|    Dec 3 Sat, 2016 7:52 am
FLASH NEWS

പാലിയേക്കര ടോള്‍ സമാന്തരപാത അടച്ചുകെട്ടിയ സംഭവം; പഞ്ചായത്തിന് നടപടിയെടുക്കാം: മന്ത്രി ജി സുധാകരന്‍

Published : 29th October 2016 | Posted By: SMR

തൃശൂര്‍: നാട്ടുകാര്‍ പൊളിച്ചുമാറ്റിയ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരമായുള്ള പാത വീണ്ടും അടച്ചുകെട്ടിയതിനെതിരേ പഞ്ചായത്തിന് നടപടിയെടുക്കാമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍. ടോള്‍ സംബന്ധിച്ച പ്രസംഗത്തിനിടെ നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ കാറിന് കടന്നു പോകാമായരുന്ന സമാന്തരപാത ടോള്‍ പ്ലാസ അധികാരികളുടെ സ്വാധീനം മൂലം പോലിസിന്റെ സാന്നിധ്യത്തില്‍ അടച്ചുകെട്ടിയിരിക്കയാണ്. ഇപ്പോള്‍ ബൈക്കിന് മാത്രം പോകാവുന്ന സ്ഥലം മാത്രമേയുള്ളൂ. കലക്ടറുടെ നിര്‍ദ്ദേശമനുസരിച്ചാണ് നാട്ടുകാര്‍ സമാന്തരപാത തുറന്നതെന്ന് പറഞ്ഞതെങ്കിലും പിന്നീട് കലക്ടര്‍ അതു തിരുത്തിയതോടെയാണ് വിവാദമായത്. പിന്നീട് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലിസെത്തി മറ്റു വാഹനങ്ങള്‍ക്കൊന്നും കടന്നു പോകാനാകാത്ത വിധം അടച്ചുകെട്ടുകയായിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് മന്ത്രിയും നാട്ടുകാര്‍ക്ക് അനുകൂലമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തെ ടോള്‍ രഹിത സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായുള്ള പാത അടച്ചുകെട്ടിയതിനെതിരേയും മന്ത്രി പ്രതികരിച്ചത്. പാത അടച്ചു കെട്ടിയതിനെതിരേ ഇവിടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നടപടിയെടുക്കാമെന്നാണ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതോടെ നെന്മണിക്കര പഞ്ചായത്തിന് തീരുമാനമെടുത്താല്‍ സമാന്തര സമാന്തരപാത അടച്ചുകെട്ടിയത് പൊളിച്ചു മാറ്റാനാകും. ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെന്നു പറഞ്ഞാണ് പാത അടച്ചു കെട്ടിയിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഇത്തരം നടപടിക്കെതിരേ പൊതുമരാമത്ത് വകുപ്പു മന്ത്രിക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന. സമാന്തര പാത അടച്ചതിനെതിരേ പൊതുമരാമത്ത് വകുപ്പുമന്ത്രി പിന്തുണയുമായി എത്തിയതോടെ ഇടതുപക്ഷം ഭരിക്കുന്ന നെന്മണിക്കര പഞ്ചായത്തിനും ഇനി നടപടികളെടുക്കാനാകും. നേരത്തെ കാറുകള്‍ക്ക് കടന്നു പോകാനുള്ള സ്ഥലം ഉണ്ടായിരുന്ന ഇവിടെ അതുകൂടി ഇല്ലാതാക്കിയത് പൊളിച്ചു കളയാനും പഞ്ചായത്തിനു സാധിക്കും. എന്നാല്‍ പഞ്ചായത്ത് നിയമപരമായി നേരിടാനാണ് തീരുമാനമെന്നു പറയുന്നു. ഇതിനും പുറമേ ടോള്‍ ബൂത്തില്‍ വാഹനങ്ങളുടെ എണ്ണം, പിരിച്ച തുക തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ടോളിനു മുമ്പില്‍ അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ വന്നാല്‍ ഗതാഗത കുരുക്ക് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. എന്നാല്‍ പലപ്പോഴും ടോളിനു മുമ്പില്‍ പത്തും ഇരുപതും വാഹനങ്ങള്‍ നിറുത്തയിട്ട് ഗതാഗത കുരുക്ക് ഉണ്ടാകുന്നത് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിത്യ സംഭവമാണ്. ഇതിനെതിരേ മന്ത്രിയുടെ ഇടപെടലുണ്ടാകുമെന്നും സൂചനയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day