|    Oct 25 Tue, 2016 8:46 am
FLASH NEWS

പശ്ചിമേഷ്യയിലെ പുത്തന്‍ ധാരകള്‍

Published : 12th January 2016 | Posted By: SMR

slug-sex-peekoഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ വിവിധ ആധിപത്യശ്രമങ്ങള്‍ പശ്ചിമേഷ്യയെ ശക്തമായി പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. എണ്ണയൊഴുക്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തമായി തോടു വെട്ടിയതോടെ യൂറോപ്യന്മാരെ തള്ളിമാറ്റി അവര്‍ അധീശത്വ നായകരായി. ഇറാന്‍ ഇസ്‌ലാമിക് റിപബ്ലിക് നിലവില്‍ വന്നത്, ഇറാന്‍-ഇറാഖ് യുദ്ധങ്ങള്‍, ഗള്‍ഫ് യുദ്ധങ്ങള്‍ തുടങ്ങിയ സംഭവങ്ങളുടെ മറപിടിച്ചു പുതിയ മിഡില്‍ഈസ്റ്റ് അധിനിവേശ പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ സാമ്രാജ്യത്വ-സയണിസ്റ്റ് അച്ചുതണ്ട് മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയിരുന്നു.
പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയ്ക്ക് ഉരുണ്ടുകൂടുന്ന സംഘര്‍ഷങ്ങളിലും ഇസ്രായേലിന്റെ യുദ്ധങ്ങളിലും ഈ സൈനിക സാന്നിധ്യം ഇടപെടുന്നുണ്ട്. യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ-സയണിസ്റ്റ് സമ്മര്‍ദ്ദത്തില്‍ നിന്നു മേഖലയിലെ ഒരു രാജ്യവും മുക്തമല്ല. 2004ല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് അവതരിപ്പിച്ച ഗ്രേറ്റര്‍ മിഡില്‍ഈസ്റ്റ് പദ്ധതിയുടെ പ്രായോഗികത പരീക്ഷിക്കാനായിരുന്നു ഇസ്രായേലിന്റെ നേതൃത്വത്തില്‍ 2006ലെ ലബ്‌നാന്‍ യുദ്ധവും 2008ലെ ഗസാ യുദ്ധവും.
ലബ്‌നാന്‍ യുദ്ധം ഗ്രേറ്റര്‍ മിഡില്‍ഈസ്റ്റിന്റെ പേറ്റുനോവാണെന്നു കോണ്ടലീസ റൈസ് യുദ്ധത്തിന്റെ തുടക്കത്തില്‍ ആഹ്ലാദം കൊണ്ടിരുന്നു. എന്നാല്‍, അതു വെറും ചാപിള്ളയാണെന്ന് ലബ്‌നാനില്‍ ഹിസ്ബുല്ലയും ഗസയില്‍ ഹമാസും തെളിയിച്ചുകൊടുത്തു. 2008ലെ ഗസാ യുദ്ധത്തില്‍ ഹമാസ് പോരാളികള്‍ പിടികൂടിയിരുന്ന ഗിലാദ് ശാലീത് എന്ന ഇസ്രായേലി സൈനികനെ, ഇസ്രായേലിന്റെ സകല ചാരസംവിധാനങ്ങളെയും നോക്കുകുത്തികളാക്കി, ഗസയിലെ കളിസ്ഥലങ്ങളിലും ബീച്ചിലും കൊണ്ടുപോയി കളിപ്പിച്ചും കുളിപ്പിച്ചും തടവുകാലം ഒഴിവുകാലമാക്കിക്കൊടുത്തത് തെളിയിക്കുന്ന പുതിയ വീഡിയോകള്‍ ഹമാസ് ഈയിടെ പുറത്തുവിട്ടിരുന്നു.
അടിസ്ഥാനപരമായി സ്വാതന്ത്ര്യവും നീതിയും മനുഷ്യന്‍ എന്ന നിലയ്ക്കുള്ള അന്തസ്സും അനുവദിക്കണമെന്നു സ്വേച്ഛാധിപതികളോട് ആവശ്യപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങളായിരുന്നു 2010 അവസാനത്തോടെ അറബ് ലോകത്ത് ഉടലെടുത്ത വിപ്ലവങ്ങള്‍. സുസംഘടിതമല്ലാതിരുന്ന ഈ ജനകീയ സമരങ്ങളില്‍ സ്വേച്ഛാധിപതികളെ താങ്ങിനിര്‍ത്തിയിരുന്ന അധീശത്വശക്തികള്‍ സ്വന്തം താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇടപെട്ടു.
