|    Oct 25 Tue, 2016 9:06 pm

പിആര്‍ഒ ആയി പ്രവര്‍ത്തിക്കേണ്ട ആളല്ല മുഖ്യമന്ത്രിയെന്ന് പിണറായി; നീതിയുക്ത ഭരണസംവിധാനം ശക്തിപ്പെടുത്തും

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: പിആര്‍ഒ ആയി പ്രവര്‍ത്തിക്കേണ്ട ആളല്ല മുഖ്യമന്ത്രിയെന്ന് പിണറായി വിജയന്‍. അതുകൊണ്ടാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വരേണ്ടെന്ന് തിരുമാനിച്ചതെന്നും ആവശ്യമുള്ള സമയങ്ങളില്‍ താന്‍ മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. താനൊരു സാധുവാണ്. കരുത്തനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി കരുത്തനാണെന്നുള്ള രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച പൊതുവായ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും ഇതു സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും പിണറായി ആവര്‍ത്തിച്ചു.
മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം. മദ്യനിരോധനം വന്നാല്‍ തെറ്റായ മാര്‍ഗങ്ങളിലൂടെ മദ്യം സംഘടിപ്പിച്ച് കുടിക്കാനുള്ള ശ്രമമുണ്ടാവും. ഇത് ജീവഹാനിക്ക് വരെ ഇടയാക്കുമെന്നതുകൊണ്ടാണ് നിരോധനത്തെക്കാള്‍ വര്‍ജനമാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീതിയുക്ത ഭരണസംവിധാനം ശക്തിപ്പെടുത്തിയുള്ള ഭരണമാവും സംസ്ഥാനത്ത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഭരണനിര്‍വഹണം എങ്ങനെയാവണമെന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ-ആദിവാസി വിഭാഗങ്ങള്‍, രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ എന്നിവരെ പ്രത്യേകമായി സംരക്ഷിക്കും. ഇവരുടെ അടുത്തേക്ക് എത്താന്‍ പ്രത്യേക വോളിന്റിയര്‍മാര്‍ ഉണ്ടാവും. ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയാന്‍ ഇത് ഉപകരിക്കും. ഒാരോ വകുപ്പുകള്‍ക്കും പ്രത്യേകം നയമുണ്ടാവും. വകുപ്പുകളുടെ നയപ്രഖ്യാപനം കാലതാമസമില്ലാതെ നടക്കും. പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാനുള്ള അവസരമുണ്ടാവും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് നിയമസഭയില്‍ അവതരിപ്പിക്കും.
അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന കാര്യത്തില്‍ യാതൊരു വീഴ്ചയുമുണ്ടാവില്ല. കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെ സഹായം നല്‍കാന്‍ തയ്യാറുള്ളവരെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തും. പ്രവാസികളുടെ നിക്ഷേപത്തിന് വലിയ വില കല്‍പിക്കുന്നുണ്ട്. ഈ നിക്ഷേപം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവരുമായി ചര്‍ച്ച നടത്തും. റോഡുകളുടെ വീതികൂട്ടലിന് പ്രാധാന്യം നല്‍കും. പുനരധിവാസവും പ്രധാനപ്പെട്ടതാണ്. ദേശീയപാതാ വികസനവും ദേശീയ ജലപാതാ വികസനവും പൂര്‍ണതയിലെത്തിക്കാന്‍ വേഗത്തിലുള്ള പ്രവര്‍ത്തനമുണ്ടാവും.
ഗെയ്ല്‍ പൈപ്പ് ലൈന്‍ നിര്‍മാണം വേഗത്തിലാക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക ദൂരീകരിക്കും. വിവര സാങ്കേതിക രംഗത്തെ കണ്ടുപിടുത്തങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തും. ഇതൊരു നയമായി പ്രഖ്യാപിക്കും. വരുമാനം വര്‍ധിപ്പിക്കാനും നികുതി ചോര്‍ച്ച ഒഴിവാക്കാനും ഫലപ്രദമായ നടപടികള്‍ ഉണ്ടാവും. നികുതി കാര്യത്തിലെ പരാതികള്‍ പരിഹരിക്കാന്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day