|    Oct 21 Fri, 2016 10:14 pm
FLASH NEWS

പള്ളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ കത്ത് വിവാദമാവുന്നു

Published : 13th March 2016 | Posted By: SMR

അടൂര്‍: പള്ളിക്കല്‍ സഹകരണ ബാങ്കിലെ നിയമനം മുദ്രപ്പത്രത്തില്‍ തീറെഴുതി നല്‍കിയ ബാങ്ക് പ്രസിഡന്റിന്റെ നടപടി വിവാദമാവുന്നു. തന്നെ ബാങ്ക് പ്രസിഡന്റാക്കുകയാണെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ബാലകൃഷ്ണകുറുപ്പിന്റെ മകള്‍ക്ക് ബാങ്കില്‍ ജോലി നല്‍കാമെന്ന് ഇപ്പോഴത്തെ ബാങ്ക് പ്രസിഡന്റ് രതീഷ് സദാനന്ദന്‍ അമ്പതുരൂപാ പത്രത്തില്‍ എഴുതി ഒപ്പിട്ടുനല്‍കിയിരുന്നു.
ഇതിന്റെ ബലത്തില്‍ കൈവശമുണ്ടായിരുന്ന ബാങ്കില്‍ ബാലകൃഷ്ണകുറുപ്പ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ്സില്‍ ഐ-ഗ്രൂപ്പിന്റെ കൈയ്യില്‍ നിന്നു ഭരണം പോയി. എന്നാല്‍ അധികാരത്തില്‍ വന്നതോടെ എ വിഭാഗം പ്രതിനിധി രതീഷ് സദാനന്ദന്‍ വാക്കുമാറി. തുടര്‍ന്ന് പിന്നാമ്പുറത്തുകൂടി മറ്റൊരു നിയമനം നടത്താന്‍ ഇപ്പോള്‍ നീക്കം ആരംഭിച്ചു. ഇതോടെയാണ് വിവാദ കത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വരുന്നത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പള്ളിക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ്-എ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയോടെ അനധികൃത നിയമനത്തിന് നീക്കം നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം, ഇതിനെതിരേ ശക്തമായ നിലപാടിനൊരുങ്ങുകയാണ് ഐ ഗ്രൂപ്പ്. ബാങ്കിന്റെ സഹകാരിയും ഐ-ഗ്രൂപ്പ് നേതാവുമായ ജോയിക്കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് സഹകരണ ബാങ്ക് ജോയിന്റ് രജിസ്ട്രാര്‍, നിയമനം സ്‌റ്റേ ചെയ്തിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇതിനെ മറികടക്കാന്‍ പഴയ തിയ്യതിവച്ച് നിയമനം നടത്താനാണ് എ-ഗ്രൂപ്പ് നേതാവായ ബാങ്ക് പ്രസിഡന്റ് രതീഷ് സദാനന്ദന്റെ നീക്കം.
തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനുശേഷം ജില്ലാ സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ കൈപ്പറ്റി അമ്പത്തിരണ്ട് സ്വീപ്പര്‍മാരെ നിയമിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പിന്‍വാതില്‍ നിയമനത്തിന് പള്ളിക്കല്‍ സഹകരണ ബാങ്കിലും നീക്കം നടക്കുന്നത്. കോടികളുടെ നഷ്ടത്തിലാണ് ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് കോടി രൂപയുടെ നിക്ഷേപം ബാങ്കിനുണ്ടെങ്കിലും വായ്പ്പ അടക്കം വന്‍ തുക സഹകാരികള്‍ക്ക് നല്‍കിയിട്ടുള്ളതിനാല്‍ അടിയന്തര ആവശ്യത്തിന് പണം പിന്‍വലിക്കാന്‍ എത്തുന്നവര്‍ വെറുംകൈയ്യോടെ മടങ്ങുകയാണ് പതിവെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. ബാങ്കിന്റെ് ക്ലാസിഫിക്കേഷന്‍ നാലില്‍ നിന്നും അഞ്ചായി മാറിയ സാഹചര്യത്തില്‍ ഒരു ജീവനക്കാരനെ പിരിച്ചുവിടേണ്ട അവസ്ഥയിലാണിപ്പോള്‍.
എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് പുതുതായി മൂന്നുപേര്‍ക്കുകൂടി ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്താന്‍ ബാങ്ക് അധികൃതര്‍ ശ്രമിക്കുന്നതെന്ന് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പള്ളിക്കല്‍ ഇളംപള്ളില്‍ പെരുമ്പലത്തുവീട്ടില്‍ ബാലകൃഷ്ണകുറുപ്പ് പരാതിപ്പെടുന്നു. ബാങ്കില്‍ ഏഴ് ജീവനക്കാരാണ് അടുത്ത കാലം വരെ ഉണ്ടായിരുന്നത്. ഒരാള്‍ പിരിഞ്ഞുപോയി. ശേഷിക്കുന്നത് സെക്രട്ടറി, കാഷ്യര്‍, ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക്, പ്യൂണ്‍, സെക്യൂരിറ്റി എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന ആറുപേര്‍ മാത്രമാണ്. ബാങ്ക് നഷ്ടത്തിലായതിനാല്‍ ജൂനിയര്‍ ക്ലാര്‍ക്കിന്റെ് ജോലി തെറിക്കും എന്ന അവസ്ഥയായിരുന്നു. എന്നാല്‍ ബാങ്ക് പ്രസിഡന്റും എ-ഗ്രൂപ്പ് ഉന്നതരും നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ലക്ഷങ്ങള്‍ കോഴ വാങ്ങി മൂന്നുപേരെ വാച്ചര്‍, സ്വീപ്പര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്താനുള്ള നീക്കം നടക്കുന്നത്. കോണ്‍ഗ്രസ്സിന് ആധിപത്യമുള്ള സ്ഥാപനമാണ് പള്ളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്. ഈ ഭരണസമിതിയുടെ കാലത്ത് ആദ്യം ഐ-ഗ്രൂപ്പില്‍ ഉള്‍പ്പെട്ട എം ആര്‍ ഗോപകുമാറായിരുന്നു പ്രസിഡന്റ്. ഇദ്ദേഹത്തെ എ-ഗ്രൂപ്പ് അവിശ്വാസത്തിലൂടെ പിന്നീട് പുറത്താക്കി. അന്ന് ബാങ്ക് ഭരണസമിതിയിലുണ്ടായിരുന്ന ഗ്രൂപ്പ് രഹിതനായ ബാലകൃഷ്ണകുറുപ്പിന്റെ സഹായത്തോടെയായിരുന്നു എ-ഗ്രൂപ്പ് അവിശ്വാസം വിജയിച്ചത്.
അമ്പത് രൂപാ പത്രത്തില്‍ നിയമനം നല്‍കാമെന്ന് എഴുതി വാങ്ങിയ ബാലകൃഷ്ണകുറുപ്പും അതിന് സമ്മതിച്ച രതീഷ് സദാനന്ദനും ഒരുപോലെ കുറ്റക്കാരാണെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. കൂടാതെ ഇപ്പോള്‍ നടക്കുന്ന നിയമന നീക്കം കോണ്‍ഗ്രസ് എ-വിഭാഗം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരാതിയുണ്ട്. ജോയിന്റ് രജിസ്ട്രാര്‍ നിയമനം തടഞ്ഞെങ്കിലും ഇത് മറികടക്കാനുള്ള തിരക്കിട്ട നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day