|    Oct 27 Thu, 2016 12:51 am
FLASH NEWS

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഒന്നാം പ്രതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Published : 15th August 2016 | Posted By: SMR

കൊല്ലം: പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ ഒന്നാംപ്രതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മയ്യനാട് കാരിക്കുഴി ഉത്രാടം വീട്ടില്‍ പ്രകാശ് ലാലിനെയാണ് (58) മയ്യനാട് കല്ലറാംതോടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം.
2010 ഒക്ടോബറില്‍ പിഎസ്‌സി നടത്തിയ എസ്‌ഐ പരീക്ഷയുടെ ചോദ്യപേപ്പര്‍, പരീക്ഷ നടന്നുകൊണ്ടിരിക്കെ ചോര്‍ത്തി പരീക്ഷാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുത്തുവെന്നാണ് കേസ്. കൊല്ലം ബാറിലെ അഭിഭാഷകനായ പട്ടത്താനം വികാസ്‌നഗറില്‍ വെളിയം കെ എസ് രാജീവ് ഉള്‍പ്പെടെ 13 പ്രതികളാണ് കേസിലുള്‍പ്പെട്ടത്. അരലക്ഷം പേര്‍ എഴുതിയ എസ്‌ഐ പരീക്ഷയില്‍ ചവറ ശങ്കരമംഗലം, കൊല്ലം ക്രേവണ്‍ സ്‌കൂള്‍ എന്നീ സെന്ററുകളിലാണ് തട്ടിപ്പ് നടന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പിഎസ്‌സി വിജിലന്‍സ് സ്‌ക്വാഡ് പരീക്ഷാ ഹാളുകളില്‍ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ മൊബൈല്‍ ഫോണില്‍ ഉത്തരം കേട്ടെഴുതിയ രണ്ട് ഉദേ്യാഗാര്‍ഥികളെ പിടികൂടിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നത്. ലാസ്റ്റ് ഗ്രേഡ്, ക്ലറിക്കല്‍ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലും സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങുമ്പോള്‍ സാമ്യമുള്ള പേരുകളില്‍ 10 മുതല്‍ 15 വരെ അപേക്ഷകള്‍ പ്രകാശ്‌ലാല്‍ അയക്കുമായിരുന്നത്രെ. ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടും തട്ടിപ്പ് തുടര്‍ന്നു. അന്ന് അപേക്ഷയ്‌ക്കൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നില്ല. ഹാള്‍ ടിക്കറ്റ് അയക്കുമ്പോള്‍ പോസ്റ്റ്മാനെ സ്വാധീനിച്ച് അവ കൈക്കലാക്കും. കൂട്ടാളികളില്‍ ചിലരെ പരീക്ഷ എഴുതാന്‍ നിയോഗിക്കും. ഇവര്‍ ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടാതെ ചോദ്യക്കടലാസ് ഹാളിന് പുറത്തേക്ക് എറിയും. പ്രകാശ്‌ലാല്‍ ഈ ചോദ്യപേപ്പര്‍ കൈക്കലാക്കി ശരീരത്തില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ച് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരം പറഞ്ഞുനല്‍കും.
വിവിധ വകുപ്പുകളിലേക്കുള്ള ഓഫിസ് അറ്റന്‍ഡന്റ്, ബവ്‌റിജസ് കോര്‍പറേഷന്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ക്കുവേണ്ടിയുള്ള പിഎസ്‌സി പരീക്ഷകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. ആറു കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചു. മൂന്ന് കേസുകളുടെ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ട്രെയിന്‍ തട്ടിയതെന്നു കരുതുന്നു. ഇയാളുടെ മൊബൈലും സൈക്കിളും ട്രാക്കിന് സമീപത്തുണ്ടായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റി. വ്യവസായ വകുപ്പിലെ ജീവനക്കാരനായിരുന്നു പ്രകാശ്‌ലാല്‍. ഭാര്യ: ഷീജ. മക്കള്‍: ആദിത, ആഖ്യ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day