|    Dec 7 Wed, 2016 2:06 pm
FLASH NEWS

പാലവും റോഡും തകര്‍ന്നു: യാത്ര ദുസ്സഹമാവുന്നു

Published : 14th November 2016 | Posted By: SMR

വടകര: താലൂക്കിലെ പ്രധാന റോഡുകളിലൊന്നായ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് തകര്‍ന്നത് മൂലം യാത്ര ദുസ്സഹമാവുന്നതായി യാത്രക്കാര്‍. പലയിടങ്ങളിലും വന്‍ ഗര്‍ത്തങ്ങളാണ് റോഡില്‍ രൂപപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ പഴക്കം ചെന്ന കല്ലേരി പാലം ഏത് നിമിഷവും തകരാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സംഭവത്തില്‍ അധികൃതര്‍ കാണിക്കുന്നത് അലംഭാവത്തിനെതിരെയും നാട്ടുകാര്‍ രോഷം കൊള്ളുകയാണ്. റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. വാഹനങ്ങള്‍ പോകുമ്പോള്‍ കല്ല് തെറിക്കുന്നത് ജനത്തിന് ഭീഷണിയായിരിക്കുകയാണ്. വടകര നിന്ന് കിഴക്കന്‍ മലയോര മേഖലക്കുള്ള മൂന്ന് റോഡുകളിലൊന്നാണിത്. മുട്ടുങ്ങല്‍ പക്രന്തളം, കാവില്‍-തീക്കിനി-കുറ്റിയാടി എന്നിവയാണ് മറ്റ് രണ്ട് റോഡുകള്‍. ഇതില്‍ കാവില്‍-കുറ്റിയാടി റോഡിന്റെ പരിഷ്‌കരണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. മുട്ടുങ്ങല്‍ -കുറ്റിയാടി റോഡിന് 30 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പരിഷ്‌കരണ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. എന്നാല്‍ വില്യാപ്പള്ളി റോഡില്‍  അറ്റ കുറ്റ പ്പണി പോലും നടക്കാത്തത് വര്‍ഷങ്ങളായി. നാദാപുരം വഴി പോകുന്നതിനേക്കാള്‍ കുറ്റിയാടിക്ക് എളുപ്പമുള്ള റോഡുമാണ് ഇത്.നിലവിലുള്ള പാലം തകര്‍ന്നു തുടങ്ങിയതോടെ മറ്റൊരു പാലം തൊട്ടടുത്തായി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തകരുകയായിരുന്നു. ഇപ്പോള്‍ പഴയ പാലത്തിലൂടെയാണ് ഗതാഗതം. ഇടുങ്ങിയ പാലം കൂടിയായ ഇതിലൂടെ നൂറു കണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഈ റോഡിന്  നാഥനില്ലാത്ത അവസ്ഥയിലാണുള്ളത്. നാദാപുരം, പുറമേരി, ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതാണ് റോഡ്. വടകര മുനിസിപ്പാലിറ്റിയില്‍ നിന്നാണ് തുടക്കം. അവിടേയും തകര്‍ന്ന ഭാഗങ്ങളുണ്ട്. തണ്ണീര്‍പന്തല്‍, അരൂര്‍ ഭാഗങ്ങലിലേക്ക് നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ ടാക്‌സി പാരലല്‍ സര്‍വീസുമുണ്ട്. പാലത്തിന്റെയും റോഡിന്റെയും ശോച്യാവസ്ഥ പരിഹരിച്ച് യാത്ര സുഖകരമാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day