|    Dec 11 Sun, 2016 3:27 pm
FLASH NEWS

പഴശ്ശി കോവിലകം പുനരുദ്ധരിക്കാന്‍ നാട്ടുകാര്‍ രംഗത്ത്

Published : 6th November 2016 | Posted By: SMR

ഉരുവച്ചാല്‍: കേരള വര്‍മ പഴശ്ശിരാജയുടെ പിന്‍മുറക്കാര്‍ താമസിച്ചിരുന്ന പഴശ്ശി പടിഞ്ഞാറെ കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി നാട്ടുകാരുടെ നേതൃത്വത്തില്‍ പുനരുദ്ധരിക്കുന്നു. ഇതിന്റെ പ്രവൃത്തിയുടെ ഉദ്ഘാടനം 27നു രാവിലെ 9നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ഇതിനിടെ അവകാശികള്‍ കോവിലകം പൊളിച്ചുവില്‍ക്കാന്‍ ഒരുങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. കോവിലകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് നാട്ടുകാര്‍ യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ ചെയര്‍മാനും പി സുരേഷ് ബാബു കണ്‍വീനറുമായ കമ്മിറ്റി അംഗങ്ങള്‍ കോവിലകം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കോവിലകം ഏറ്റെടുക്കാനുള്ള നടപടികള്‍ക്കിടെയാണ് ശോച്യാവസ്ഥയിലായ കോവിലകവും സമീപത്തെ കുളവും പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. 125 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കോവിലകമാണ് നവീകരിക്കുന്നത്. നാലേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോവിലകത്തെ വീട്ടുപകരണങ്ങളും മറ്റും നേരത്തേ വില്‍പന നടത്തിയിരുന്നു. പഴശ്ശിയുടെ മരണത്തോടെ നശിപ്പിക്കപ്പെട്ട കോവിലകത്തു നിന്ന് ശേഷക്കാര്‍ അഭയം പ്രാപിച്ച പഴശ്ശി ശിവവിഷ്ണു ക്ഷേത്രത്തിനു സമീപമായാണ് പഴശ്ശി കോവിലകം നിര്‍മിക്കുന്നത്. കോവിലകത്തിന്റെ അവകാശികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമായതിനാല്‍ കോവിലകം അടച്ചിട്ടിരിക്കുകയാണ്. കാലപ്പഴക്കത്താലും പരിചരണമില്ലാത്തതിനാലും ജീര്‍ണാവസ്ഥയിലാണ്. പഴശ്ശി രാജയുടെ മരണത്തിനു നവംബര്‍ 30ന് 2011 വര്‍ഷം തികയുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക