|    Oct 29 Sat, 2016 1:12 am
FLASH NEWS

പരീക്ഷയെ വരുതിയിലാക്കാം

Published : 6th February 2016 | Posted By: swapna en

THEXAMS

പ്രിയ വിദ്യാര്‍ഥികളെ,
പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാവും നിങ്ങള്‍. ഇവിടെ പറയുന്ന കാര്യങ്ങള്‍ പരീക്ഷയെ നേരിടാന്‍ സഹായിക്കും.

1 ആദ്യം തന്നെ പരീക്ഷാ ഭയത്തെ ആട്ടിയോടിക്കുക.
2 ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു നീങ്ങുക. ആത്മവിശ്വാസം ഉന്നതിയിലേക്കു നയിക്കും. ‘ഞാന്‍ എന്തായാലും പരീക്ഷ പാസാവും, തീര്‍ച്ചയായും ഉന്നതികള്‍ എത്തിപ്പിടിക്കും’ എന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു നീങ്ങുക.
3 സ്വസ്ഥമായ മനസ്സോടെ പഠിക്കാനിരിക്കുക. ഏകാഗ്രത നഷ്ടപ്പെടുത്തുന്നതൊന്നും പഠനാന്തരീക്ഷത്തില്‍ ഉണ്ടാവാന്‍ പാടില്ല. വീട്ടുകാര്‍ ടെലിവിഷന്‍ പരിപാടികള്‍ കാണുന്നവരാണെങ്കില്‍ അവരോട് സ്‌നേഹപൂര്‍വം ആവശ്യപ്പെടാം: ”എന്റെ പരീക്ഷ കഴിയുന്നതു വരെയെങ്കിലും നിങ്ങളുടെ ഈ ഏര്‍പ്പാട് നിര്‍ത്തണം, ദയവുചെയ്ത് എന്നോട് സഹകരിക്കണം”. ഇതുകേട്ടാല്‍ വീട്ടിലുള്ളവര്‍ അനുസരിക്കും.
4 മാതാപിതാക്കള്‍ ഉച്ചത്തില്‍ ആശയവിനിമയം നടത്തുന്ന കുടുംബാന്തരീക്ഷമാണെങ്കില്‍, അതിനും കുറച്ചു ദിവസത്തേക്ക് നിയന്ത്രണം വരുത്തണം.
5 പഠനത്തിനിടെ ഉറക്കം വരുമ്പോള്‍ നന്നായി മുഖം കഴുകുക. എന്നിട്ടും ഉറക്കം പോവുന്നില്ലെങ്കില്‍ നാലഞ്ചു പ്രാവശ്യം മേല്‍പ്പോട്ടു ചാടുക. ചാട്ടത്തോടുകൂടി ഉറക്കം പമ്പകടക്കും.
6 അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നതാണ് അത്യുത്തമം. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം തുറന്ന മനസ്സോടെ ദൈവത്തോടു പ്രാര്‍ഥിക്കുക. പ്രാര്‍ഥന ആത്മശാന്തിയേകും.
7 പഠിക്കാനിരിക്കുന്ന റൂമും മേശപ്പുറവും അടുക്കും ചിട്ടയോടും കൂടിയുള്ളതാവണം.
8 പഠനോപകരണങ്ങള്‍ കൈയെത്തുന്ന രൂപത്തില്‍ സജ്ജീകരിച്ചുവയ്ക്കണം. എല്ലാം കാണുന്ന രൂപത്തിലാവണം. അവ അന്വേഷിച്ചു സമയം കളയരുത്.
9 ഓരോ നിമിഷവും പരമാവധി ഉപയോഗപ്പെടുത്തുക. ഓര്‍ക്കുക, സമയം വിലപ്പെട്ടതാണ്. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടില്ല.
10 വായിക്കുമ്പോള്‍ പ്രധാനപ്പെട്ട പോയിന്റുകള്‍ കുറിച്ചുവയ്ക്കുന്നുണ്ടാവുമല്ലോ. ഇത് പരീക്ഷത്തലേന്ന് ഒന്ന് ഓടിച്ചുനോക്കാന്‍ ഉപകരിക്കും.
പരീക്ഷയ്ക്കു പുറപ്പെടുന്നതിനു മുമ്പു തന്നെ വേണ്ട ഉപകരണങ്ങളൊക്കെ ഒരു പൗച്ചില്‍ ഇട്ട് കൂടെ കൊണ്ടുപോവണം. പെന്‍സില്‍, സ്‌കെയില്‍, റബര്‍, കട്ടര്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, വ്യത്യസ്ത കളറിലുള്ള പേനകള്‍ തുടങ്ങിയവയെല്ലാം കരുതണം. പരീക്ഷ എഴുതാനുള്ള പേനയ്ക്കു പുറമെ ഒന്നു രണ്ടു പേനകള്‍ വേറെയും വേണം. ഒരു വാച്ചും വേണം. ഒരു ബോട്ടിലില്‍ ശുദ്ധജലം  കരുതുക.
11 കാല്‍ക്കുലേറ്റര്‍, ലോഗരിതം ചാര്‍ട്ട് തുടങ്ങിയവ അടുത്തിരിക്കുന്നവരുടേത് വായ്പ വാങ്ങാന്‍ മിനക്കെടരുത്. പരീക്ഷയ്ക്കിടയില്‍ ഒരു മിനിറ്റ് സമയം നഷ്ടപ്പെട്ടാലും അത് വലിയ നഷ്ടമാവും. കൃത്യമായ സമയം പാലിച്ചുകൊണ്ട് എഴുതാനാണ് കൂടെ വാച്ച് കരുതുന്നത്.
12 അര മണിക്കൂര്‍ നേരത്തേ തന്നെ പരീക്ഷാ ഹാളിനരികില്‍ എത്തുക. ഓടിക്കിതച്ചു പരീക്ഷയ്‌ക്കെത്തരുത്.

