|    Oct 22 Sat, 2016 7:23 am
FLASH NEWS

പാട്ടിനെ പുണരാന്‍ നീട്ടിയ കൈകളില്‍

Published : 11th August 2015 | Posted By: admin

രജിത് മുതുവിള

pattune
‘നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍

വേദനയോ… വേദനയോ…

നിന്നെ തഴുകാന്‍ പാടിയ പാട്ടിലും

വേദനയോ… വേദനയോ…’

ഈ ഗാനം ജീവിതത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല.

സരസ്വതീയാമം എന്ന ചിത്രത്തിലെ ഈ സൂപ്പര്‍ഹിറ്റ് ഗാനം ഹൃദയത്തിലേറ്റുവാങ്ങിയ മിക്ക മലയാളികള്‍ക്കും ഇതെഴുതിയത് വെള്ളനാട് നാരായണന്‍ ആണെന്ന് അറിയില്ല. ഒരു കാലഘട്ടത്തില്‍ ഉല്‍സവപ്പറമ്പുകളില്‍ മുഴങ്ങിക്കേട്ട പേരാണിത്. 120ലേറെ പുരാണനാടകങ്ങള്‍, അത്രതന്നെ അമച്വര്‍ നാടകങ്ങള്‍, 35ഓളം ബാലെകള്‍, പ്രഫഷനല്‍ നാടകങ്ങള്‍, വില്ലടിച്ചാന്‍പാട്ട്, പ്രശസ്ത കൃതികളുടെ കഥാപ്രസംഗാവിഷ്‌കാരങ്ങള്‍, ലളിതഗാനങ്ങള്‍, ടി.വി. സീരിയലുകള്‍, തിരക്കഥകള്‍ അങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും തിളങ്ങിയ എഴുത്തുകാരന്‍.ആദ്യ ഗാനത്തിന്റെ പിറവിആദ്യഗാനമായ ‘നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍…’ എഴുതാനുള്ള അവസരം കിട്ടിയതെങ്ങനെയെന്നു വെള്ളനാട്ടെ ‘വസന്ത’ത്തിലിരുന്ന് അദ്ദേഹം പറഞ്ഞു. ആദ്യകാലത്ത് നാടകങ്ങളും ഗാനങ്ങളും കഥാപ്രസംഗവുമൊക്കെ ഞാനെഴുതിയിരുന്നു. ആയിടെ തിരുവനന്തപുരത്തുള്ള എം.ജി.എം. ലോഡ്ജില്‍ മധുസാറിന്റെ അസിസ്റ്റന്റ് മോഹന്‍കുമാര്‍ എന്നൊരാള്‍ വരുമായിരുന്നു.

കാഥികന്‍മാരുടെ സങ്കേതമായിരുന്നു അന്ന് ആ ലോഡ്ജ്. മോഹന് എന്റെ വരികള്‍ ഏറെ ഇഷ്ടമായിരുന്നു. ഒരു ദിവസം മോഹന്‍ എന്നോടു പറഞ്ഞു: ”ഞാന്‍ ഒരു സിനിമ ചെയ്യുന്നു. നാരായണന്‍ അതിലെ പാട്ടുകള്‍ എഴുതണം.” സിനിമയുമായി സജീവബന്ധമൊന്നും അന്നെനിക്കില്ല. റിക്കാഡിങിന്റെ സാങ്കേതികവശങ്ങളെപ്പറ്റി ഒന്നും തന്നെ അറിയില്ല. അതുകൊണ്ടു തന്നെ പാട്ടെഴുതാനുള്ള ധൈര്യം അന്നെനിക്കില്ലായിരുന്നു. മോഹന്‍ എന്നെ പ്രോല്‍സാഹിപ്പിച്ചു. സരസ്വതിയാമം ആയിരുന്നു ചിത്രം.  സോമന്‍, ജഗതി ശ്രീകുമാര്‍, ലിസ, ഭവാനി തുടങ്ങിയ താരനിര. അതിനുവേണ്ടി ഞാനെഴുതിയ പാട്ടാണ് ‘നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ… വേദനയോ…’. എന്റെ ആദ്യ സിനിമാഗാനം. അന്ന് ഈ പാട്ടെഴുതുമ്പോള്‍ ഹിറ്റാവുമെന്ന ഒരു ചിന്തപോലും ഉണ്ടായിരുന്നില്ല. ഒരു സൂപ്പര്‍ഹിറ്റും അറിഞ്ഞ് ഉണ്ടാവുന്നതല്ലല്ലോ. നമ്മളറിയാതെ, കാലമറിയാതെ പിറന്നുവീഴുന്നതാണ് ഓരോ ഗാനവും. ഹിറ്റ് എന്നത് ദൈവത്തിന്റെ തീരുമാനമാണ്.

