|    Oct 27 Thu, 2016 6:36 am
FLASH NEWS

പാലാരിവട്ടം ഫ്‌ളൈ ഓവര്‍ ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കും

Published : 12th October 2016 | Posted By: Abbasali tf

കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പാലാരിവട്ടം ഫ്‌ളൈ ഓവര്‍ ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. രാവിലെ 10ന് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളൈ ഓവര്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഇതോടെ ദേശീയപാതയില്‍ വൈറ്റിലയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പെടുത്തിയ പദ്ധതിയാണ് പാലാരിവട്ടം ഫ്‌ളൈ ഓവര്‍. പേരുപോലെ റെക്കോഡ് വേഗത്തിലാണ് ആദ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പിന്നീട് കരാറുകാര്‍ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി നിര്‍മാണത്തെ ബാധിച്ചു. സര്‍ക്കാരില്‍നിന്ന് ഫണ്ട് അനുവദിച്ചുകിട്ടാന്‍ വൈകിയതും നിര്‍മാണത്തിന്റെ വേഗത കുറച്ചു. മൂന്നു മാസം മുമ്പ് ടാറിങ് ഒഴികെ എല്ലാ പണികളും പൂര്‍ത്തിയായി. പാലത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതും അപ്രോച്ച് റോഡിന്റെ ടാറിങുമൊക്കെയാണ് ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാനായത്. സ്പീഡ് കേരളയിലെ ജില്ലയിലെ മൂന്ന് പദ്ധതികളില്‍ നിര്‍മാണം നടക്കുന്ന ഏകപദ്ധതിയാണിത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 2014 സപ്തംബറിലാണ് നിര്‍മാണം തുടങ്ങിയത്. അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞായിരുന്നു നിര്‍മാണോദ്ഘാടനം നടത്തിയത്. സ്ഥലം ഏറ്റെടുക്കലുള്‍പ്പടെ 72.6 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയത്. ഇതില്‍ പാലത്തിന്റെ നിര്‍മാണത്തിനു മാത്രം 41.27 കോടി ചെലവായി. 631.87 മീറ്റര്‍ നീളവും 16.60 മീറ്റര്‍ വീതിയും ഫ്‌ളൈ ഓവറിനുണ്ട്. കഴിഞ്ഞമാസം പതിനൊന്നിന് ഓണത്തിനു മുമ്പ് ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ നാടിനു സമര്‍പിച്ചപ്പോള്‍ ഈ മാസം അവസാനത്തോടെ പാലാരിവട്ടം ഫ്‌ളൈ ഓവര്‍ മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നായിരുന്നു നിര്‍മാണ ചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞത്. മിനുക്കുപണികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം മാത്രമായിരുന്നു അന്ന് ചോദിച്ചിരുന്നത്. ടാറിങ്ങ് പണികളും പെയിന്റിങ് ഉള്‍പടെ മിനിക്കു പണികളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സൂചനാ ബോര്‍ഡുകളുടേയും നിര്‍മാണം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day