13  ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്നയാളുടെ മനസ്സില്‍ തൃപ്തിയുണ്ടാക്കുന്ന രൂപത്തിലായിരിക്കണം ഉത്തരമെഴുതേണ്ടത്. ശരിയുത്തരം വൃത്തിയിലും വെടിപ്പായും എഴുതുന്നത് മൂല്യനിര്‍ണയം നടത്തുന്നയാളില്‍ സംതൃപ്തിയുണ്ടാക്കും.
14    പരീക്ഷയുടെ പേരും രജിസ്റ്റര്‍ നമ്പറും മറ്റും ശ്രദ്ധയോടെ തെറ്റിക്കാതെ എഴുതണം.
15 എഴുതിത്തുടങ്ങുമ്പോള്‍ തന്നെ ഉത്തരക്കടലാസില്‍ പേജ് നമ്പര്‍ ഇട്ടുപോവാന്‍ മറക്കരുത്.

stressed-out-children
16    ചോദ്യപേപ്പര്‍ വായിക്കുമ്പോള്‍ തന്നെ നന്നായി ഉത്തരം അറിയുന്ന ചോദ്യങ്ങളുടെ നേരെ മാര്‍ക്ക് ചെയ്യണം. അവയ്ക്കുള്ള ഉത്തരം ആദ്യപേജുകളില്‍ എഴുതുക.
17    ഉത്തരപേപ്പറില്‍ നന്നായി മാര്‍ജിന്‍ വരയ്ക്കണം. മാര്‍ജിന്‍ വരയ്ക്കുന്നതില്‍ പിശുക്ക് വേണ്ട. കൂടുതലും ആവേണ്ട.
18    എഴുതിയത് തെറ്റിപ്പോയാല്‍ അതിന്റെ പുറത്ത് കുത്തിവരച്ച് വികൃതമാക്കരുത്. ഒരു വരി തെറ്റിയതാണെങ്കില്‍ അതിനു മുകളിലൂടെ ഒരു വര വരയ്ക്കുക. ഒരു ഖണ്ഡിക തന്നെ തെറ്റിപോയെങ്കില്‍ കുത്തനെ രണ്ടുമൂന്നു വര വരയ്ക്കാം.
19    ഉപന്യാസരൂപത്തിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളിലെ പ്രധാന ഭാഗങ്ങളില്‍ അടിയില്‍ വരയ്ക്കാം. പൂരിപ്പിക്കുന്ന ചോദ്യങ്ങളാണെങ്കില്‍ ഉത്തരം മുഴുവന്‍ എഴുതണം.
20    തന്നിട്ടുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ടത്. രണ്ടു മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് വാരിവലിച്ചു ഉത്തരമെഴുതരുത്. എട്ടു മാര്‍ക്കിന്റെ ചോദ്യത്തിന്റെ ഉത്തരം കുറയ്ക്കുകയുമരുത്.
21    കത്ത്, പ്രസംഗം, സംഭാഷണം തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ഘടന മുന്‍കൂട്ടി പഠിച്ചുവയ്ക്കണം. വിഷയമെഴുതാന്‍ അറിയില്ലെങ്കിലും ഈ ‘സ്റ്റെപ്പുകള്‍’ കൃത്യമായി എഴുതിയാല്‍ നിങ്ങള്‍ക്കു കുറച്ചൊക്കെ മാര്‍ക്ക് ലഭിക്കും.
22    പരീക്ഷ എഴുതിക്കഴിയുമ്പോള്‍ അവസാനം അഞ്ചോ പത്തോ മിനിറ്റ് സമയം ബാക്കിയുണ്ടായിരിക്കണം. ഉത്തരക്കടലാസ് മൊത്തത്തില്‍ ഓടിച്ചുനോക്കാനും എഴുതാതെവിട്ട ഉത്തരങ്ങള്‍ എഴുതാനും ഈ സമയം ഉപകരിക്കും.