യേശുദാസിന്റെ ആലാപനവും എ.ടി. ഉമ്മറിന്റെ സംഗീതവുമാണ് സരസ്വതിയാമത്തിലെ ഗാനങ്ങള്‍ ശ്രോതാക്കള്‍ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. രണ്ടു മഹദ്‌വ്യക്തികള്‍ ഒന്നിച്ച ആ ചിത്രത്തിലെ പാട്ടെഴുതാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടു ഞാന്‍ കരുതുന്നു. ഉല്‍സവപ്പറമ്പുകളിലെ കലാപ്രകടനങ്ങളെക്കുറിച്ച്  വെള്ളനാട് നാരായണന്‍ ഓര്‍ത്തെടുത്തു. മുമ്പ് ബാലെ എന്നൊരു കലാരൂപമുണ്ടായിരുന്നു. അതില്‍ ഒന്ന് മൂളുന്നതിനു പോലും നാലുവരി കവിത വേണം. ഡയലോഗില്ല. കവിതാശകലങ്ങള്‍ കൊണ്ടാണ് കഥ പറയുന്നത്. പുരാണകഥകളാണ് കൂടുതലും എഴുതാറ്. നരസിംഹാവതാരം, ബ്രഹ്്മര്‍ഷി വിശ്വാമിത്രന്‍, വീര അഭിമന്യു, മഹാബലി തുടങ്ങിയവ കേരളത്തിലങ്ങോളമിങ്ങോളം കളിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയവയാണ്. പിന്നെ ഞാന്‍ തന്നെ ബാലെയുടെ സ്വരൂപത്തെ നാടകമാക്കി. കൃഷ്ണായനം, ചിലപ്പതികാരം, ആര്‍ഷഭാരതം തുടങ്ങി 140 നൃത്തനാടകങ്ങള്‍ എഴുതി. ഇപ്പോഴും അമ്പലങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നത് നൃത്തനാടകങ്ങളാണ്. ഇന്നത്തെ ആളുകള്‍ക്ക് കാത്തിരുന്നു കാണാനുള്ള ക്ഷമയില്ലെന്ന് നാരായണന്‍ പറയുന്നു. ലോകത്തിലെ ഏതു കോണില്‍ നടക്കുന്ന പരിപാടിയായാലും നമുക്ക് അടുക്കളയില്‍ കിട്ടും.

