|    Dec 6 Tue, 2016 5:37 pm
FLASH NEWS

പുകയില നിയന്ത്രണം: ആസ്‌ത്രേലിയന്‍ മാതൃക അനുയോജ്യമെന്ന് വിദഗ്ധര്‍

Published : 31st October 2016 | Posted By: SMR

തിരുവനന്തപുരം: പുകയില ഉല്‍പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുന്ന ആസ്‌ത്രേലിയന്‍ മാതൃക കേരളത്തിലും  ഇവയുടെ നിയന്ത്രണത്തിന് പിന്തുടരാവുന്നതാണെന്ന് വിദഗ്ധര്‍ .  ചരക്കുസേവന നികുതിയും എക്‌സൈസ് തീരുവയും ഒന്നിച്ചു ചുമത്തുന്നതിലൂടെ പുകയില ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തി വരുമാനം വര്‍ധിപ്പിക്കുകയും ഉപയോഗം കുറച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന ഫലപ്രദമായ പുകയില നിയന്ത്രണ രീതിയാണ് ആസ്‌ത്രേലിയ നടപ്പാക്കുന്നത്. ഇതോടെ 2003ലുണ്ടായിരുന്ന പുകയിലയുടെ വ്യാപനത്തില്‍ 25 ശതമാനം കുറവാണ് 2015ല്‍ ഇവിടെയുണ്ടായത്. പ്രായപൂര്‍ത്തിയായവരില്‍ 15.8 ശതമാനം മാത്രമാണ് പുകയിലയുടെ വ്യാപനം. ജിഎസ്ടി, എക്‌സൈസ് തീരുവ, കസ്റ്റംസ് തീരുവ എന്നിവ പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് ക്രമപ്പെടുത്തിയുള്ള നികുതി സമ്പ്രദായം ഫലപ്രദമാണെന്ന് ഉപഭോഗം കുറഞ്ഞത് തെളിയിക്കുന്നു. 16 വര്‍ഷം മുമ്പാണ് ആസ്‌ത്രേലിയയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. ഇതോടെ സിഗരറ്റ് ഉല്‍പന്നങ്ങളുടെ പ്രതിവര്‍ഷ ഉപഭോഗം 2000-01ല്‍ 28,607 ദശലക്ഷമായിരുന്നത് 2010-2011ല്‍ 24,725 ദശലക്ഷമായി കുറഞ്ഞു. 1999നും 2010നുമിടയ്ക്ക് എക്‌സൈസ്, കസ്റ്റംസ് തീരുവകളില്‍ വര്‍ധന വരുത്തിയിരുന്നില്ല. 2010ല്‍ എക്‌സൈസ് തീരുവ ഗണ്യമായി കൂട്ടി. നിലവില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് 2003ലുണ്ടായിരുന്ന എക്‌സൈസ് നിരക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ആസ്‌ത്രേലിയയില്‍. ഇടത്തരം സിഗരറ്റുകള്‍ക്ക് ചില്ലറ വില്‍പനവിലയുടെ 66 ശതമാനമാണ് എക്‌സൈസ് തീരുവ. ഇതിനൊപ്പം ജിഎസ്ടി കൂടി ചുമത്തുമ്പോള്‍ ചില്ലറ വില്‍പന വിലയുടെ 70 ശതമാനമെങ്കിലുമെന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള തലത്തിലേക്ക് സിഗരറ്റ്‌വില ഉയരുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജിഎസ്ടി വഴിയുള്ള നികുതി വരുമാനം 2011ല്‍, 2001ലേതില്‍നിന്ന് 56 ശതമാനത്തോളം കൂടിയതായാണ് കണക്ക്. പുകയില ഉല്‍പന്നങ്ങള്‍ അച്ചടിരഹിത പാക്കിങ്ങില്‍ വില്‍ക്കാനായി നിയമം കൊണ്ടുവന്ന ആദ്യരാജ്യം കൂടിയാണ് ആസ്‌ത്രേലിയ. ഈ നിയമത്തിലൂടെ മൂന്നുവര്‍ഷം കൊണ്ട് പുകയില ഉപഭോഗത്തില്‍ 19.6 ശതമാനം കുറവു വരുത്താനും ആസ്‌ത്രേലിയക്കു കഴിഞ്ഞു. ഇതും ഇന്ത്യക്ക് മാതൃകയാക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day