|    Oct 21 Fri, 2016 11:55 pm
FLASH NEWS

പാക് മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തക പ്രകാശനം; ബി.ജെ.പി. മുന്‍ നേതാവിന് ശിവസേനയുടെ കരിഓയില്‍

Published : 13th October 2015 | Posted By: RKN

സ്വന്തം  പ്രതിനിധി

മുംബൈ: ബി.ജെ.പി. മുന്‍ നേതാവിനു നേരെ ശിവസേനയുടെ കരിഓയില്‍ പ്രയോഗം. പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങിന്റെ സംഘാടകന്‍ ബി.ജെ.പി. മുന്‍ നേതാവും റിസര്‍ച്ച് ഫൗണ്ടേഷന്‍ ഒബ്‌സര്‍വറുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്കു നേരെയാണ് ശിവസേനാ പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുല്‍ക്കര്‍ണിയുടെ മുംബൈ സിയോണിലെ വീടിനു പുറത്തുവച്ചായിരുന്നു കരിഓയില്‍ പ്രയോഗം. പുസ്തക പ്രകാശനച്ചടങ്ങ് മാറ്റിവയ്ക്കണമെന്ന സേനയുടെ ആവശ്യം തള്ളിയതാണ് ആക്രമണത്തിനു കാരണം. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ശിവസേന പുസ്തക പ്രകാശനത്തിനെതിരേയുള്ള നീക്കം പിന്‍വലിച്ചു.

സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് സേനയുടെ പിന്മാറ്റത്തിനിടയാക്കിയത്. മുതിര്‍ന്ന ബി.ജെ.പി. നേതാവ് അഡ്വാനിയും കരിഓയില്‍ പ്രയോഗത്തെ അപലപിച്ചു. ഔദ്യോഗിക അനുവാദത്തോടെ രാജ്യത്തെത്തിയ വിദേശ നയതന്ത്രജ്ഞര്‍ക്കും നേതാക്കള്‍ക്കും സുരക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പുസ്തക പ്രകാശനച്ചടങ്ങിനു സംരക്ഷണം നല്‍കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ നൈതര്‍ ഹോക്ക് നോര്‍ എ ഡോവ്: ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാകിസ്താന്‍സ് ഫോറിന്‍ പോളിസി എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെതിരേ ശിവസേന നേരത്തെത്തന്നെ രംഗത്തെത്തിയിരുന്നു.

പ്രകാശനച്ചടങ്ങിന്റെ സംഘാടകനും മുന്‍ പത്രപ്രവര്‍ത്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണി സേനയുടെ നീക്കം മനസ്സിലാക്കി ബി.ജെ.പി. നേതാക്കളെയും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെയും സമീപിച്ചിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല. ഇന്നലെ വൈകീട്ടായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, രാവിലെത്തന്നെ കുല്‍ക്കര്‍ണിക്കു നേരെ സേനാ പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു. ശരീരത്തിലെ കരിഓയില്‍ നീക്കാതെത്തന്നെ വാര്‍ത്താസമ്മേളനം നടത്തിയ കുല്‍ക്കര്‍ണി പുസ്തക പ്രകാശനച്ചടങ്ങില്‍ നിന്നു പിന്മാറില്ലെന്നു പ്രഖ്യാപിച്ചു. തുടര്‍ന്നാണ് നേതാക്കള്‍ ഇടപെട്ട് ശിവസേനയെ പിന്മാറാന്‍ പ്രേരിപ്പിച്ചത്.

തുടര്‍ന്ന് മുംബൈ നെഹ്‌റു സെന്ററില്‍ കനത്ത സുരക്ഷയില്‍ ചടങ്ങ് നടന്നു. ”ഞാന്‍ ഒരു വസ്തുതയും സംഭവങ്ങളും പുസ്തകത്തില്‍ തെറ്റായി ചേര്‍ത്തിട്ടില്ല. വിശ്വസ്തതയ്ക്കു വേണ്ടി പുസ്തകത്തിന്റെ കോപ്പി രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്‍മോഹന്‍ സിങ്, എല്‍ കെ അഡ്വാനി, നട്‌വര്‍ സിങ്, യശ്വന്ത് സിന്‍ഹ എന്നിവര്‍ക്കു നേരത്തേ അയച്ചുകൊടുത്തിരുന്നു”- ചടങ്ങില്‍ ഖുര്‍ഷിദ് കസൂരി പറഞ്ഞു. സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ആമുഖപ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. കഴിഞ്ഞ കാലത്ത് നടന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് തങ്ങളുടെ കടമയെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ രൂപീകരിച്ചതിനു ശേഷം ജിന്ന പറഞ്ഞത്, തനിക്ക് ബോംബെയുമായി വളരെ അടുപ്പമുണ്ടെന്നും ഇവിടേക്കു മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ്. മുംബൈയുടെ അന്തസ്സ് വികൃതമാക്കാന്‍ ഞങ്ങള്‍ ഒരു സംഘടനയെയും അനുവദിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുല്‍ക്കര്‍ണി നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day