നാടകം ഒരുപാടു പേര്‍ ആസ്വദിച്ചിരുന്ന കാലഘട്ടം മുമ്പുണ്ടായിരുന്നു. അന്ന് അര്‍ഹതയുള്ളവരുടെ കൈകളിലായിരുന്നു നാടകവേദി. ഇന്ന് നാടകം എന്താണെന്ന് അറിയാത്തവര്‍ പോലും നാടകമെഴുതുന്നു, സംവിധാനം ചെയ്യുന്നു. നാടകരചന എന്നത് കുട്ടിക്കളിയല്ല. തോപ്പില്‍ഭാസിയും എന്‍.എന്‍. പിള്ളയും അദ്ഭുതങ്ങള്‍ സൃഷ്ടിച്ച രചനാവേദിയാണ് നാടകം. ‘നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍…’, ‘ശ്രീരഞ്ജിനി സ്വരരാഗിണി…’, ‘പൂവേ പൊലി പാടാന്‍ വരും പൂവാലിക്കിളിയേ…’, ‘മംഗല്യ സ്വപ്‌നങ്ങളെ മധുരാഭിലാഷങ്ങളെ…’, ‘നിന്റെ ദുഃഖം നിനക്കുമാത്രം നിന്റെ വഴിയില്‍ നീ മാത്രം…’  എന്നിവയാണ് നാരായണന് താനെഴുതിയവയില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങള്‍. രവീന്ദ്രന്‍ മാഷോടൊപ്പമുള്ള നിമിഷങ്ങള്‍ നാരായണന്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. ചൂടിയ പൂക്കള്‍ എന്ന സിനിമയുടെ റിക്കാഡിങ് നടക്കുന്നു. രവീന്ദ്രന്‍ മാഷിന് അന്ന് നല്ല തിരക്കുള്ള സമയമായിരുന്നു. ഒരു കന്നഡ പടം ചെയ്തിട്ട് വന്നതേയുള്ളൂ.   സ്റ്റുഡിയോയില്‍ വച്ച് അദ്ദേഹം പറഞ്ഞു: ”ഒരു മീറ്റര്‍ തരാം. പെട്ടെന്ന് അതിന് വരികളെഴുതിത്തരണം.” ഒരു ഇരുപതു മിനിറ്റുകൊണ്ട് പാട്ടെഴുതിക്കൊടുത്തു. അദ്ഭുതത്തോടെ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ആ പാട്ടാണ് ‘പൂവേ പൊലി പാടാന്‍വരും പൂവാലിക്കിളിയേ…’. സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ രചിച്ചിട്ടും ഗാനരചനാരംഗത്ത് ശ്രദ്ധിക്കപ്പെടാതെ പോയതിന് നാരായണന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. സിനിമയ്ക്ക് നമ്മള്‍ സ്വയം സമര്‍പ്പിക്കണം.

സിനിമ ആവശ്യപ്പെടുന്നത് ഒരു ത്യാഗമാണ്. പുതുതലമുറയെ അപേക്ഷിച്ച് പഴയകാല നടന്‍മാര്‍ സിനിമയിലെത്തിപ്പെടാന്‍ വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചവരാണ്. തലചായ്ക്കാനിടമില്ലാതെ മദ്രാസില്‍ അലഞ്ഞുതിരിഞ്ഞവരുണ്ട്. രവീന്ദ്രന്‍ മാഷിന്റെ കഥ കേട്ടാല്‍ കരഞ്ഞുപോവും. പ്രേംനസീറിന് ഭാഗ്യം കൊണ്ട് അത്രയും കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. അന്ന് മലയാള സിനിമയെന്നാല്‍ മദ്രാസാണ്. കുടുംബത്തിന്റെ കെട്ടുപാടും ഉത്തരവാദിത്തങ്ങളും കാരണം മദ്രാസില്‍ പോയി താമസിച്ച് പാട്ടെഴുതാനുള്ള അവസരങ്ങള്‍ തിരഞ്ഞു നടക്കാനൊന്നും എനിക്ക് കഴിയുമായിരുന്നില്ല. അന്നെനിക്ക് ജോലിയുണ്ട്. ജോലി ഉപേക്ഷിച്ച് സിനിമയിലേക്കുപോവാന്‍ അന്ന് ധൈര്യമില്ലായിരുന്നു. സമ്പൂര്‍ണ സമര്‍പ്പണം ആവശ്യപ്പെടുന്ന രംഗമാണ് സിനിമ.

