|    Dec 6 Tue, 2016 9:32 pm
FLASH NEWS

പി ജെ ലിസി പ്രസിഡന്റാവും; കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഎമ്മിന് കനത്ത തിരിച്ചടി

Published : 2nd December 2016 | Posted By: SMR

കുറ്റിക്കോല്‍: സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതനും ഒരു ആര്‍എസ്പി അംഗവും ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മൂന്ന് ബിജെപി അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മി പുറത്തായത്. 16അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം ഏഴ്, കോണ്‍ഗ്രസ് വിമതര്‍ അഞ്ച്, ആര്‍എസ്പി ഒന്ന് ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒമ്പത് അംഗങ്ങള്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഭരണ സമിതി പരാജയപ്പെട്ടത്. എന്നാല്‍ വൈസ് പ്രസിഡന്റ് ബിജെപിയിലെ ദാമോദരനാണ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കോ ണ്‍ഗ്രസ് വിമതര്‍ നല്‍കിയ പിന്തുണക്ക് പകരമുള്ള ഉപകാരമാണ് പഞ്ചായത്ത് പ്രസിഡന്റിനെ അട്ടിമറിക്കാന്‍ ബിജെപി കൂട്ടുനില്‍ക്കാന്‍ കാരണമെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. സിപിഎം ബേഡകം ഏരിയയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും കാരണമായിട്ടുണ്ട്. ഏരിയ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ബേഡകം ഏരിയാ കമ്മിറ്റിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിഭാഗീയത മൂലം മുതിര്‍ന്ന നേതാവ് പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഏതാനും മാസം മുമ്പ് സിപിഐയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി കരുണാകരന് ഉദുമ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറയാനും ഇവിടത്തെ വിഭാഗീയത കാരണമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ നിന്ന് കെ കുഞ്ഞിരാമന്‍ രക്ഷപ്പെട്ടത് 3000 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. 2000ലെ യുഡിഎഫ്് സര്‍ക്കാറിന്റെ കാലത്താണ് അവിഭക്ത ബേഡകം പഞ്ചായത്ത് വിഭജിച്ച് കുറ്റിക്കോല്‍ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിച്ചത്. ഇതുവരേയും സിപിഎമ്മായിരുന്നു ഭരണം കയ്യാളിയിരുന്നത്. സിപിഐ പഞ്ചായത്തില്‍ ഒരംഗമുണ്ട്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫ് വിമതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തി ല്‍ മതിയായ സംരക്ഷണം നല്‍കാന്‍ ജില്ലാ പോലിസ് ചീഫിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദൂര്‍ സിഐ സിബിയുടെ നേതൃത്വത്തില്‍ ആദൂര്‍, ബേഡകം സ്റ്റേഷനുകളില്‍ നിന്നായി നിരവധി പോലിസുകാരാണ് ക്രമസമാധാന പാലനത്തിന് കുറ്റിക്കോലില്‍ എത്തിയത്. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ കുറ്റിക്കോലില്‍ പ്രതിഷേധ പ്രകടനം നടത്തി. 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. കോ ണ്‍ഗ്രസ് വിമത പി ജെ ലിസി പ്രസിഡന്റാവുമെന്നാണ് റിപോര്‍ട്ടുകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day