|    Dec 7 Wed, 2016 5:59 pm
FLASH NEWS

പല എടിഎമ്മുകളും ജനത്തെ കബളിപ്പിച്ചു; നഗരത്തില്‍ വ്യാപാര മാന്ദ്യം തുടരുന്നു

Published : 12th November 2016 | Posted By: SMR

കോഴിക്കോട്:  പഴയ 500,1000 കറന്‍സി നോട്ടുകള്‍ മാറ്റുന്നതിനും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുമുള്ള ജനങ്ങളുടെ നെട്ടോട്ടം ഇന്നലെയും തുടര്‍ന്നു. എടിഎം സംവിധാനം ഇന്നലെ പുനസ്ഥാപിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രാവിലെ മുതല്‍ നഗരത്തിലെ എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഉപഭോക്താക്കളെ പല ബാങ്ക് എടിഎമ്മുകളും നിരാശരാക്കി. അത്യാവശ്യം തുറന്നു പ്രവര്‍ത്തിച്ച കൗണ്ടറുകളില്‍ പതിനൊന്നുമണിയോടെ തന്നെ പണം കാലിയായി. നോട്ടു മാറ്റാനെത്തിയവര്‍ക്കായി മാനാഞ്ചിറ സ്റ്റേറ്റ്ബാങ്ക് മുഖ്യശാഖക്ക് മുന്നില്‍ പന്തലൊരുക്കിയിരുന്നു. എടിഎം തുറക്കുന്നതോടെ തലവേദന മാറികിട്ടുമെന്ന ആശ്വാസം ഇല്ലാതാക്കി. മൂന്നു ദിവസം പിന്നിട്ടതോടെ ജനങ്ങള്‍ക്ക് നിത്യചെലവിന് വേണ്ട പണം പോലും ഇല്ലാതായി. പുതിയ 2000 രൂപ കിട്ടിയവര്‍ അതു ചെലവാക്കാനാവാതെ കുഴങ്ങി.  വ്യാപാര മേഖലയിലെ സ്തംഭനം തുടര്‍ന്നു. പച്ചക്കറിമാര്‍ക്കറ്റിലും, മീന്‍ മാര്‍ക്കറ്റുകളിലും കച്ചവടം പകുതിപോലും നടന്നില്ല. ഓട്ടോറിക്ഷകളിലും ബസ്സുകളിലും യാത്ര ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞു. നൂറിന്റെ നോട്ടുകള്‍ നഗര്ത്തില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷമായ മട്ടാണ്. ബാങ്കുകളിലെ ജീവനക്കാര്‍ കഴിഞ്ഞ മൂന്നു ദിവസമായി ജോലിയെടുത്തു വലഞ്ഞിട്ടുണ്ട്. പണം കൂടുതല്‍ ആവശ്യപ്പെടുന്നവരോട് തര്‍ക്കിച്ചും സംഗതികള്‍ വിശദീകരിച്ചും ജീവനക്കാര്‍ മടുത്തു. പാല്‍ബൂത്തുകളിലും വില്‍പന കുറഞ്ഞതായാണ് റിപോര്‍ട്ട്്. പുറംകരാറുകാരെ വച്ച് എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബാങ്കുകൡലാണ് എടിഎം പ്രവര്‍ത്തനം നടക്കാതെ പോയത്. സന്ധ്യയോടെ ബാങ്ക് ജീവനക്കാര്‍ എടിഎമ്മില്‍ പണം കൊണ്ടുപോയി നിക്ഷേപിക്കുന്ന കൗണ്ടറുകള്‍ സജീവമായി. ഇന്ന് രണ്ടാം ശനിയാഴ്ചയും നാളെ ഞായറാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഓഫിസ് ജോലിക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റും ഉപകാരമാവും. തിങ്കളാഴ്ച കഴിഞ്ഞാല്‍ നോട്ടിന്റെ നെട്ടോട്ടം തീര്‍ന്നേക്കാമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എ.ടി.എം കൗണ്ടറുകളില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ നോട്ടുകള്‍ ലഭ്യമാക്കാത്തതിനാല്‍ അത്തരം കൗണ്ടറുകള്‍ പൂട്ടിക്കിടന്നു. പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്കുകള്‍ ആദ്യ ദിവസം തുറന്നപ്പോള്‍ തന്നെ പലയിടങ്ങളിലും 100, 50 രൂപ നോട്ടുകള്‍ തീര്‍ന്നിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളായ നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി പോലുള്ളവ പഴയ നോട്ടുകള്‍ സ്വീകരിക്കാതിരുന്നത് വാഹനയുടമകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കാര്‍ഡുകള്‍ മുഖേനയുളള പണമിടപാടും ഇന്‍ഷൂറന്‍സ് കമ്പനികള്‍  സ്വീകാരിച്ചില്ല. ഇന്‍ഷൂറന്‍സ് തുക അടയ്ക്കാന്‍ എത്തിയവരോട് 100 രൂപയുടേയും 50 രൂപയുടേയും ഗുണിതങ്ങളായി പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പല ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും ചെക്കുകള്‍ സ്വീകരിച്ചില്ല. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസില്‍ ഇന്നലെ രാവിലെ 9.30 മുതല്‍ പുതിയ നോട്ടുകള്‍ നല്‍കി തുടങ്ങി. എന്നാല്‍ ഇതു മുഴുവനും 2000 രൂപയുടെ കറന്‍സികളായിരുന്നു. മാനാഞ്ചിറയ്ക്ക് സമീപമുളള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിന് വ്യാഴാഴ്ച ഉച്ചയോടെ 37 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഇത് പോസ്റ്റ് ഓഫിസിലെ ആവശ്യങ്ങള്‍ക്ക് മാത്രമേ തികഞ്ഞുളളൂ. ഈ കാര്യം എസ്ബിഐ അധികൃതരെ അറിയിച്ചതോടെ ഇന്നലെ ഒരു കോടി രൂപ അനുവദിച്ചു. വ്യാഴാഴ്ച നിക്ഷേപമായി 12 ലക്ഷം രൂപയാണ് ഹെഡ് പോസ്റ്റ് ഓഫിസില്‍ എത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day