23    എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാനുള്ള നിര്‍ബന്ധബുദ്ധി കാണിക്കണം. ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിങ്ങള്‍ക്ക് അറിയില്ലെങ്കിലും ഉത്തരത്തിന് സമാനമായ എന്തെങ്കിലും എഴുതിവയ്ക്കുക. പേപ്പര്‍ നോക്കുന്നയാള്‍ ചിലപ്പോള്‍ നിങ്ങളോട് ഔദാര്യം കാണിച്ചെന്നുവരാം. എപ്ലസ് ലഭിക്കാനോ എ ഗ്രേഡ് ലഭിക്കുന്നതിനോ രണ്ടോ മൂന്നോ മാര്‍ക്കേ കുറവുള്ളൂവെങ്കില്‍, നിങ്ങളെഴുതിയ ശരിയല്ലാത്ത ഉത്തരത്തിന് അദ്ദേഹം ‘ഫ്രീ’യായി മാര്‍ക്ക് നല്‍കും.
24    കോപ്പിയടി പാടില്ല. മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കാനേ അതുപകരിക്കൂ. അടുത്തിരിക്കുന്നവരുടേത് നോക്കിയെഴുതാതെ പഠിച്ചത് സ്വസ്ഥമായി എഴുതാന്‍ ശ്രമിക്കുക.
25    ഫോര്‍മുലകളും മറ്റും ഓര്‍ത്തുവയ്ക്കാനുള്ള കുറുക്കുവഴികള്‍ സ്വീകരിക്കാം. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് മുഗള്‍ ഭരണാധികാരികളെ ഓര്‍ത്തിരുന്നത് ‘ആഒഅഖടഅആ’ എന്ന പൊടിക്കൈ കൊണ്ടായിരുന്നു. ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസേബ്, ബഹദൂര്‍ഷ എന്ന് ക്രമമായി മനസ്സില്‍ ഓടിയെത്തും. ഇത്തരം ചെപ്പടിവിദ്യകള്‍ കൂട്ടുകാരുമായി ആലോചിച്ച് കണ്ടെത്തുക.
26    എല്ലാറ്റിനും അടുക്കും ചിട്ടയും വേണം. തികഞ്ഞ  ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെ നേരിടണം. ദൈവത്തോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. വിജയം സുനിശ്ചിതം.

തയ്യാറാക്കിയത്്  : എ ആര്‍ കൊടിയത്തൂര്‍ (ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂര്‍)

 

 

രക്ഷിതാക്കള്‍ശ്രദ്ധിക്കേണ്ടത

വാര്‍ഷിക പരീക്ഷ അടുത്തിരിക്കെ മാതാപിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കാനാവണം. കുട്ടിക്ക് ഒരു താങ്ങായി, തണലായി, ആത്മവിശ്വാസം പകരുന്ന സഹായിയായി വരുംദിവസങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ പാഠഭാഗം ഹൃദിസ്ഥമാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പിന്‍ബലം നല്‍കി പ്രവര്‍ത്തിക്കാന്‍ കഴിയണം.