തുനീസ്യയിലെയും ഈജിപ്തിലെയും സ്വേച്ഛാധിപത്യങ്ങള്‍ക്ക് സുരക്ഷിത താവളങ്ങള്‍ ലഭിച്ചപ്പോള്‍ സാമ്രാജ്യത്വത്തിനു ബാധ്യതയായിരുന്ന ലിബിയന്‍ സ്വേച്ഛാധിപതിയുടെ കഥ തീര്‍ത്തു. യമനിലെ വിപ്ലവത്തിന്റെ തുടക്കത്തില്‍ അവിടത്തെ സ്വേച്ഛാധിപതിക്കെതിരേ നടന്ന അല്‍ഖാഇദാ വധശ്രമത്തിനു പിന്നില്‍ ഇതേ നീക്കമായിരുന്നുവെന്നു യമനിലെ അല്‍ഖാഇദാ സംഘത്തില്‍ നിയോഗിക്കപ്പെട്ടിരുന്ന ഒരു ഇന്‍ഫോമറെ ഉദ്ധരിച്ച് അല്‍ജസീറ പുറത്തുവിട്ടിരുന്നു.
അറബ് ലോകത്തെ ജനാധിപത്യമില്ലായ്മയില്‍ മുതലക്കണ്ണീര്‍ ഒഴുക്കാറുള്ള പാശ്ചാത്യലോകം യഥാര്‍ഥ ജനാധിപത്യം ഭരണത്തില്‍ വന്നപ്പോള്‍ എന്തു ചെയ്തുവെന്ന് ഫലസ്തീനിലും ഈജിപ്തിലും തുനീസ്യയിലും കണ്ടുകഴിഞ്ഞു. ജനാധിപത്യശൈലി സ്വീകരിച്ച ഇസ്‌ലാമിക രാഷ്ട്രീയങ്ങള്‍ അധികാരത്തിലേക്കു വരാതിരിക്കാനുള്ള പണിയെടുത്താണ് ലിബിയയില്‍ നിയോഗിക്കപ്പെട്ടിരുന്ന യുഎന്‍ പ്രതിനിധി ബര്‍ണാര്‍ഡിനോ ലിയോണ്‍ സ്ഥലംവിട്ടത്. അതിനു പ്രതിഫലമായാണ് അയാള്‍ക്ക് അബൂദബിയില്‍ മുതിര്‍ന്ന ഉപദേശക ഉദ്യോഗം ലഭിച്ചതെന്നു ലിബിയയിലെ വിവിധ രാഷ്ട്രീയകക്ഷികള്‍ ആരോപിക്കുന്നു.
2015 ഒക്ടോബറില്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നടന്ന ഒരു അക്കാദമിക പരിപാടിയില്‍ ഫ്രഞ്ച് ഇന്റലിജന്‍സ് തലവന്‍ ബര്‍ണാര്‍ഡ് ബാജലെറ്റും സിഐഎ തലവന്‍ ജോണ്‍ ബ്രണ്ണനും പുതിയ മിഡില്‍ഈസ്റ്റ് എങ്ങനെയുള്ളതാവുമെന്ന ചില ചിത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു. ബിനാമി യുദ്ധങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിഘടിക്കപ്പെടുന്ന അറബ് ലോകമാണ് അവര്‍ മുന്നോട്ടുവച്ച ചിത്രത്തിന്റെ ചുരുക്കം. തന്‍സീമുദ്ദൗലയും മറ്റു പോരാട്ടസംഘങ്ങളും വീതിച്ചെടുക്കാന്‍ പോകുന്ന പ്രദേശങ്ങള്‍ വരെ അവര്‍ അടയാളപ്പെടുത്തി.
