|    Dec 5 Mon, 2016 10:06 pm
FLASH NEWS

പീച്ചി ഡാം വരള്‍ച്ചയിലേക്ക്; ശുദ്ധജല വിതരണ പദ്ധതിയില്‍ ആശങ്ക

Published : 26th November 2016 | Posted By: SMR

തൃശൂര്‍: വേനല്‍ ആരംഭിക്കുന്നതിന് മുന്‍പ് പീച്ചി ഡാം വരള്‍ച്ചയിലേക്ക്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തുണ്ടായിരുന്നതിനേക്കാള്‍ ജല നിരപ്പ് ആറ് മീറ്റര്‍ താഴ്ന്നു. തൃശൂര്‍ നഗരത്തിന്റേയും സമീപ പഞ്ചായത്തുകളുടേയും പ്രധാന ശുദ്ധജല സ്രോതസ്സായ ഡാമിലെ ജലനിരപ്പ് താഴ്ന്നത് ജനങ്ങളെ ആശങ്കാജയിലാക്കിയിട്ടുണ്ട്. മഴ കനിഞ്ഞില്ലെങ്കില്‍ ഇവിടെ നിന്നുള്ള ശുദ്ധജല വിതരണം പോലും തടസപ്പെടുന്ന അവസ്ഥയാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ശുദ്ധജല വിതരണത്തിനുമായി പീച്ചിയിലെ ജലമാണ് ഉപയോഗിക്കുന്നത്. പീച്ചി അണക്കെട്ടിലെ പരമാവധി ജലസംഭരണ ശേഷി 79 മീറ്ററാണ്. എന്നാല്‍ ഡാമിന്റെ ഇപ്പോഴുള്ള ജലനിരപ്പ് 71 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 77.28 മീറ്റര്‍ ജലനിരപ്പുണ്ടായിരുന്ന സ്ഥാനത്താണ് അണക്കെട്ടിലെ ജലവിതാനം ആശങ്കാജനകമാം വിധം ഇത്രയും താഴ്ന്നിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ പരമാവധി ജലനിരപ്പുണ്ടായതിനെ തുടര്‍ന്ന് ഡാം പലതവണ തുറന്നു വിട്ടിരുന്നു.പീച്ചി ജലശുദ്ധീകരണ ശാലയില്‍ നിന്നു ദിവസേന 5.20 കോടി ലിറ്റര്‍ ജലമാണ് വിതരണം ചെയ്യുന്നത്. ഇതില്‍ രണ്ടു ശതമാനം ജലം ഡാം സ്ഥിതി ചെയ്യുന്ന പാണഞ്ചേരി പഞ്ചായത്തിലേക്കുള്ളതാണ്. കൂടാതെ രണ്ടു ശതമാനം ജലം പല കാരണങ്ങളാല്‍ ഒഴുകുന്ന വഴിയില്‍ നഷ്ടമുണ്ടാവുമെന്നും കണക്കാക്കുന്നു. തൃശൂര്‍ കോര്‍പ്പറേഷനിലും കോലഴി, കിള്ളന്നൂര്‍, മുളങ്കുന്നത്തുകാവ്, അരിമ്പൂര്‍, വെങ്കിടങ്ങ്, മണലൂര്‍ എന്നീ പഞ്ചായത്തുകളിലും പീച്ചിയെ ആശ്രയിച്ചാണ് ശുദ്ധജല വിതരണം നടക്കുന്നത്. സാധാരണ നവംബര്‍ മാസം വരെ ജലനിരപ്പ് ഉയരുമ്പോള്‍ ജലവിതരണത്തിനായി മര്‍ദ്ദം കാരണം പമ്പിങ് ആവശ്യം വരാറില്ല. എന്നാല്‍ ഇത്തവണ പമ്പിങ് നിര്‍ത്തേണ്ടി വന്നിട്ടില്ല. പീച്ചിയില്‍ നിന്ന് നഗരത്തിലേക്കുള്ള ജലവിതരണത്തിനുപരി കനാലിലൂടെയുള്ള ജലവിതരണത്തിന് തടസമുണ്ടാവുമോ എന്നതാണ് കൂടുതല്‍ ആശങ്ക. പീച്ചിയില്‍ നിന്നുള്ള വലതുകര കനാലും ഇടതുകര കനാലും തുറന്നില്ലെങ്കില്‍ പ്രദേശത്തെ കൃഷികള്‍ വരള്‍ച്ച നേരിടേണ്ടി വരുമെന്നു മാത്രമല്ല ആയിരകണക്കിനു ആളുകള്‍ക്ക് കൂടിക്കാനുള്ള ജലത്തിനു പോലും ബുദ്ധിമുട്ടേണ്ടി വരും. സാധാരണ കടുത്ത വേനലില്‍ കനാലുകള്‍ തുറന്നു വിടുമ്പോഴാണ് വലതു കരകനാല്‍ കടന്നു പോകുന്ന മുളങ്കുന്നത്തുകാവ് വരേയും ഇടതുകര കടന്നു പോകുന്ന ആമ്പല്ലൂര്‍ ഭാഗം വരേയുമുള്ള പ്രദേശത്തെ ജലസ്രോതസുകള്‍ സമൃദ്ധമാകുന്നത്. പീച്ചിക്കു പുറമെ വാഴാനി, ചിമ്മിനി ഡാമുകളും വറ്റിത്തുടങ്ങിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day