താഴെപറയുന്ന 10 കാര്യങ്ങള്‍ രക്ഷിതാക്കള്‍
നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്.

ആത്മവിശ്വാസം നല്‍കുക
കുട്ടികള്‍ക്ക് എല്ലാവിധത്തിലുള്ള സ്‌നേഹവും പരിചരണവും മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ട സമയമാണിത്. തന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പഠനപ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ മാതാവും പിതാവും തന്നോടൊപ്പമുണ്ട് എന്ന വിശ്വാസം ഉള്ളിലുള്ള കുട്ടിക്ക് ആത്മവിശ്വാസത്തോടുകൂടി പഠിച്ച് പരീക്ഷ നന്നായി എഴുതാനാവും. പഠനരീതിയിലും പഠനവേഗത്തിലുമെല്ലാം കുട്ടികള്‍ ഏറെ വ്യത്യസ്തരായിരിക്കും. അക്കാരണത്താല്‍ തന്നെ മറ്റു കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലുകള്‍ക്കോ കുറ്റപ്പെടുത്തലുകള്‍ക്കോ പ്രസക്തിയില്ല.

നൂതന പരീക്ഷാരീതികള്‍ അറിയുക
നിലവിലുള്ള പരീക്ഷാരീതികളൊന്നും എനിക്കറിയില്ല എന്നു പറഞ്ഞ് രക്ഷിതാക്കള്‍ ഒഴിഞ്ഞുമാറരുത്. പഠനം എങ്ങനെ നടത്തണം, പരീക്ഷയെ എങ്ങനെ നേരിടണം, എങ്ങനെ പരിശീലിക്കണം, പരീക്ഷയ്ക്ക് ലഭ്യമായ സമയം എങ്ങനെ നന്നായി ഉപയോഗിക്കണം എന്നൊക്കെ മക്കളെ ഉപദേശിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.

3 താങ്ങാവുക, തണലാവുക
രക്ഷിതാക്കള്‍ സദാ താങ്ങായി കൂടെയുണ്ടെന്ന് മക്കള്‍ക്കു തോന്നണം. അവരെ തലോടുക. പഠനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സ്‌നേഹത്തോടെ ചോദിച്ചറിഞ്ഞ് അവര്‍ക്കുകൂടി സ്വീകാര്യമായ പരിഹാരത്തിനു ശ്രമിക്കണം.

ഒന്നും അടിച്ചേല്‍പ്പിക്കരുത്
ഓരോ കുട്ടിക്കും അവരുടേതായ മികവുകളും പരിമിതികളും ഉണ്ടായിരിക്കും. മാതാപിതാക്കള്‍ പഠിക്കാനുപയോഗിച്ച തന്ത്രങ്ങള്‍ മക്കളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പരീക്ഷക്കാലത്ത് രക്ഷിതാക്കള്‍ മക്കളുടെ പിറകേ നടന്ന് ”പഠിക്ക്, പഠിക്ക്” എന്നു പറഞ്ഞ് ശല്യംചെയ്യരുത്. ഇങ്ങനെ ചെയ്യുന്നത് ദോഷമായി ഭവിക്കും. ഇവിടെ രക്ഷിതാക്കള്‍ മക്കളോട് തുറന്നു സംസാരിച്ച് പഠിക്കാനുള്ള സാഹചര്യം തന്ത്രപരമായി ഒരുക്കുകയാണ് ചെയ്യേണ്ടത്. വര്‍ധിച്ച ദേഷ്യവും കുറ്റപ്പെടുത്തലും ഒഴിവാക്കണം. ശാന്തമായ പഠനാന്തരീക്ഷം വീട്ടില്‍ ഒരുക്കുക. ഓര്‍ക്കുക, പരീക്ഷാദിനം വരെ വീട്ടിലെ ഒരു കാര്യത്തിലും കുട്ടികള്‍ക്ക് ഉത്തരവാദിത്തം നല്‍കരുത്.

യുദ്ധമല്ല പരീക്ഷ
പരീക്ഷ ജീവന്‍മരണ പോരാട്ടമാണെന്ന രീതിയില്‍ കുട്ടികളോട് സംസാരിക്കരുത്. കുട്ടിയുടെ മാനസികവും വൈകാരികവുമായ കാര്യങ്ങള്‍ തിരിച്ചറിയുക, അതിനനുസൃതമായി അവരോട് പെരുമാറുക.

parent-and-child

റിവിഷന്‍
സമയം ക്രമീകരിച്ച് റിവിഷന്‍ പഠനത്തിന് അവസരമൊരുക്കുക. പഴയ ചോദ്യപേപ്പറുകള്‍ നോക്കി ട്രയല്‍ എക്‌സാം നടത്താം. പ്രയാസമേറിയ പാഠഭാഗങ്ങള്‍ ചോദിച്ചറിഞ്ഞ് ആവശ്യമായ സഹായം നല്‍കുക.

കരുതല്‍ വീട്ടിനകത്ത്
ശാന്തമായ പഠനാന്തരീക്ഷം വീട്ടില്‍ ഒരുക്കുക. കുട്ടികളുടെ മനസ്സില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന വാക്കുകള്‍ പറയരുത്. മനസ്സിന് ആശ്വാസം പകരുന്ന കാര്യങ്ങള്‍ സംസാരിക്കുക.

രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യം
പരീക്ഷാദിനം വരെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യമാണ്. അവരെ ശാന്തമായി വിളിച്ചുണര്‍ത്തിയിട്ട് ദിനകൃത്യങ്ങളിലോ വായനയിലോ മുഴുകാം. വീണ്ടും അവര്‍ ഉറങ്ങാന്‍ പോവരുത്. പരീക്ഷ കഴിയുംവരെ വിനോദയാത്ര, സിനിമ, ടിവി തുടങ്ങിയവയില്‍ നിന്ന് വീട്ടുകാര്‍ ഗുഡ്‌ബൈ പറയണം. കുട്ടിയെ മാത്രം പഠനമുറിയില്‍ തളയ്            ക്കരുത്.

പരീക്ഷക്കാലത്ത് ശ്രദ്ധിക്കേണ്ടവ
പഠനപ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കി കുട്ടികളുടെ ദിനചര്യകള്‍ ക്രമീകരിക്കണം. കുട്ടികളുടെ ആരോഗ്യം, ഭക്ഷണം എന്നിവയില്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിത ഭക്ഷണവും അല്‍പ ഭക്ഷണവും അനാരോഗ്യത്തിന് കാരണമാവും. പോഷകസമൃദ്ധമായ ഭക്ഷണം നല്‍കണം. വേനല്‍ക്കാലമായതിനാല്‍ തിളപ്പിച്ചാറിച്ച വെള്ളം ധാരാളം കുടിക്കാന്‍ നിര്‍ദേശിക്കണം. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഉപയോഗിക്കണം. കൊഴുപ്പു കൂടിയതും വറുത്തതുമായ ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം. വിവാഹം, ഗൃഹപ്രവേശം, ഉല്‍സവങ്ങള്‍ തുടങ്ങിയ ആഘോഷപരിപാടിയില്‍ നിന്നും കുട്ടികളെ ഒഴിവാക്കണം.
10 പരീക്ഷാ ദിവസങ്ങളില്‍
പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടി നേരത്തേ തന്നെ എത്തിയെന്ന് ഉറപ്പുവരുത്തണം. പരീക്ഷയ്ക്കുശേഷം വീട്ടില്‍ എത്തുന്ന കുട്ടിയെ ഓരോ ചോദ്യവും ചോദിച്ച് സമ്മര്‍ദ്ദത്തിലാക്കരുത്. കഴിഞ്ഞത് കഴിഞ്ഞു. അടുത്ത ദിവസത്തെ വിഷയം പഠിച്ചാല്‍ മതി. എല്ലാ പരീക്ഷകളും കഴിഞ്ഞ് ചോദ്യപേപ്പറുകളുടെ വിശകലനമാവാം. ഒരു പരീക്ഷ വിഷമമുള്ളതായി തോന്നിയാല്‍ പേടിക്കേണ്ട എന്ന് കുട്ടിയോടു പറയണം.

ജോസ് ചന്ദനപ്പള്ളി  (പട്ടം സെന്റ് മേരീസ് ടിടിഐ മുന്‍ പ്രിന്‍സിപ്പലാണ് ലേഖകന്‍)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 648 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day