സയണിസ്റ്റ് അധിനിവേശ പദ്ധതിയേക്കാള്‍ ഭീതിദമാണ് ഇറാന്റെ ‘സഫവിസ്റ്റ്’ മേല്‍ക്കോയ്മാ ശ്രമങ്ങളെന്ന പൊതുബോധം അറബ് ലോകത്തു സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഇസ്‌ലാമിക വിപ്ലവത്തിന്റെ അഡ്രസ് ഉപയോഗിച്ച് ശിയാ സ്വത്വത്തില്‍ പിടിച്ചുതൂങ്ങിയുള്ള ഇറാന്റെ പിടിച്ചടക്കല്‍ ശ്രമങ്ങള്‍ ഒരു പതിറ്റാണ്ടിലധികമായി ശക്തിപ്പെട്ടുതുടങ്ങിയിട്ട്. അമേരിക്കയെ ചെകുത്താന്‍ എന്നു വിളിച്ചിരുന്ന ഇറാന്‍, ഇറാഖിനെ 2003ല്‍ നടന്ന അധിനിവേശത്തിലൂടെ അസ്ഥിരമാക്കുന്നതില്‍ സാമ്രാജ്യത്വത്തെ എങ്ങനെയെല്ലാം സഹായിച്ചുവെന്നു വ്യക്തമാക്കുന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അധിനിവേശാനന്തരം ബഗ്ദാദില്‍ ശിയാ മേല്‍ക്കോയ്മയുള്ള സര്‍ക്കാരുകളെ കുടിയിരുത്തുന്നതില്‍ തെഹ്‌റാനും വാഷിങ്ടണിനുമിടയ്ക്ക് കൃത്യമായ ധാരണകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച, കശാപ്പുശേഷി കുറവായ ഇയാദ് അല്ലാവിക്കു പകരം, സുന്നി വിഭാഗത്തെ ഒതുക്കുന്നതില്‍ കഴിവു തെളിയിച്ച നൂരി അല്‍മാലികിയെ പ്രധാനമന്ത്രിയാക്കിയത് ആയത്തുല്ലായുടെ താല്‍പര്യപ്രകാരമായിരുന്നുവെന്നു പറയപ്പെടുന്നു. യമനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ തുടക്കത്തില്‍, നാലാമത്തെ അറബ് തലസ്ഥാനം (ബെയ്‌റൂത്ത്, ബഗ്ദാദ്, ദമസ്‌കസ്, സന്‍ആ) ഇസ്‌ലാമിക വിപ്ലവ ഗാര്‍ഡിന്റെ നിയന്ത്രണത്തില്‍ വരുന്നുവെന്ന ക്യാപ്റ്റന്‍ ഖാസിം സുലൈമാനിയുടെ വിളംബരം അറബ് ലോകത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ഏറ്റവും അവസാനമായി, സിറിയയിലെ മദായ പ്രദേശത്ത് ജനങ്ങള്‍ പട്ടിണി കിടന്നു മരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ അവശ്യസാധനങ്ങള്‍ എത്തുന്നത് തടയാന്‍ ബശ്ശാറുല്‍ അസദിനെ സഹായിക്കുന്നത് ഹിസ്ബുല്ലയുടെ പട്ടാളക്കാരാണെന്നാണ് റിപോര്‍ട്ടുകള്‍. സൗദി അറേബ്യ ഒരുവശത്തും ഇറാന്‍ മറുവശത്തും പോരിനു നേതൃത്വം കൊടുക്കുന്നതില്‍ സന്തോഷിക്കുന്ന ഒരേയൊരു വിഭാഗം സയണിസ്റ്റ്-സാമ്രാജ്യത്വ കൂട്ടുകെട്ടാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഇസ്‌ലാമിക വിശ്വാസാചാരങ്ങളിലുള്ള സുന്നി-ശിയാ വ്യത്യാസങ്ങളല്ല ഇരുവിഭാഗത്തെയും നയിക്കുന്നതെന്നും, മേല്‍ക്കോയ്മാ ശ്രമങ്ങളും അതിനെതിരേയുള്ള ഐക്യപ്പെടലുമാണ് നടക്കുന്നതെന്ന ബോധ്യത്തോടെത്തന്നെ സൗദി അറേബ്യയോട് പക്ഷംചേരാന്‍ മുസ്‌ലിം രാജ്യങ്ങളെ നിര്‍ബന്ധിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുന്നത്.