കാന്‍സറിന്റെ പിടിയില്‍കാന്‍സര്‍ എന്ന മഹാരോഗത്തെ മനോധൈര്യം കൊണ്ട് നേരിട്ട കലാകാരനാണ് നാരായണന്‍. ശ്വാസകോശത്തിലായിരുന്നു കാന്‍സര്‍ വന്നത്. നാഡീ                വ്യൂഹത്തെ മുഴുവനും തകര്‍ക്കുന്നതാണ് ഇത്. അസുഖമുണ്ടെന്ന കാര്യം തന്നെ അറിയുമായിരുന്നില്ല. ചികില്‍സ കഴിഞ്ഞപ്പോള്‍ കൈയിലുണ്ടായിരുന്നതൊക്കെ നഷ്ടപ്പെട്ടു. ജോലിയില്‍നിന്ന് വിരമിക്കുന്നത് ശൂന്യമായ കൈകളുമായിട്ടായിരുന്നു. പെന്‍ഷന്‍ കിട്ടുന്നത് പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞാണ്. 31ാം തിയ്യതിയാവുമ്പോള്‍ ഒരു ചായ കുടിക്കാന്‍ പോലും പൈസയുണ്ടാവില്ല. ബാലെകള്‍ക്ക് എഴുതിയാല്‍ പരമാവധി 25,000 രൂപ കിട്ടും. അതുകൊണ്ട് കടങ്ങള്‍ തീരുമോ? ഹൗസിങ് ബോര്‍ഡില്‍നിന്ന് ലോണെടുത്താണ് വീടു വച്ചത്. അപ്പോഴാണ് സ്വാമി അയ്യപ്പന്‍ എന്ന സീരിയലിന് തിരക്കഥ എഴുതാന്‍ വിളിക്കുന്നത്. അതുകഴിഞ്ഞ് ദേവീമാഹാത്മ്യം. ഈ സീരിയലുകള്‍ക്കെല്ലാം നല്ല റേറ്റിങ് ഉണ്ടായിരുന്നു. സെറ്റിലിരുന്ന് 34 സീന്‍ വരെ എഴുതുമായിരുന്നു. അങ്ങനെ കുറച്ച് കടങ്ങളൊക്കെ തീര്‍ത്തു. അന്തംവിട്ട എഴുത്തായപ്പോള്‍ ശ്വാസതടസ്സമുണ്ടായതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ഒരു ദിവസം വെള്ളനാട്ട് പോയി വരുംവഴി റോഡില്‍ ബോധം കെട്ടുവീണു. അവിടന്ന് മെഡിക്കല്‍ കോളജിലേക്കയച്ചു. പിന്നെ ആര്‍.സി.സിയില്‍. രക്ഷയില്ലെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞതാണ്.

സീരിയലുകളില്‍നിന്നു കിട്ടിയ തുക ആശുപത്രിയില്‍ ചെലവായി. ഏതാണ്ട് രണ്ടുലക്ഷം രൂപ കടവുമായി.  ഗണേഷ്‌കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ടി.വി. രംഗത്തെ കലാകാരന്‍മാരെ ആദരിച്ചപ്പോള്‍ എന്നെയും ക്ഷണിച്ചിരുന്നു. 25,000 രൂപയുടെ ചെക്ക് തന്നു. എം.എ. ബേബി മന്ത്രിയായിരുന്നപ്പോഴും അത്രതന്നെ കിട്ടി. പിന്നെ സുഹൃത്തുക്കള്‍ ചെറിയ ചെറിയ സഹായങ്ങളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, എഴുതിക്കൊടുത്ത ട്രൂപ്പുകളൊന്നും തിരിഞ്ഞുനോക്കിയില്ല.പ്രശസ്തരെ മാനം മുട്ടെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ വിഷമതകളനുഭവിക്കുന്ന കലാകാരന്‍മാരെ കണ്ടില്ലെന്നു നടിക്കുന്നത് ഏറെ ദുഃഖകരമാണ് എന്നദ്ദേഹം പറഞ്ഞു. പുതിയ ഒരു ചിത്രത്തിന് ഗാനരചന ചെയ്യാന്‍ വിളിച്ചാല്‍ 20 മിനിറ്റുകൊണ്ട് നല്ല ഗാനം രചിച്ചുകൊടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോഴുമുണ്ട് നാരായണന്.                               ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 129 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day