|    Dec 11 Sun, 2016 7:45 am

പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം ഇരമ്പി

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ വരിനിന്ന് പ്രതിഷേധിച്ചു. 200ലധികം എംപിമാരാണ് ഇന്നലെ പാര്‍ലമെന്റിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിലെ ഒറ്റവരി ധര്‍ണയില്‍ പങ്കെടുത്തത്. നോട്ട് വിഷയത്തില്‍ പാര്‍ലമെന്റിനുള്ളില്‍ കടുത്ത നിലപാടെടുക്കാതിരുന്ന എഐഎഡിഎംകെയും ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ അണിനിരന്നു.
കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, ജെഡിയു എംപിമാര്‍ പ്രതിഷേധവരിയുടെ ഭാഗമായി. നോട്ട് അസാധുവാക്കിയ തീരുമാനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ 28ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി നല്‍കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്.
രാജ്യത്തെ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ വരിനില്‍ക്കുന്നതുപോലെ തങ്ങളും ഒറ്റവരിയില്‍ നിന്നു പ്രതിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. വേണ്ടത്ര കരുതലില്ലാതെയും ആരുമായും കൂടിയാലോചിക്കാതെയും ഇത്ര പ്രധാനമായൊരു ധനകാര്യ പരീക്ഷണത്തിന് പ്രധാനമന്ത്രി എന്തിനാണ് തയ്യാറായതെന്ന് അദ്ദേഹം ചോദിച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി പാര്‍ലമെന്റിലെത്താന്‍ മടിക്കുന്നതിനെയും രാഹുല്‍ ചോദ്യംചെയ്തു. നോട്ട് പിന്‍വലിക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോട് രഹസ്യമായി അറിയിച്ചിരുന്നു. അതിനാലാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചുവരുത്തി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തേടണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരാന്‍ മടിക്കുന്നതെന്തിനാണെന്നും ഈ നപടി പാര്‍ലമെന്റിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കിയെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തി വിഷയം ചര്‍ച്ചചെയ്യണമെന്ന് ഡി രാജ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങളെ വലക്കുന്ന കടുത്ത തീരുമാനം എടുത്തശേഷം മാറിനില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കിയ വിഷയത്തിലുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ നടത്തണം.
വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. നോട്ട് വിഷയം വോട്ടെടുപ്പോടുകൂടിയ അടിയന്തരപ്രമേയമായി ചര്‍ച്ച ചെയ്യണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക