടയിലാണ് ആറന്‍മുള സഹകരണ എന്‍ജീനിയറിങ് കോളജിന് വേണ്ടി നികത്താന്‍ അനുമതി കിട്ടിയ സ്ഥലത്തും വിത്തിടീക്കാനായി ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇവിടെ വിത്തെറിഞ്ഞ ശേഷം, ദിവസങ്ങള്‍ക്കകം പാടം നികത്താനുള്ള അനുമതി കാണിച്ച് കൃഷി നശിപ്പിക്കാനായിരുന്നു അണിയറയില്‍ ഒരുക്കം നടന്നിരുന്നത്. ഈ നീക്കമാണ് ഉദ്യോഗസ്ഥരില്‍ ചിലര്‍  കര്‍ഷകര്‍ക്ക് ചോര്‍ത്തി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കൃഷിയിറക്കുന്ന സ്ഥലം നികത്താന്‍ അനുമതി ലഭിച്ച സ്ഥലത്ത് നിന്ന് മാറ്റണമെന്ന് കലക്ടര്‍ റിപോര്‍ട്ട് നല്‍കിയതായും അറിയുന്നു. പരാതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം  കലക്ടര്‍ പ്രത്യേക സംഘത്തെ അയച്ച് നിജസ്ഥിതി മനസിലാക്കിയിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 20 ഏക്കറോളം സ്ഥലം കോളജിന് നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടിരിക്കുന്നതായയി വ്യക്തമായി. ഇതോടെ നിര്‍ദ്ദിഷ്ട കൃഷി പദ്ധതിയില്‍ നിന്നു കൂടി ഇത്രയും ഇടം ഒഴിവാക്കാനും കലക്ടര്‍ കൃഷി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഏന്‍ജീനിയറിങ് കോളജ് പരിസരത്ത് ഒമ്പത് സെന്റ് സ്ഥലം മാത്രമാണ് സ്വകാര്യ പാടം. നികത്താന്‍ അനുമതി കിട്ടിയ പാടം കൃഷിക്കായി പൂട്ടിയൊരുക്കിയിട്ടും അത് അറിയാവുന്ന ചില നേതാക്കളും ഉദ്യോഗസ്ഥരും നിശബ്ദത പാലിക്കുകയായിരുന്നു. വിവരം അറിയാവുന്ന ചില ഭരണ കക്ഷി നേതാക്കള്‍ പുറത്ത് പറയാഞ്ഞതും ചര്‍ച്ചയായി. സര്‍ക്കാരിന്, പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് അവമതി ഉണ്ടാക്കുന്ന കാര്യം വെളിപ്പെടുത്താത്തവര്‍ക്ക് എതിരെ ഇടത് മുന്നണിയിലെ ചില നേതാക്കള്‍ തന്നെ അതൃപ്തി രേഖപ്പെടുത്തി. അവര്‍ ഇക്കാര്യം കൃഷി മന്ത്രിയെ നേരിട്ട് അറിയിക്കുകയും ചെയ്തു. വാസ്തു വിദ്യാ ഗുരുകുലത്തിന് വിട്ടുകൊടുത്ത സര്‍ക്കാര്‍  സ്ഥലവും പൂട്ടിയൊരുക്കിയിരുന്നു. മന്ത്രി വി എസ് സുനില്‍കുമാര്‍ എത്തി പാടം ഒരുക്കി തുടങ്ങിയത് അവിടെയായിരുന്നു. സ്ഥാപനത്തിന്റെ അനുമതി ഇല്ലാതെയാണ് ഇത് ചെയ്തത്. നാല് ഏക്കറാണ് ഇവരുടെ സ്ഥലം. ആ സ്ഥലവും കൃഷിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് അറിയുന്നത്. 29ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍കുമാറും പങ്കെടുക്കും. 140 ഏക്കറിലാണ് കൃഷി ഇറക്കുക. കറ്റാറ്റുവയല്‍, പന്നിവേലിമൂല, പുന്നക്കാട്, കുറുന്താര്‍, തുരുത്തിവേലി മൂല, നീര്‍വ്വിളാകം, ആറന്‍മുള ,പേരപ്പൂര്, മുറിഞ്ഞപുഴയ്ക്കല്‍, തൂമ്പടി  എന്നിവയാണ് പാടങ്ങള്‍. പാടമൊരുക്കല്‍ പൂര്‍ത്തിയായി കഴിഞ്ഞു. വിത്തും എത്തിക്കാന്‍ നടപടിയായി. 153 ലക്ഷം രൂപയ്ക്ക് ചെയ്യുന്ന കൃഷി പൂര്‍ണമാകണമെങ്കില്‍ തോടുകള്‍ നന്നാകണം. പ്രധാനപ്പെട്ട കോഴിത്തോടും കരിമാരംതോടും മണ്ണിട്ടത് നീക്കാന്‍ ജലവിഭവ വകുപ്പ് തന്നെ തീരുമാനിച്ചു. എടുക്കുന്ന മണ്ണ് ഹരിപ്പാട് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കായി പ്രയോജനപ്പെടുത്തും. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day