|    Dec 4 Sun, 2016 9:47 pm
FLASH NEWS

പള്ളിക്കര ടോള്‍ പിരിവ് 2021 വരെ തുടരുമെന്ന് മന്ത്രി ജി സുധാകരന്‍

Published : 21st October 2016 | Posted By: SMR

കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് കാറ്റില്‍ പറത്തി പള്ളിക്കര മേല്‍പാലത്തിന്റെ ടോ ള്‍പിരിവ് തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുതുതായി നിര്‍മിക്കുന്ന കാഞ്ഞങ്ങാട്-കാസര്‍കോട് തീരദേശ പാതയിലുള്ള ബേക്കല്‍-പള്ളിക്കര ഓവര്‍ബ്രിഡ്ജിലാണ് അനധികൃത ടോള്‍ പിരിവ്. പാലം നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പണം റെയില്‍വേ ഘട്ടംഘട്ടമായി നല്‍കുമ്പോഴും ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനാണ് തുടരുന്നത്. ടോള്‍ പിരിവ് സംബന്ധിച്ച് ഉദുമ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2010 ഡിസംബര്‍ 16നാണ് ഇവിടുത്തെ ടോള്‍ പിരിവ് ആരംഭിച്ചത്. 2016 സപ്തംബര്‍ 30 വരെ 96,31,283 ലക്ഷം രൂപയാണ് ടോള്‍ ഇനത്തില്‍ പിരിച്ചെടുത്തത്. 2010-11 ല്‍ 18,56,141 രൂപയും 2011-12 ല്‍ 34,00,642 ഉം, 2012-13 ല്‍ 15,70,661 ഉം 2013-14 ല്‍ 6,94,872 ഉം, 2014-15 ല്‍ 4,43,544 ഉം, 2015-16 ല്‍ 8,95,419 ഉം 2016 ജനുരി നാല് മുതല്‍ സെപ്തംബര്‍ 30 വരെ 7,70,004 രൂപയും പിരിച്ചെടുത്തെന്നാണ് കണക്ക്. സംസ്ഥാന സര്‍ക്കാര്‍ 15 വര്‍ഷത്തേക്കാണ് ടോള്‍ പിരിച്ചെടുക്കാന്‍ ആര്‍ബിഡിസിക്ക് കരാര്‍ നല്‍കിയത്. ഈ വ്യവസ്ഥയനുസരിച്ച് 2021 വരെ ടോള്‍ പിരിവ് തുടരും. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം 100 കോടിയില്‍ താഴെ രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡുകളും പാലങ്ങള്‍ക്കുമുള്ള ടോള്‍ പിരിവ് ഒഴിവാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 40 കോടി രൂപ ചെലവില്‍ നിര്‍മിച്ച നീലേശ്വരം പടന്നക്കാട് മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവ് നിര്‍ത്തിയിരുന്നു. എന്നാല്‍ 8.03 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പള്ളിക്കര പാലത്തിന്റെ ടോള്‍ പിരിവ് നിര്‍ത്താതിനാല്‍ വിവിധ സംഘടനകള്‍ ഏതാനും ദിവസങ്ങളായി സമര രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ആര്‍ബിഡിസി) ആണ് മേല്‍പാലം നിര്‍മിച്ചത്. 2006 ജനുവരി 30നാണ് ടോള്‍ പിരിക്കാനുള്ള കരാറില്‍ അധികൃതര്‍ ഒപ്പുവച്ചത്. ടോള്‍ പിരിവ് തുടങ്ങിയത് 2010 ഡിസംബര്‍ 17നും. പാലത്തിന് ചെലവായ തുക പിരിച്ചെടുക്കാനായാലും ഇല്ലെങ്കിലും 15 വര്‍ഷത്തേക്ക് ടോള്‍ പിരിക്കാനാണ് കരാര്‍. ഇതനുസരിച്ച് 2021 ജനുവരി 30വരെ ടോള്‍ തുടരും. ബേക്കല്‍ പള്ളിക്കരയില്‍ കഴിഞ്ഞ ആറു വര്‍ഷം ടോള്‍ പിരിച്ചെങ്കിലും കാര്യമായ തുക സ്വരൂപിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതരുടെ വാദം. ടോളിലൂടെ കിട്ടുന്ന തുകയ്ക്ക് പുറമെ സര്‍ക്കാര്‍ വിഹിതം കൂടി ചേര്‍ത്താണ് നിലവില്‍ വായ്പ തിരിച്ചടക്കുന്നതെന്നും അവര്‍ പറയുന്നു. കെഎസ്ടിപി റോഡ് പണി നടക്കുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി സംസ്ഥാനപാത വഴി വാഹനങ്ങള്‍ കുറവാണെന്നും അടുത്ത കാലത്ത് മാത്രമാണ് ഇതില്‍ വര്‍ധനവുണ്ടായതെന്നും കരാറുകാരന്‍ പറയുന്നു. കാര്‍ ഉള്‍പ്പെടെയുള്ള നാലു ചക്രവാഹനങ്ങള്‍ക്ക് ഇരു ഭാഗത്തേക്കും പോകുന്നതിന് 7.50 രൂപയാണ് ടോള്‍. ലോറിക്കും ബസിനും 22.50 രൂപയും മിനി ലോറിക്ക് രണ്ടു ഭാഗത്തേക്കും 12 രൂപയുമാണ് നല്‍കേണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day