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരേ പൊരുതിയിരുന്ന പോരാട്ടസംഘങ്ങളില്‍ ചിലരും സദ്ദാം ഹുസയ്ന്‍ ഭരണകൂടത്തില്‍ നിന്നു ബാക്കിയായ ചില സൈനിക പ്രമുഖരും ചേര്‍ന്ന്, രണ്ടു വര്‍ഷം മുമ്പ് ഇറാഖില്‍ പ്രഖ്യാപിച്ച ഖിലാഫത്തിനും സൈക്‌സ്-പീക്കോ ഒരു പ്രധാന പ്രചാരണായുധമായിരുന്നു. 2014 ജൂണ്‍ 10ന് ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ മണല്‍ക്കൂന കൊണ്ട് സ്വയം നിര്‍മിച്ച ഒരു മതില്‍ സൈക്‌സ്-പീക്കോ അതിര്‍ത്തിയെന്ന പേരില്‍ പ്രതീകാത്മകമായി തകര്‍ത്തുകൊണ്ടായിരുന്നു തന്‍സീമുദ്ദൗലതുല്‍ ഇസ്‌ലാമിയ്യയുടെ ആദ്യത്തെ രാഷ്ട്രീയാസ്തിത്വ പ്രഖ്യാപനം. ചരിത്രപരമായ അതിര്‍ത്തികളില്‍ മുസ്‌ലിം ലോകത്തിന്റെ പുനഃസ്ഥാപനമാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്നു പ്രഖ്യാപിച്ചുകൊണ്ട് ആ സംഭവത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് രണ്ടാഴ്ചയ്ക്കു ശേഷം മൗസിലില്‍ നിന്നു ഖിലാഫത്ത് പ്രഖ്യാപനം വരുന്നത്. തുടര്‍ന്ന് ഇറാഖും സിറിയയും ഒഴിവാക്കി ‘ഇസ്‌ലാമിക് സ്‌റ്റേറ്റ്’ പുനര്‍നാമകരണവും ലോക മുസ്‌ലിംകളോട് മുഴുവന്‍ ഖിലാഫത്തില്‍ ചേരാനുള്ള ആഹ്വാനവും, ലോകത്തെ എല്ലാ ഇസ്‌ലാമിക ഭരണകൂടങ്ങളും ഒന്നുകില്‍ ഖിലാഫത്തിന്റെ ഭാഗമോ അല്ലെങ്കില്‍ അസാധുവോ ആണെന്ന നയപ്രഖ്യാപനവും വന്നു. അവസാനകാലത്ത് മുസ്‌ലിം ലോകത്ത് സംഭവിക്കാന്‍ പോകുന്ന സ്ഥിതിവിശേഷത്തെ സൂചിപ്പിക്കുന്ന പ്രവാചക വചനങ്ങളും അവയിലെ പദപ്രയോഗങ്ങളും അവര്‍ സമര്‍ഥമായി മാര്‍ക്കറ്റ് ചെയ്തുനോക്കുന്നുണ്ട്.
ലണ്ടനില്‍ താമസമാക്കിയ ഒരു ഇറാഖി സാങ്കേതിക വിദഗ്ധന്‍ ഈയിടെ തന്‍സീമുദ്ദൗലയുടേതെന്നു പറഞ്ഞ് കുറേ രേഖകള്‍ പുറത്തുവിട്ടിരുന്നു. ഒരു ബ്രിട്ടിഷ് പത്രത്തില്‍ ലിങ്ക് കൊടുത്ത് അവ പുറത്തുവിട്ടത് തന്‍സീമുദ്ദൗലക്കു വേണ്ടിത്തന്നെയാണ് എന്ന ആരോപണവുമുണ്ട്. അതേതായാലും അവയില്‍പെട്ട ഖിലാഫത്തിന്റെ ആദ്യത്തെ നയരേഖയില്‍, ഖിലാഫത്ത് അംഗീകരിക്കാത്ത എല്ലാ മുസ്‌ലിം രാജ്യങ്ങളോടും യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്. ‘ഒന്നുകില്‍ ഞങ്ങളോടൊപ്പം, അല്ലെങ്കില്‍ അവരോടൊപ്പം’ എന്നുതന്നെയാണ് അവരും പറയുന്നത്.

(അവസാനിച്ചു.) 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day