|    Oct 27 Thu, 2016 12:55 am
FLASH NEWS

പുകയുന്ന ഇന്ത്യന്‍ കലാലയങ്ങള്‍

Published : 28th March 2016 | Posted By: RKN

ഗൂഗ്ള്‍ എര്‍ത്തില്‍ തിരയുന്നവരുടെ മുന്നില്‍ രാജ്യവിരുദ്ധതയുടെ കേന്ദ്രസ്ഥാനങ്ങളായി തെളിഞ്ഞുവരുന്നത് ഇന്ത്യയിലെ പ്രശസ്തമായ രണ്ടു സര്‍വകലാശാലകളാണെന്നത് കൗതുകവാര്‍ത്തയായി തള്ളിക്കളയേണ്ട ഒന്നല്ല. ഹൈദരാബാദ് യൂനിവേഴ്‌സിറ്റി, ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവയ്ക്കാണ് ഈ ‘ബഹുമതി’ കൈവന്നിരിക്കുന്നത്. ഇത്തരമൊരു മേല്‍വിലാസത്തിന്റെ ദൂഷിതവൃത്തത്തിലേക്ക് ഈ വിദ്യാകേന്ദ്രങ്ങളുടെ പേരുകള്‍ എത്തിച്ചേരാനുള്ള സാങ്കേതിക കാരണങ്ങളായി ഗൂഗ്ള്‍ അധികൃതര്‍ വിശദീകരിക്കുന്നത്, ഈ സ്ഥാപനങ്ങള്‍ക്കെതിരേ സംഘപരിവാരം സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ നിരന്തര പ്രചാരണങ്ങളാണ്. അറിവിന്റെയും അന്വേഷണത്തിന്റെയും തജ്ജന്ന്യമായ ചിന്തകളുടെയും ഉറവിടങ്ങളായി ഗണിക്കപ്പെടുന്ന സര്‍വകലാശാലകള്‍ രാജ്യവിരുദ്ധതയുടെ മുദ്രപേറേണ്ടിവരുന്നതെങ്ങനെ എന്നു ചിന്തിക്കുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും അകപ്പെട്ട വിപല്‍സാധ്യതകളുടെ ആഴം നമുക്കറിയാനാവൂക.ചോദ്യങ്ങള്‍ ചോദിക്കുകയും ആ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ചികയുകയും ചെയ്യുന്ന ഒരു ജനതയ്‌ക്കേ കാലത്തോടൊപ്പം രാജ്യത്തെ മുന്നോട്ടു നയിക്കാനാവൂ. പുതിയ കാലത്തേക്കും ലോകത്തേക്കും രാജ്യത്തെ നയിക്കാനാവുന്ന തലമുറകളുടെ സൃഷ്ടിയാണ് ഓരോ സര്‍വകലാശാലയും നിര്‍വഹിച്ചുവരുന്നത്. ചിന്താശൂന്യതയുടെ നിശ്ചലതയില്‍ മാത്രം മുളപൊട്ടുന്ന ഫാഷിസത്തിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ പറ്റിയ ഇടങ്ങളല്ല ജ്ഞാനവിശുദ്ധിയുടെ ഈ കേദാരങ്ങളെന്ന് ഫാഷിസ്റ്റുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.രാജ്യത്ത് നിരവധി കലാലയങ്ങളില്‍ അസ്വസ്ഥതകള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല ഏതാനും നാളുകള്‍ക്കുശേഷം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു. രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് താല്‍ക്കാലിക അവധിയില്‍ പ്രവേശിക്കേണ്ടിവന്ന വൈസ് ചാന്‍സലര്‍ അപ്പാറാവു വീണ്ടും ഓഫിസില്‍ തിരിച്ചെത്തിയതാണ് സര്‍വകലാശാലയെ ഇപ്പോള്‍ പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. രോഹിതിന്റെ മരണത്തിന് ഉത്തരവാദിയായ വൈസ് ചാന്‍സലര്‍ രാജിവച്ചൊഴിയണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. വിദ്യാര്‍ഥിപ്രക്ഷോഭത്തെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു. നിരവധി വിദ്യാര്‍ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. യൂനിവേഴ്‌സിറ്റി കാംപസിനകത്തേക്ക് വെള്ളവും ഭക്ഷണവും പോലും തടയുന്ന ഉപരോധമാണ്്. പ്രക്ഷോഭകരായ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുമെന്ന് പോലിസുകാര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഒരു ജനാധിപത്യരാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തവിധം വിദ്യാര്‍ഥികളെ ശത്രുഭടന്മാരെയെന്നപോലെ നേരിടുന്ന ഈ കാടത്തത്തിനെതിരേ രാജ്യത്തിനകത്ത് അര്‍ഹിക്കുന്ന പ്രതികരണങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത സാംസ്‌കാരിക മാലിന്യങ്ങളില്‍ നിന്നു കലാലയങ്ങളെ മുക്തമാക്കുന്നതിനു പകരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ സമീപനം ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാമൂഹിക നിലപാടുകള്‍ വ്യക്തമാക്കുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day